പതിനായിരം കടന്ന് എംപ്ലോയബിലിറ്റി സെന്റര്‍
കണ്ണൂര്‍: ജോലിക്കായി കാത്തിരിക്കുന്നവര്‍ക്ക് ആശ്വാസമാവുകയാണ് എംപ്ലോയബിലിറ്റി സെന്ററുകള്‍. ഒട്ടേറെപേര്‍ക്കു പ്രതീക്ഷയേകുന്ന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനത്തെ അറിയുന്നവര്‍ വിരളം. 2014 ഒക്ടോബറിലാണു ജില്ലയില്‍ എംപ്ലോയബിലിറ്റി സെന്റര്‍ ആരംഭിച്ചത്.
ഈമാസം 20 വരെയായി രജിസ്റ്റര്‍ ചെയ്ത 20117 പേരില്‍ 10200 പേര്‍ക്കു ജോലി നല്‍കിയിട്ടുണ്ട്. 255ഓളം സ്വകാര്യ സ്ഥാപനങ്ങളാണു തൊഴില്‍ ദാതാക്കളായി ഇവിടെ രജിസ്റ്റര്‍ ചെയ്തത്. നാലുമാസം ഇടവെട്ട് തൊഴില്‍ മേളകള്‍ ഇവര്‍ സംഘടിപ്പിക്കുന്നു. ജില്ലയില്‍ തന്നെ നിരവധി തൊഴിലവസരങ്ങളുണ്ടെന്നും ഓരോരുത്തരുടെയും യോഗ്യതയ്ക്കനുസരിച്ച് അവ കണ്ടെത്തി യഥാസമയം അവരെ അറിയിക്കുകയും ആ തൊഴിലിനായി അവരെ പ്രാപ്തരാക്കുകയുമാണ് എംപ്ലോയബിലിറ്റി സെന്ററിന്റെ പ്രവര്‍ത്തനമെന്നു ജില്ലാ മാനേജര്‍ അബിന്‍ ജോസഫ് പറഞ്ഞു.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലെ പോലെ ജോലി ലഭിക്കാന്‍ കാലതാമസം ഇവിടെയുണ്ടാകില്ല. 250 രൂപയാണു ജോലി ലഭിക്കുംവരെയുള്ള രജിസ്‌ട്രേഷന്‍ ഫീസ്. മറ്റു ജില്ലകളിലെ തൊഴില്‍ സാധ്യതകളും ഇവിടത്തെ രജിസ്‌ട്രേഷനിലൂടെ നേടാമെന്ന പ്രത്യേകതയുമുണ്ട്. നിലവില്‍ പത്തു ജില്ലകളില്‍ എംപ്ലോയബിലിറ്റി സെന്ററുകളുണ്ട്. മുഴുവന്‍ ജില്ലകളിലും ഇത്തരം സെന്ററുകള്‍ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളുമായി തൊഴില്‍വകുപ്പ് മുന്നോട്ടുപോവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."