ലക്ഷ്യങ്ങള്‍ വിശദീകരിച്ച് ബജ്‌രംഗ്ദളിന്റെ ലഘുലേഖ
പുല്‍പ്പള്ളി: ലക്ഷ്യങ്ങള്‍ വിശദീകരിച്ച് ബജ്‌രംഗ്ദളിന്റെ ലഘുലേഖ. പുല്‍പ്പള്ളിയില്‍ നടക്കുന്ന ബജ്‌രംഗ്ദള്‍ സംസ്ഥാന ശൗര്യ പ്രശിക്ഷണ്‍ വര്‍ഗിന്റെ പേരില്‍ താഴെക്കിടയിലുള്ള പ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്യാനായി പുറത്തിറക്കിയ ലഘുലേഖയിലാണ് തങ്ങളുടെ ലക്ഷ്യങ്ങള്‍ എന്തെന്ന് ബജ്‌രംഗ്ദള്‍ വ്യക്തമാക്കുന്നത്.
പ്രിയ ബന്ധു എന്ന് അഭിസംബോധന ചെയ്ത് തുടങ്ങുന്ന ലഘുലേഖയില്‍ യുവാക്കള്‍ക്കായി ബജ്‌രംഗദള്‍ ഇത്തരമൊരു ക്യാംപ് നടത്തുന്നതിന്റെ ലക്ഷ്യങ്ങള്‍ ആദ്യമായി വിശദീകരിച്ചിരിക്കുന്നുണ്ട്. ''ഭാരതത്തില്‍ ഹിന്ദുത്വ മുന്നേറ്റത്തിനനുകൂലമായ ഒരു കാവിതരംഗം അലയടിച്ചുകൊണ്ടിരിക്കുകയാണ്. ഹിന്ദുവിന്റെ നെടുനാളത്തെ തീവ്ര അഭിലാഷമായ രാമക്ഷേത്രം നിര്‍മിക്കുവാന്‍ അയോധ്യ ഒരുങ്ങിക്കഴിഞ്ഞു.
ഭാരത്തതിന്റെ ഗതിവേഗത്തോട് ചേര്‍ന്നുനില്‍ക്കാന്‍ കേരളം ഇനിയും മുന്നേറേണ്ടതുണ്ട്. കേരളത്തില്‍ സംഘടിത ഇസ്‌ലാമിക മതമൗലിക ശക്തികള്‍ അതിന്റെ ഭീമാകാരരൂപം പൂണ്ടുകഴിഞ്ഞു. ലൗജിഹാദ് പോലുള്ള പ്രണയക്കെണികള്‍ കേരളത്തില്‍ വ്യാപകമായിരിക്കുന്നു. ഇതിനെ ചെറുക്കാനും തോല്‍പിക്കുവാനും ഹിന്ദുയുവതയെ സജ്ജമാക്കേണ്ടതുണ്ട്. ഏത് പ്രതികൂല സാഹചര്യത്തേയും നേരിടുവാന്‍ അതികഠിന പരിശീലനം നല്‍കി സമര്‍ഥരായ യുവാക്കളെ കണ്ടെത്തി പങ്കെടുപ്പിക്കുവാന്‍ വേണ്ട പ്രവര്‍ത്തനം നടന്നുവരുന്നുണ്ടെന്ന് കരുതുന്നു'', എന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദേശങ്ങളില്‍ ക്യാംപ് ഫീസ് 100 രൂപയാണെന്നും ബജ്‌രംഗ്ദള്‍ യൂനിഫോം കൊണ്ടുവരണമെന്നും പ്രത്യേകം പറയുന്നുണ്ട്.
ക്യാംപില്‍ പങ്കെടുക്കുകയാണെങ്കില്‍ മുഴുവന്‍ ദിവസവും ക്യാംപിന്റെ ഭാഗമായിരിക്കണമെന്നും 12ാം തീയതി ദീക്ഷാന്തസമാരോപിന് ശേഷം മാത്രമേ തിരിച്ചുപോകാന്‍ കഴിയുകയുള്ളൂവെന്നും നിര്‍ദേശങ്ങളില്‍ പ്രത്യേകം പറയുന്നുണ്ട്. സമര്‍ഥരായ യുവാക്കളെ അതികഠിനമായ പരിശീലനം നല്‍കി സമൂഹത്തില്‍ വിന്യസിക്കുകയാണ് ലക്ഷ്യമെന്നതിനാല്‍ ആരോഗ്യപ്രശ്‌നമുള്ളവര്‍ ക്യാംപില്‍ പങ്കെടുക്കേണ്ടതില്ലെന്നും പ്രത്യേകം പറഞ്ഞിട്ടുണ്ട്.
വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ബജ്‌രംഗ്ദള്‍ സംസ്ഥാന ഘടകം സംഘടിപ്പിക്കുന്ന ക്യാംപ് വയനാട് ജില്ലയിലെ പുല്‍പ്പള്ളിയില്‍ മെയ് അഞ്ചു മുതല്‍ 12 വരെയാണ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."