കല്ല് ചുമന്നു ഡിവൈ.എസ്.പി;കുഴികള്‍ നികത്തി ഡ്രൈവര്‍മാര്‍
ചെറുവത്തൂര്‍: കല്ല് ചുമന്നു റോഡില്‍ നില്‍ക്കുന്ന ഡിവൈ.എസ്.പിയെ കണ്ടപ്പോള്‍ ആളുകള്‍ ആദ്യമൊന്നു അമ്പരന്നു. എന്നാല്‍ തങ്ങളുടെ നടുവൊടിയുന്ന യാത്രയ്ക്ക് പരിഹാരം കാണാന്‍ റോഡിലെ കുഴികള്‍ നികത്തുകയാണ് അദ്ദേഹവും സംഘവും എന്നുകണ്ടപ്പോള്‍ ഓട്ടോതൊഴിലാളികളും ടാക്‌സി തൊഴിലാളികളുമെല്ലാം ഒപ്പം കൂടി. കുളമായി മാറിയ റോഡിലെ കുഴികളില്‍ വീണ് ഒച്ചിഴയും വേഗത്തിലുള്ള വാഹനങ്ങളുടെ ദുരിത യാത്രയ്ക്ക് താല്‍ക്കാലിക പരിഹാരമായി കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ സുധാകരനാണ് പാതയിലെ പാതാളക്കുഴികള്‍ നികത്താന്‍ മുന്നിട്ടിറങ്ങിയത്.
ഇന്നലെ രാവിലെ മുതല്‍ ചെറുവത്തൂരില്‍ ഗതാഗത സ്തംഭനമായിരുന്നു. വാഹനങ്ങളുടെ നീണ്ട നിരയായപ്പോള്‍ പാത മുറിച്ചു കടക്കാന്‍ പോലും ജനം പ്രയാസപ്പെട്ടു. ചന്തേര സ്റ്റേഷനിലേക്ക് പോകവേയാണ് വാഹനകുരുക്ക് ഡി.വൈ.എസ്.പിയുടെ ശ്രദ്ധയില്‍പെടുന്നത്.
കുഴികളാണ് ഇതിനുകാരണമെന്ന് മനസിലാക്കിയ ഡിവൈ.എസ്.പി കൊടക്കാട് വലിയപറമ്പില്‍ എത്തി മൂന്നു ലോഡ് ചെങ്കല്ലുമായി മടങ്ങിയെത്തി. കൂടെയുള്ള പൊലിസുകാര്‍ക്കൊപ്പം കുഴിനികത്തല്‍ തുടങ്ങിയപ്പോള്‍ ഓട്ടോ-ടാക്‌സി തൊഴിലാളികളും ഒപ്പം കൂടി. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ കൂടി എത്തിയതോടെ ചെറുവത്തൂര്‍ കയ്യൂര്‍ ജങ്ഷന്‍ മുതല്‍ വി.വി സ്മാരക സാമൂഹികാരോഗ്യ കേന്ദ്രം വരെയുള്ള വലിയ കുഴികള്‍ ഒരു മണിക്കൂറിനുള്ളില്‍ നികത്തി. ഇതോടെ വാഹനഗതാഗതം സാധാരണനിലയിലായി.
കാലിക്കടവ് മുതല്‍ നീലേശ്വരം വരെ ദേശീയപാതയില്‍ വന്‍കുഴികളാണ് ഇപ്പോഴുള്ളത്. പള്ളിക്കര ഗേറ്റ് അടച്ചുതുറന്നാല്‍ ചെറുവത്തൂര്‍ വരെയാണ് ഇപ്പോള്‍ ഗതാഗതകുരുക്ക്. കുഴികള്‍ നികത്താന്‍ അധികൃതരുടെ ഭാഗത്തുനിന്നു നടപടിയുണ്ടാകാത്തതിനെതിരേ പ്രതിഷേധം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."