വിഴിഞ്ഞത്ത് നങ്കൂരമിട്ട ഗുജറാത്തി ടഗ്ഗ് വാര്‍ഫിലെ നങ്കൂരം തകര്‍ത്തു
കോവളം: വിഴിഞ്ഞത്തെ പഴയ വാര്‍ഫിനോട് ചേര്‍ന്ന് കടലില്‍ നങ്കൂരമിട്ടിരുന്ന ഗുജറാത്തി ടഗ്ഗ് കഴിഞ്ഞ ദിവസം പഴയവാര്‍ഫിലെ നങ്കൂരവും തകര്‍ത്തു. ഇതോടെ മത്സ്യബന്ധന തുറമുഖത്തെ രണ്ട് വാര്‍ഫിനും നഷ്ടം വരുത്തിയ കൂറ്റന്‍ ടഗ്ഗ് ഏത് സമയവും നിയന്ത്രണം വിടാമെന്ന സ്ഥിതിയിലാണ്. ടഗ്ഗ് നങ്കൂരം തകര്‍ത്ത് നീങ്ങിയാല്‍ മത്സ്യബന്ധന തുറമുഖത്ത് മീന്‍ പിടിക്കാന്‍ നിരത്തി ഇട്ടിരിക്കുന്ന വള്ളങ്ങളെയും തകര്‍ത്തേയ്ക്കുമെന്നത് മത്സ്യത്തൊഴിലാളികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇന്ധനവും വെള്ളവും തീര്‍ന്നെന്ന പേരില്‍ മാസങ്ങള്‍ക്ക് മുന്‍പ് സഹായം തേടി വിഴിഞ്ഞത്തടുത്ത ബ്രഹ്മാക്ഷര എന്ന ടഗ്ഗാണ് അധികൃതര്‍കകും മത്സ്യതൊഴിലാളികള്‍ക്കും ് തലവേദനയായി തുടരുന്നത്. പോര്‍ട്ടിന് വാടക ലഭിക്കുമെന്നു കരുതിയാണ് പുതിയ വാര്‍ഫില്‍ നങ്കൂരമിടാന്‍ അനുവാദം നല്‍കിയതെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും ബന്ധപ്പെട്ടവര്‍ തിരിഞ്ഞ് നോക്കിയില്ല.
വാടകയും ലഭിക്കാതായതോടെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും ആരുമെത്തിയില്ല. അനാഥമായ ടഗ്ഗ് രണ്ട് മാസം മുന്‍പ് പുതിയ വാര്‍ഫിന്റെ ഒരു വശവും നങ്കൂരവും തകര്‍ത്തിരുന്നു.ശക്തമായ തിരയില്‍ ടഗ്ഗ് വാര്‍ഫുമായി കൂട്ടിയിടിക്കുന്നത് പുതിയ വാര്‍ഫിന് ബലക്ഷയമുണ്ടാക്കുമെന്ന് കണ്ടാണ് ടഗ്ഗ് പഴയ വാര്‍ഫിലേക്ക് മാറ്റിയത്.
തിരയില്‍ ശക്തമായി ആടിയുലയുന്ന ടഗ്ഗിനെ ബന്ധിപ്പിച്ച് നിര്‍ത്താനുള്ള ശ്രമം വൈകിയും തുടരുകയാണ്. ഇതിനായി എത്തിച്ച കൂറ്റന്‍ വടങ്ങളില്‍ പലതും പൊട്ടി. അപകടാവസ്ഥയിലാണെങ്കിലും ടഗ്ഗിന് തീരം വിടണമെങ്കില്‍ കോടതി വിധിയടക്കം നിരവധി കടമ്പകള്‍ കടക്കണം. ലക്ഷങ്ങളുടെ ബാധ്യത ഒത്തുതീര്‍ക്കുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."