കെ.എസ്.ആര്.ടി.സി മെക്കാനിക്കല്‍ ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ യൂനിയന്‍ നേതാക്കളുടെ ഒത്തുതീര്‍പ്പ് അവഗണിച്ച് ഒരു വിഭാഗം മെക്കാനിക്കല്‍ ജീവനക്കാര്‍ നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു. മാനേജിങ് ഡയറക്ടര്‍ എം.ജി.രാജമാണിക്യവുമായി ജീവനക്കാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. കഴിഞ്ഞദിവസം ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ സമരം പിന്‍വലിക്കാന്‍ യൂനിയന്‍ നേതാക്കള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഒരുവിഭാഗം സമരം തുടരുകയായിരുന്നു. ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം പിന്‍വലിച്ച് സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. കോര്‍പറേഷനെ രക്ഷിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച പ്രഫ. സുശീല്‍ഖന്ന സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡബിള്‍ ഡ്യൂട്ടി നിര്‍ത്തലാക്കിയത്.
ഒരു വിഭാഗം മെക്കാനിക്കല്‍ ജീവനക്കാരുടെ സമരം തുടര്‍ന്നതോടെ സമരക്കാരെ നേരിടാന്‍ കടുത്ത നടപടികളാണ് എം.ഡി കൈക്കൊണ്ടത്. ബസ് നിര്‍മാതാക്കളായ ടാറ്റ, അശോക് ലൈലന്‍ഡ് എന്നിവയുടെ സര്‍വിസ് സെന്ററുകളിലെ ജീവനക്കാരെ ഉപയോഗിച്ച് ബസുകളുടെ അറ്റകുറ്റപ്പണി നടത്താനുള്ള നീക്കങ്ങള്‍ നടത്തി. സമരം അക്രമാസക്തമായാല്‍ ബസുകള്‍ ഓടിക്കാന്‍ പൊലിസ് സഹായം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് പൊലിസ് മേധാവിക്ക് കത്തും നല്കി. സമരം തുടരുന്നതിനിടെ ഡയസ്നോണും പ്രഖ്യാപിച്ചു. ഇതോടെ മെക്കാനിക്കല്‍ ജീവനക്കാര്‍ ചര്‍ച്ചക്ക് തയാറാവുകയായിരുന്നു. തൊഴിലാളി യൂനിയനുകളുമായി ധാരണയിലെത്തിയ ഷിഫ്റ്റ് സമ്പ്രദായത്തില്‍ മാറ്റമുണ്ടാവില്ല. എന്നാല്‍ അപാകതകള്‍ പരിഹരിക്കാനുള്ള നടപടികള്‍ ഉണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."