ഹരിത കേരളം പദ്ധതി: ജൂണില്‍ കോടി വൃക്ഷത്തൈകള്‍ നടും
തിരുവനന്തപുരം: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി അടുത്ത മാസം സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈകള്‍ നടുന്നു. വനം-കൃഷി വകുപ്പുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിക്ക് പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗം പദ്ധതി നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അവലോകനം ചെയ്തു.
ജൂണ്‍ മാസം കേരളത്തില്‍ വൃക്ഷത്തൈ നടല്‍ മാസമായി മാറ്റാനാണ് പരിപാടി. തണല്‍ മരങ്ങള്‍, ഫലവൃക്ഷങ്ങള്‍, ഔഷധ സസ്യങ്ങള്‍ എന്നിവയാണ് നട്ടുപിടിപ്പിക്കുന്നത്. സംസ്ഥാനത്ത് സര്‍ക്കാര്‍ ഭൂമിയിലുള്ള ജലം ഊറ്റിയെടുക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്‍ഡിസ് മുതലായ മരങ്ങള്‍ വെട്ടിക്കളഞ്ഞ് പകരം നല്ല മരങ്ങള്‍ വച്ചുപിടിപ്പിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന മരങ്ങള്‍ വെട്ടിമാറ്റുന്ന പരിപാടിക്കും ജൂണ്‍ അഞ്ചിന് തുടക്കമാകും. കേന്ദ്ര -സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥലത്ത് അതത് സ്ഥാപനങ്ങളുടെ സഹകരണത്തോടെ മരം വച്ചുപിടിപ്പിക്കാനും യോഗം തീരുമാനിച്ചു.
വിദ്യാഭ്യാസ വകുപ്പും തദ്ദേശസ്വയം ഭരണ വകുപ്പും ചേര്‍ന്ന് വിദ്യാലയങ്ങള്‍ വഴിയും പഞ്ചായത്ത്, കുടുംബശ്രീ, സന്നദ്ധസംഘടനകള്‍ എന്നിവ വഴിയും വൃക്ഷത്തൈകള്‍ വിതരണം ചെയ്യും. പരിസ്ഥിതി വകുപ്പിന്റെ കൂടി പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കായി 72 ലക്ഷം വൃക്ഷത്തൈകള്‍ വനം വകുപ്പും അഞ്ചു ലക്ഷം തൈകള്‍ കൃഷി വകുപ്പും തയ്യാറാക്കിയിട്ടുണ്ട്. ബാക്കി 23 ലക്ഷം തൈകള്‍ കുടുംബശ്രീ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ സഹകരണത്തോടെ സംഘടിപ്പിക്കും.
40 ലക്ഷം മരങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. ഓരോ വിദ്യാര്‍ഥിക്കും ഓരോ മരം സൗജന്യമായി നല്‍കും. അവ കുട്ടികള്‍ വീട്ടുമുറ്റത്ത് വളര്‍ത്തി പരിപാലിക്കണമെന്നാണ് നിര്‍ദേശം. വീട്ടുമുറ്റത്ത് മരം വളര്‍ത്താന്‍ സാഹചര്യമില്ലാത്ത കുട്ടികള്‍ക്ക് സ്‌കൂള്‍ വളപ്പിലോ, പൊതുസ്ഥലത്തോ മരം വളര്‍ത്താനുള്ള സൗകര്യം വിദ്യാഭ്യാസ വകുപ്പ് ചെയ്തുകൊടുക്കും. മരം നന്നായി പരിപാലിക്കുന്ന കുട്ടികള്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കാനും ഉദ്ദേശിക്കുന്നുണ്ട്.
പഞ്ചായത്തുകള്‍ വഴി 25 ലക്ഷം തൈകളാണ് വിതരണം ചെയ്യുന്നത്. ജില്ലകള്‍ തോറുമുള്ള വനം വകുപ്പ് നഴ്‌സറികളില്‍ നിന്ന് തൈകള്‍ ജൂണ്‍ അഞ്ചിന് മുന്‍പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് വിദ്യാലയങ്ങളിലും മറ്റു വിതരണ കേന്ദ്രങ്ങളിലും എത്തിക്കണം. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടെ കലാ-കായിക സംഘടനകളെയും ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കും. മന്ത്രിമാരായ കെ. രാജു, സി. രവീന്ദ്രനാഥ്, ഹരിത കേരളം വൈസ് ചെയര്‍പെഴ്‌സണ്‍ ഡോ. ടി.എന്‍ സീമ, വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ്, മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി എം. ശിവശങ്കരന്‍, കൃഷി വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.കെ പഥക് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."