അരുണാചലിനെച്ചൊല്ലി ബഹളവും ഇറങ്ങിപ്പോക്കും
ന്യൂഡല്‍ഹി: ബി.ജെ.പിയിതര പാര്‍ട്ടികള്‍ അധികാരത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളെ കേന്ദ്രം അസ്ഥിരപ്പെടുത്തുകയാണെന്നു പ്രതിപക്ഷം ആരോപിച്ചു. ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് അരുണ്‍ചല്‍പ്രദേശ്, ഉത്താരഖണ്ഡ് വിഷയങ്ങള്‍ ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി രംഗത്തുവന്നത്.
എന്നാല്‍ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളി. ആരോപണങ്ങള്‍ക്കു പരിഹാസ രൂപേണയുള്ള മറുപടി നല്‍കിയ രാജ്‌നാഥിന്റെ കോണ്‍ഗ്രസ് തുള വീണു മുങ്ങിക്കൊണ്ടിരിക്കുന്ന വഞ്ചിയാണെന്ന പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ നിന്നിറങ്ങിപ്പോയി. കോണ്‍ഗ്രസിനുള്ളിലെ പോര് മാത്രമാണ് പ്രതികൂല സാഹചര്യങ്ങള്‍ക്കു കാരണമായതെന്നു രാജ്‌നാഥ് പറഞ്ഞു. ഉത്തരാഖണ്ഡില്‍ ഒന്‍പതു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തന്നെ സര്‍ക്കാരിനെതിരേ നിന്നു. അരുണാചലില്‍ മൂന്നില്‍ രണ്ടു ഭാഗം പേരും എതിര്‍പ്പുന്നയിച്ചു.
തുളയുള്ള വഞ്ചി വെള്ളത്തിലിറക്കിയാല്‍ അതു മുങ്ങുക തന്നെ ചെയ്യും. അതിനു വെള്ളത്തെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെന്ന് രാജ്‌നാഥ് കൂട്ടിച്ചേര്‍ത്തു. സംസ്ഥാന വിഷയങ്ങള്‍ ഉന്നയിക്കാന്‍ സഭാ നടപടികള്‍ നിര്‍ത്തിവച്ചു ചര്‍ച്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസില്‍ നിന്നു ജ്യോതിരാദിത്യ സിന്ധ്യയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നോട്ടിസ് നല്‍കിയിരുന്നു. ഇതു നിഷേധിച്ച സ്പീക്കര്‍ സുമിത്രാ മഹാജന്‍ ശൂന്യവേളയില്‍ വിഷയം ഉന്നയിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. അരുണാചല്‍പ്രദേശ് വിഷയത്തില്‍ സുപ്രിംകോടതി വിധി ഉയര്‍ത്തിപ്പിടിച്ചാണ് കോണ്‍ഗ്രസ് ഭരണപക്ഷത്തെ നേരിട്ടത്. അവസരം കിട്ടുമ്പോഴൊക്കെ കോണ്‍ഗ്രസ് സംസ്ഥാനങ്ങളെ അട്ടിമറിച്ച് പകരം ബി.ജെ.പിയെ ഭരണത്തിലെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."