വികസന സെമിനാര്‍ 145 കോടി രൂപയുടെ പദ്ധതികള്‍ക്ക് രൂപം നല്‍കി കോര്‍പ്പറേഷന്‍
തൃശൂര്‍: പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള തൃശൂര്‍ കോര്‍പ്പറേഷന്റെ പദ്ധതി രൂപീകരണ വികസന സെമിനാര്‍ 145 കോടി രൂപയുടെ പദ്ധതികള്‍ക്ക് രൂപം നല്‍കി. പ്ലാന്‍ ഫണ്ട് ഇനത്തില്‍ 71.48 കോടി രൂപയും മെയിന്റനന്‍്‌സ് ഗ്രാന്റിനത്തില്‍ 17.13 കോടി രൂപയും തനത് ഫണ്ടും കേന്ദ്ര, സംസ്ഥാനവിഹിതങ്ങളും ചേര്‍ത്താണ് 2017-18 വാര്‍ഷികപദ്ധതിയില്‍ 145 കോടിയുടെ പ്രോജക്ടുകള്‍ക്ക് രൂപം നല്‍കിയത്. മാലിന്യ സംസ്‌കരണം അഞ്ചു കോടി, വനിതാക്ഷേമം 3.3 കോടി, വൃദ്ധര്‍, ശിശുക്കള്‍ എന്നിവരുടെ ക്ഷേമം എന്നിവയ്ക്കും പ്രോജക്ടുകള്‍ തയ്യാറാക്കി. ഉല്പാദനമേഖലയില്‍ നെല്ലുല്പാദനം വര്‍ധിപ്പിക്കുന്നതിനും വിഷരഹിത പച്ചക്കറി ഉല്പാദനത്തിനുമാണ് പ്രാധ്യാനം. 3.2 കോടി രൂപയുടെ പദ്ധതികള്‍ തയ്യാറാക്കും. ഭിന്നശേഷിയുള്ളവര്‍ക്ക് സ്‌കോളര്‍ഷിപ്പ്, പാലിയേറ്റീവ് കെയര്‍, വയോമിത്രം തുടങ്ങിയ പദ്ധതികളും രൂപീകരിച്ചു.
സേവനമേഖലയില്‍ ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, സാമൂഹികനീതി, ചേരി പരിഷ്‌കരണം എന്നീ മേഖലകളിലായി 45 കോടിയും പാശ്ചാത്തലവികസനത്തിനായി 40 കോടിയും പട്ടികജാതി ക്ഷേമത്തിന് 10 കോടിയും വകയിരുത്തി. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷനുമായി സഹകരിച്ച് പാര്‍പ്പിടപദ്ധതികളും ആര്‍ദ്രം മിഷനുമായി സഹകരിച്ച് ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങളും ഹരിതകേരളം, പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം എന്നിവയും ഈ പഞ്ചവത്സര പദ്ധതിക്കാലത്ത് നടപ്പാക്കും. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ചെറുകിട വ്യവസായ മേഖലയില്‍ തൃശൂരിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്ത് പദ്ധതികള്‍ തയ്യാറാക്കും.
കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് ഉപയോഗിച്ച് നഗരസൗന്ദര്യവത്കരണത്തിനും നഗരത്തിലെ പൊതുസേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമുണ്ട്. വിട്ടുകിട്ടിയ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനും സേവനം മെച്ചപ്പെടുത്തുന്നതിനും റോഡിതര മെയിന്റനന്‍സ് ഗ്രാന്റ് ഉപയോഗിച്ചുള്ള പദ്ധതികളും ആവിഷ്‌കരിക്കും. കോര്‍പ്പറേഷന്‍ ഫണ്ട് ഓഫീസ് സംവിദാനത്തോടുകൂടി നവീകരിക്കുന്നതിന് എല്ലാ വിഭാഗങ്ങളിലും കമ്പ്യൂട്ടറൈസേഷന്‍ നടത്തി ഓഫീസ് സേവനം മെച്ചപ്പെടുത്തുവാനും പദ്ധതി വിഭാവനം ചെയ്യുന്നു.
സി.എന്‍.ജയദേവന്‍ എം.പി. വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷയായി. പ്ലാന്‍ കോര്‍ഡിനേറ്റര്‍ ടി.കെ. സോമന്‍ പദ്ധതി വിശദീകരിച്ചു. ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി, പ്രതിപക്ഷനേതാവ് എം.കെ. മുകുന്ദന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."