പരസ്യപ്രചാരണത്തിന് ഇന്ന് കൊടിയിറക്കം
മലപ്പുറം: ഒന്നര മാസത്തോളം നീണ്ട വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഇന്ന് സമാപനം. വൈകിട്ട് അഞ്ചിനു പരസ്യപ്രചാരണം അവസാനിക്കും. നാളത്തെ നിശബ്ദ പ്രചാരണത്തിനു ശേഷം ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിനുള്ള തയാറെടുപ്പുകളെല്ലാം തെരഞ്ഞെടുപ്പ് കമ്മിഷന്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു.
സംസ്ഥാനത്തെ മറ്റു ലോക്‌സഭാ മണ്ഡലങ്ങളെ അപേക്ഷിച്ച് നേരത്തെ സ്ഥാനാര്‍ഥികളായതും പ്രചാരണം ആരംഭിച്ചതും മലപ്പുറത്തും പൊന്നാനിയിലുമാണ്. സി.പി.എമ്മും മുസ്‌ലിംലീഗും നേരത്തെ സ്ഥനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ജില്ല നേരത്തെ തന്നെ പ്രചാരണ ചൂടിലേക്ക് പ്രവേശിച്ചു.
ഒന്നര മാസം മുന്‍പ് തുടങ്ങിയ പ്രചാരണം അന്തിമഘട്ടത്തിലെത്തി. പ്രചാരണത്തിനു സമയം കിട്ടിയില്ലെന്ന പരാതിയും ആശങ്കയും ഇത്തവണ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കില്ല. നിയമസഭാ മണ്ഡലങ്ങളില്‍ മൂന്നാംഘട്ട പര്യടനം വരെ സ്ഥാനാര്‍ഥികള്‍ പൂര്‍ത്തിയാക്കി. തിളയ്ക്കുന്ന വെയിലിലും സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും പ്രചാരണാവേശം കൈവിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിഷയങ്ങള്‍ ഏറെയുണ്ടായിരുന്നു.
നാടിടളക്കിയുള്ള പ്രചാരണത്തിന്റെ അവസാനഘട്ടത്തിലും മികച്ച മുന്നേറ്റമുണ്ടാകുമെന്നാണ് ഇരുമുന്നണികളുടെയും ആത്മവിശ്വാസം.
നഗരങ്ങളില്‍ കലാശക്കൊട്ടിന് നിയന്ത്രണം
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് വൈകീട്ട് അഞ്ചിന് അവസാനിക്കാനിരിക്കേ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള അവസാനഘട്ട പ്രചാരണത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പ്രാദേശികമായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം വിളിച്ച് ചേര്‍ത്ത് ഇക്കാര്യം പൊലിസ് അറിയിച്ചിട്ടുണ്ട്.
പെരിന്തല്‍മണ്ണ, താനൂര്‍, തിരൂര്‍ നഗരങ്ങളില്‍ കലാശക്കൊട്ടിന് അനുമതി നല്‍കിയിട്ടില്ല. മലപ്പുറം നഗരത്തില്‍ ട്രാഫിക് സര്‍ക്കിളിന് സമീപത്തേക്ക് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് പ്രവേശനം നല്‍കില്ല. ഓരോ ഭാഗത്തേക്കുമുള്ള റോഡുകള്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി പ്രചാരണത്തിനായി അനുവദിച്ചിട്ടുണ്ട്. അതത് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലാണ് ക്രമീകരണം വരുത്തിയിട്ടുള്ളത്. തിരൂര്‍, പൊന്നാനി നഗരങ്ങളില്‍ വൈകീട്ട് മൂന്നിന് ശേഷം പ്രചാരണ വാഹനം പ്രവേശിക്കുന്നതിനും വിലക്കുണ്ട്. തീരദേശ മേഖലകളിലും കലാശക്കൊട്ടിന് അനുമതി നല്‍കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."