അട്ടപ്പാടിയെ തമിഴ്‌നാടിനോട് ചേര്‍ക്കണമെന്ന് ആവശ്യം
അഗളി: പ്രകൃതിക്ഷോഭങ്ങളും അധികാരികളുടെ അവഗണനയും കൊണ്ട് പ്രയാസത്തിലായ അട്ടപ്പാടിക്കാര്‍ക്കിടയിയല്‍ കേരളത്തില്‍ നിന്നും വിട്ട് തങ്ങളുടെ ഭൂപ്രദേശത്തെ തമിഴ്‌നാടിനോട് ചേര്‍ക്കണമെന്ന ആവശ്യം ശക്തമാകുന്നു. റോഡ് സൗകര്യമില്ലായ്മയും ഭരണസംവിധാനങ്ങളുടെ നിസംഗതയും മുറവിളുകള്‍ക്കും സമരമുറകള്‍ക്കുമൊന്നും ഒരു മാറ്റവും ഉണ്ടാക്കന്‍ കഴിയാത്ത സാഹചര്യത്തിലാണ് രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങള്‍ക്കിടയില്‍ കേരളത്തോട് താത്പര്യം ഇല്ലാതാക്കുന്നതെന്ന് പൊതുപ്രവര്‍ത്തകര്‍ക്കിടയില്‍ വിലയിരുത്തലുകളുണ്ട്. ഒരു വര്‍ഷം മുമ്പുണ്ടായ പ്രളയത്തില്‍ തകര്‍ന്നുപോയ അട്ടപ്പാടി ചുരം റോഡിന്റെ ബാക്കിഭാഗങ്ങള്‍ ഇത്തവണയുണ്ടായ മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നതോടെ അട്ടപ്പാടിയിലേക്കുള്ള യാത്ര തികച്ചും ദുഷ്‌കരമായിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അട്ടപ്പാടി ചുരം വഴി ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ യാത്ര നടത്തുന്നില്ല. ചെറിയ വാഹനങ്ങള്‍ കര്‍ശന നിയന്ത്രങ്ങളോടെ കടത്തിവിടുന്നതുകെണ്ട് അട്ടപ്പാടിക്കാവശ്യമായ സാധനങ്ങള്‍ ഒന്നും എത്തുന്നില്ല. ഓണക്കാലം കൂടി ആയതോടെ, ധാരാളം ആളുകള്‍ക്ക് ഈ വഴി യാത്രചെയ്തു വേണം മണ്ണാര്‍ക്കാട് എത്താന്‍.
പൊട്ടുപ്പൊഴിഞ്ഞ ചുരം റോഡ് വഴി യാത്ര ചെയ്ത് ഇപ്പോള്‍ മണ്ണാര്‍ക്കാടെത്താന്‍ മണിക്കൂറുകള്‍ ആവശ്യമാണ്. അട്ടപ്പാടിയിലെ കര്‍ഷകര്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നത് മണ്ണാര്‍ക്കാടാണ്. എന്നാല്‍ വാഹനങ്ങള്‍ ചുരം വഴി കടത്തിവിടാതായതോടെ ഉല്‍പ്പന്നങ്ങള്‍ നശിച്ചുപോവുകയാണ്. ഓണം കഴിഞ്ഞാല്‍ സ്‌കൂള്‍, കോളജുകള്‍ തുറക്കുമ്പോഴേക്കും ബസ് ഗതാഗതം തുടങ്ങാനുള്ള സാധ്യത കാണുന്നില്ല. കഴിഞ്ഞ ഒരു വര്‍ഷമായി അട്ടപ്പാടിക്കാര്‍ ചുരം റോഡ് സുഗമമായ യാത്രക്ക് സൗകര്യം ഉണ്ടാക്കണനെന്നാവശ്യപ്പെട്ടുകൊണ്ട് നിരവതി പരാതികളാണ് നല്‍കിയത്. ആവശ്യമായ ജോലികള്‍ പെട്ടന്നു ചെയ്ത് കുണ്ടും കുഴിയും ഓട്ടയടച്ച് സഞ്ചാരയോഗ്യമാക്കാുള്ള ഒരു നടപടിയും ഉണ്ടായില്ല. നിരവധി മന്ത്രിമാര്‍ ഈ വഴി വന്നുപോയെങ്കിലും ചുരം റോഡിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. നിലവിലെ റോഡ് നന്നാക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടത്താതെ ചിലര്‍ സമാന്തര റോഡിനെക്കുറിച്ച് ചര്‍ച്ച നടത്തി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അടുത്ത പ്രളയത്തില്‍ ബാക്കിയും ഒലിച്ചുപോയി. ഇപ്പോള്‍ രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണിവരെ പൊലിസ് നിയന്ത്രണത്തിലാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. ഇതറിയാതെ ആറുമണിക്ക് ശേഷം എത്തുന്നവര്‍ ആനമൂളി ചെക്‌പോസ്റ്റില്‍ കുടുങ്ങിക്കിടക്കുന്നതും ഇപ്പോള്‍ പതിവാണ്. രാത്രി എട്ടുമണി വരെയെങ്കിലും പൊലിസിന്റെ നിയന്ത്രണം നീട്ടണമെന്നാവശ്യം ഉയര്‍ന്നുകഴിഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി അട്ടപ്പാടി ചുരം റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നാട്ടുകാര്‍ നടത്തിയ പ്രതിഷേധങ്ങള്‍ ബന്ധപ്പെട്ടവര്‍ അവഗണിച്ചു വരുകയാണ്. ഇനിയും ഈ അവഗണന അവസാനിപ്പിച്ചില്ലെങ്കില്‍ അട്ടപ്പാടി പ്രദേശങ്ങള്‍ തമിഴ്‌നാടിനോട് കൂട്ടിച്ചേര്‍ക്കണമെന്ന വാദമായി നാട്ടുകാര്‍ പരസ്യമായി രംഗത്തുവരാന്‍ അധിക കാലം ആവശ്യയമില്ലെന്നാണ് അട്ടപ്പാടിയില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."