വിവാ... യുവ: മൊണാക്കോയെ 2-0ത്തിന് വീഴ്ത്തി യുവന്റസ്
മൊണാക്കോ: സീസണിലുടനീളം ആക്രമണ ഫുട്‌ബോള്‍ കളിച്ച് മുന്നേറിയ ഫ്രഞ്ച് കരുത്തരായ മൊണാക്കോയെ അവരുടെ തട്ടകത്തില്‍ എണ്ണം പറഞ്ഞ രണ്ട് ഗോളുകളുടെ പിന്‍ബലത്തില്‍ മലര്‍ത്തിയടിച്ച് ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസ്. യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ആദ്യ പാദ സെമിയില്‍ മൊണാക്കോ സ്വന്തം തട്ടകത്തില്‍ കളി മറന്നപ്പോള്‍ സ്വതവേ പ്രതിരോധത്തിന് പ്രാധാന്യം കൊടുത്തു കളിക്കാറുള്ള യുവന്റസ് കട്ടയ്ക്ക് നിന്ന് വിജയം സ്വന്തമാക്കി നില ഭദ്രമാക്കി. ഗോണ്‍സാലോ ഹിഗ്വയ്ന്‍ നേടിയ ഇരട്ട ഗോളുകളാണ് യുവന്റസിന്റെ വിജയത്തിനടിത്തറ പാകിയത്. എവേ പോരാട്ടത്തിലെ രണ്ട് ഗോള്‍ വിജയം രണ്ടാം പാദ സെമിക്ക് സ്വന്തം തട്ടകത്തില്‍ യുവന്റസിന് ആത്മവിശ്വാസത്തോടെ ഇറങ്ങാനുള്ള കരുത്താണ് സമ്മാനിച്ചത്.
നായകന്‍ റഡാമല്‍ ഫാല്‍ക്കാവോയും യുവ വിസ്മയം എംപാപ്പെയും നയിക്കുന്ന മുന്നേറ്റം യുവന്റസിനെ നേരിടാനെത്തും വരെ മാരക ഫോമിലാണ് കളിച്ചത്. ക്വാര്‍ട്ടറില്‍ ജര്‍മന്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ ഇരു പാദങ്ങളിലായി 6-3ന് കീഴടക്കിയതിന്റെ ആത്മവിശ്വാസവും ഒപ്പം സ്വന്തം തട്ടകത്തില്‍ കളിക്കുന്നതിന്റെ ആനുകൂല്യവും മൊണാക്കോയെ തുണയ്ക്കുമെന്ന പ്രതീക്ഷയും കളിയുടെ തുടക്കത്തില്‍ തന്നെ യുവന്റസ് അട്ടിമറിച്ചു.
മികച്ച പദ്ധതിയോടെ കളിച്ച അവര്‍ മൊണാക്കോയുടെ ആക്രമണത്തിന് പഴുത് അനുവദിക്കാതെ തടയുകയും സമര്‍ഥമായി എതിര്‍ ഹാഫിലേക്ക് ആക്രമണം സംഘടിപ്പിക്കുകയും ചെയ്താണ് മത്സരം സ്വന്തമാക്കിയത്.
കളിയുടെ 29, 59 മിനുട്ടുകളിലാണ് ഹിഗ്വയ്ന്‍ സുന്ദരന്‍ ഗോളുകളിലൂടെ വല ചലിപ്പിച്ചത്. രണ്ട് ഗോളിനും വഴിയൊരുക്കിയത് ഡാനി ആല്‍വെസായിരുന്നു. മൊണാക്കോ സ്ഥിരം ശൈലിയായ 4-4-2ല്‍ കളത്തിലിറങ്ങിയപ്പോള്‍ യുവന്റസിനെ മാസിമിലിയാനോ അല്ലെഗ്രി പതിവിന് വ്യത്യാസ്തമായാണ് കളത്തിലിറക്കിയത്. മധ്യനിരയ്ക്കും വിങിലൂടെയുള്ള ആക്രമണത്തിനും പ്രാധാന്യം നല്‍കിയാണ് കോച്ച് മൊണാക്കോയെ വരുതിയിലാക്കാന്‍ തന്ത്രമാവിഷ്‌കരിച്ചത്.
പ്രതിരോധ താരമായ ആല്‍വെസിന്റെ വലത് വിങിലേക്കുള്ള മാറ്റം മത്സരത്തിന്റെ ഗതിയെ തന്നെ സ്വാധീനിക്കുന്നതായി മാറുകയും ചെയ്തു. തുടക്കം മുതല്‍ ആക്രമിച്ചു മുന്നേറിയ യുവന്റസിന് അതിന്റെ ഫലവും ഉടന്‍ കിട്ടി. 29ാം മിനുട്ടില്‍ ബോക്‌സിന്റെ വലത് മൂലയില്‍ നിന്ന് ഡാനി ആല്‍വെസ് നല്‍കിയ സുന്ദരമായ ബാക്ക് പാസില്‍ നിന്നാണ് ഹിഗ്വയ്ന്‍ യുവന്റസിന് ലീഡ് സമ്മാനിച്ചത്. ബോക്‌സിലേക്ക് കൃത്യമായി കയറി വന്ന ഹിഗ്വയ്ന്‍ മൊണാക്കോ ഗോള്‍ കീപ്പര്‍ക്ക് ചിന്തിക്കാന്‍ സമയം നല്‍കാതെ പന്ത് വലയിലാക്കി.
പോരാട്ടത്തെ തുല്ല്യ ശക്തികളുടെ നേര്‍ക്കുനേര്‍ അങ്കമായി വിലയിരുത്താം. പന്ത് കൈവശം വയ്ക്കുന്നതിലും പാസുകളുടെ എണ്ണത്തിലും ഇരു ടീമുകളും തമ്മില്‍ നേരിയ അന്തരം മാത്രമാണുണ്ടായിരുന്നത്. ആദ്യ പകുതിയില്‍ മൊണാക്കോ പതറിയെങ്കിലും രണ്ടാം പകുതിയില്‍ അവര്‍ തിരിച്ചുവരാനുള്ള ശ്രമം നടത്തി. മികച്ച മുന്നേറ്റങ്ങള്‍ നടത്തിയ ഫ്രഞ്ച് കരുത്തര്‍ക്ക് ഗോള്‍ നേടാന്‍ മാത്രം സാധിച്ചില്ല. രണ്ട് മികച്ച അവസരങ്ങള്‍ രണ്ടാം പകുതിയില്‍ അവര്‍ക്ക് തുറന്നു കിട്ടി. ബുഫണ്‍ വശത്തേക്ക് മാറിന്ന നിന്ന ഒരവസരത്തില്‍ എംപാപ്പെയ്ക്ക് തുറന്ന പോസ്റ്റിലേക്ക് പന്ത് ചെത്തിയിടാന്‍ പാകത്തില്‍ ഒരു ക്രോസ് ലഭിച്ചെങ്കിലും കണക്ട് ചെയ്യാന്‍ താരത്തിന് സാധിച്ചില്ല.
മറ്റൊരു അവസരത്തില്‍ ഗോളെന്നുറച്ച ഒരു ഷോട്ട് ബുഫണ്‍ വിദഗ്ധമായി കുത്തിയകറ്റി. 59ാം മിനുട്ടില്‍ യുവന്റസിന്റെ ആസൂത്രിത മുന്നേറ്റം. വലത് വിങില്‍ ബോക്‌സിന് തൊട്ടുപുറത്ത് വച്ച് ആല്‍വെസ് ചിപ്പ് ചെയ്ത് നല്‍കിയ പാന്തിനെ ഗോള്‍ കീപ്പര്‍ക്കും തടയാനെത്തിയ പ്രതിരോധ താരത്തിനും ഇടയിലൂടെ ഹിഗ്വയ്ന്‍ വലയിലേക്ക് തിരിച്ചുവിട്ടു. പിന്നീട് മൊണാക്കോയെ സ്വന്തം തട്ടകത്തില്‍ ആശ്വാസ ഗോള്‍ പോലും അടിക്കാന്‍ അനുവദിക്കാതെ യുവന്റസ് സുരക്ഷിത വിജയവുമായി മടങ്ങി. ഈ മാസം ഒന്‍പതിന് നടക്കുന്ന രണ്ടാം പാദ സെമിയില്‍ യുവന്റസ് സ്വന്തം തട്ടകത്തില്‍ മൊണാക്കോയെ നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."