ജലസ്രോതസ് സംരക്ഷിക്കാന്‍ ജനകീയകൂട്ടായ്മ
കാഞ്ഞങ്ങാട്: നാടു വരണ്ടുണങ്ങുമ്പോള്‍ അവശേഷിക്കുന്ന ജലസ്രോതസുകള്‍ സംരക്ഷിക്കാന്‍ മാതൃകയായി ജനകീയകൂട്ടായ്മ. അജാന്നൂര്‍ പടിഞ്ഞാറെക്കരയിലാണു കാടുമൂടിക്കിടന്ന കുളം വൃത്തിയാക്കിയെടുക്കാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങിയത്. പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളും കുട്ടികളുമടക്കം ശ്രമദാനത്തില്‍ പങ്കാളികളായി.
പടിഞ്ഞാറേക്കരയിലെ പാലക്കിവീട്ടിലെ കുളമാണു നാട്ടുകാരുടെ കൂട്ടായ്മയില്‍ വൃത്തിയാക്കിയത്. കുളങ്ങള്‍ സംരക്ഷിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്രത്യേകമായി പദ്ധതികളുണ്ടെങ്കിലും അതിനൊന്നും കാത്തുനില്‍ക്കാതെ ജനം ജലസംരക്ഷണത്തിനായി മുന്നിട്ടിറങ്ങുകയായിരുന്നു. അന്‍പതിലധികം പേരാണ് ശ്രമദാനത്തില്‍ പങ്കെടുത്തത്. പായലും വള്ളിപ്പടര്‍പ്പുകളും നിറഞ്ഞിരുന്ന കുളം പൂര്‍ണമായും വൃത്തിയാക്കി വെള്ളം പമ്പു ചെയ്തു ചെളിയത്രയും നീക്കി കുളം ഉപയോഗ്യമാക്കി.
ഒരു കാലത്ത് കുട്ടികള്‍ നീന്തല്‍ പരിശീലിക്കാനും സമീപത്തുള്ള വയലുകളിലെ കൃഷിയിടം മുഴുവന്‍ ജലസേചനത്തിനുമായി ഉപയോഗിച്ചിരുന്ന കുളമായിരുന്നു ഇത്. സംരക്ഷിക്കപ്പെടാതെ കാടുമൂടിക്കിടക്കുന്ന കുളത്തിന്റെ അവസ്ഥ നാട്ടുകാര്‍ പഞ്ചായത്ത് അധികാരികളെ ബോധ്യപ്പെടുത്തിയിരുന്നു. പഞ്ചായത്ത് മെമ്പര്‍ ഹമീദ് ചേരക്കാടത്ത് ഇക്കാര്യത്തില്‍ പൂര്‍ണസഹകരണവുമായി രംഗത്തു വരുകയും ചെയ്തു.
പഞ്ചായത്തില്‍ നിന്നു പദ്ധതിയാകും മുമ്പു തന്നെ ഈ പ്രദേശത്തെ കൃഷിയിടങ്ങള്‍ ഉണങ്ങിക്കരിയുന്നതൊഴിവാക്കാന്‍ കുളം വൃത്തിയാക്കിയെടുക്കാന്‍ നാട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. രാജന്‍ പടിഞ്ഞാറേക്കര, ബിജു കുതിരുമ്മല്‍, ചന്ദ്രന്‍, കുഞ്ഞികൃഷ്ണന്‍, ഭാഗ്യരാജ്, മധു, ശരത് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."