ഏഴ് വര്‍ഷമായി പൂര്‍ത്തിയാകാത്ത വീട് സ്വപ്‌നം കണ്ട് മട്ടുപ്പതിയിലെ ആദിവാസികള്‍
പാലക്കാട്: ഏഴ് വര്‍ഷമായിട്ടും പൂര്‍ത്തിയാകാത്ത വീടിനെ സ്വപ്നം കണ്ടുകിടക്കുകയാണ് മലമ്പുഴ മേട്ടുപ്പതി ആദിവാസി കോളനിയിലെ നാരായണനും കുടുംബവും. 2010 ലാണ് ഇ.എം.എസ് ഭവന പദ്ധതി വഴി കിട്ടിയ തുക കൊണ്ട് വീടുപണി ആരംഭിച്ചത്. ഇതുവരെയായിട്ടും ചുമരുകള്‍ മാത്രമെ പൊങ്ങിയിട്ടുള്ളു. നാരായണനും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത് ഓലമേഞ്ഞ ചോര്‍ന്നൊലിക്കുന്ന കുടിലിലാണ്. മേട്ടുപ്പതി കോളനിയില്‍ പണിപൂര്‍ത്തിയാകാത്ത വീടുകള്‍ ഇനിയുമുണ്ട്. ആദിവാസികള്‍ക്കുള്ള ഭവന പദ്ധതി പ്രകാരം പണി തുടങ്ങിയ അഞ്ചോളം വീടുകള്‍ ഇവിടെയുണ്ട്. അവയുടെ പണിയും ഏഴ് മാസത്തോളമായി നിശ്ചലമാണ്.
പഞ്ചായത്ത് വഴിയാണ് ഇവിടത്തെ ആദിവാസികള്‍ക്ക് വീടുപണിക്കുള്ള പണം ലഭിക്കുന്നത്. പഞ്ചായത്തിന്റെ മുടന്തന്‍ ന്യായങ്ങള്‍ കാരണം കഴിഞ്ഞ കുറച്ചു മാസങ്ങളായി പണം കിട്ടിയില്ലെന്ന് ഇവര്‍ പറയുന്നു. പണം കിട്ടിയാല്‍ തന്നെ അതുമായി കരാറുകാരന്‍ മുങ്ങുകയാണെന്ന് ഇവര്‍ പറയുന്നു. മുപ്പത്തിമൂന്നോളം വീടുകള്‍ കോളനിയിലുണ്ട്. ഇവര്‍ക്ക് ശവസംസ്‌കാരം നടത്താന്‍ പോലും സ്ഥലമില്ല. ആരെങ്കിലും മരിച്ചാല്‍ അടുക്കളയില്‍ തന്നെ കുഴിവെട്ടിയിടേണ്ട അവസ്ഥയാണെന്ന് ആദിവാസിയായ കമലം പറയുന്നു. നിരവധി പ്രശ്‌നങ്ങളാണ് ഈ ആദിവാസികള്‍ നേരിടുന്നത്. ഇവിടെ മിക്കവരും ഓലമേഞ്ഞ വീടുകളിലാണ് താമസിക്കുന്നത്. ഇവരുടെ ഏക വരുമാനം പശു വളര്‍ത്തലും, റബര്‍ തൊഴിലാളികളുമാണ്.
പശുവിന്റെ കറവ വറ്റിയാലോ റബര്‍ തോട്ടത്തില്‍ പണിയില്ലാതായാലോ ഇവര്‍ പട്ടിണിയിലാവും. ഇവിടയുള്ള ഭൂരിപക്ഷം കുടുംബങ്ങള്‍ക്കും പട്ടയമില്ല. തങ്ങളുടെ റേഷന്‍ വെട്ടിക്കുറച്ചതായും വേലായുധന്‍ പറഞ്ഞു. കോളനിയില്‍ താമസിക്കുന്ന മുപ്പത്തിമൂന്നോളം കുടുംബങ്ങള്‍ക്ക് ഒരു കുടിവെളള കിയോസ്‌ക്കുപോലും വച്ചിട്ടില്ല. നിലവിലുള്ള പൈപ്പുകളിലുടെ വെള്ളം ആവശ്യത്തിനു ലഭിക്കുന്നില്ലെന്നും അത് തകരാറിലായാല്‍ സ്വന്തം കൈയിലെ പണം കൊണ്ടുവേണം അത് പ്രവര്ത്തനയോഗ്യമാക്കുന്നതെന്നും ഇവര്‍ പറയുന്നു.
തൊഴിലില്ലാത്തതിനാല്‍ പൈപ്പുകള്‍ ശരിയാക്കാന്‍ ശ്രമിക്കാറില്ലെന്നും ഇവര്‍ പറഞ്ഞു. ഇനിയും പൂര്‍ത്തിയാവാത്ത വീടുകള്‍ക്കു മുന്നില്‍ ഇനിയെപ്പോഴെന്നറിയാതെയിരിക്കുകയാണ് ആറ് കുടുംബങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."