വരള്‍ച്ചയും പ്രളയവും മാത്രം നല്‍കി ബാണാസുര ഡാം
കല്‍പ്പറ്റ: വേനലില്‍ കൊടും വരള്‍ച്ചയും വര്‍ഷകാലത്ത് പ്രളയവും. വയനാടന്‍ കാര്‍ഷിക മേഖല ഏറെ പ്രതീക്ഷയോടെ കണ്ട ബാണാസുര സാഗര്‍ അണക്കെട്ട് കാലാകാലങ്ങളായി ജില്ലയ്ക്കു നല്‍കുന്നത് ഇതാണ്.
വൃഷ്ടിപ്രദേശങ്ങളിലെ കനത്ത മഴയെ തുടര്‍ന്ന് ജൂലൈ 15നാണ് ഇത്തവണ ബാണാസുര അണക്കെട്ടിന്റെ ഷട്ടര്‍ ആദ്യമായി തുറന്നത്. ജല നിരപ്പ് സംഭരണ ശേഷിയായ 775.60 മീറ്ററിലെത്തിയപ്പോഴായിരുന്നു ഇത്.
സപില്‍വേ ഷട്ടര്‍ 20 സെന്റീമീറ്ററാണ് ഉയര്‍ത്തിയത്. മഴ കുറഞ്ഞതോടെ ഓഗസ്റ്റ് അഞ്ചിനു ഷട്ടര്‍ താഴ്ത്തി. ആറ്, ഏഴ് തിയതികളില്‍ ജില്ലയില്‍ വീണ്ടും കനത്ത മഴ പെയ്തു. ഇതോടെ ഡാം റിസര്‍വോയറില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ഏഴിനു രാവിലെ ആറരയ്ക്ക് ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതം തുറന്നു ജലം പുറത്തേക്കൊഴുക്കി.
കരമാന്‍ തോടു വഴി പനമരത്ത് കബനിയിലേക്കൊഴുകിയ ജലം നദിയുടെ ജല നിരപ്പ് ഉയര്‍ത്തിക്കൊണ്ടിരുന്നു. മഴ വീണ്ടും കനത്തതോടെ അര്‍ധരാത്രി ഷട്ടറുകള്‍ 230 സെന്റീമീറ്റര്‍ വരെ ഉയര്‍ത്തി. യാതൊരു മുന്നറിയിപ്പും നല്‍കാതെയായിരുന്നു കെ.എസ്.ഇ.ബി ഷട്ടറുകള്‍ ഉയര്‍ത്തിയത്.
ഇതോടെ പടിഞ്ഞാറത്തറ, പുതുശ്ശേരിക്കടവ്, ആറുവാള്‍, വാരാമ്പറ്റ, കുപ്പാടിത്തറ, മുണ്ടക്കുറ്റി, വെണ്ണിയോട്, കോട്ടത്തറ, കണിയാമ്പറ്റ, പനമരം തുടങ്ങി നിരവധി പ്രദേശങ്ങളില്‍ മിന്നല്‍ പ്രളയമുണ്ടായി. നിരവധി വീടുകളും ഹെക്ടര്‍ കണക്കിന് കൃഷിയിടങ്ങളും വെള്ളത്തിലായി.
ഓഗസ്റ്റ് ഒമ്പതിന് ഉച്ചയ്ക്ക് ഒരുമണിയോടെ ഷട്ടറുകള്‍ പരമാവധി ശേഷിയായ 290 സെന്റീമീറ്ററിലേക്കുയര്‍ത്തി. ഇതോടെ പ്രളയം രൂക്ഷമായി. പല പ്രദേശങ്ങളിലും നൂറുകണക്കിനാളുകള്‍ ഒറ്റപ്പെട്ടു. പനമരത്ത് 600ലധികം വീടുകളാണ് ദിവസങ്ങളോളം വെള്ളത്തിനടിയിലായത്. നിരവധി വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഭാഗികമായി തകര്‍ന്ന വീടുകളുടെ എണ്ണം ആയിരത്തിലധികമാണ്. ചത്ത കന്നുകാലികളുടെ എണ്ണം കണക്കാക്കിയിട്ടില്ല. നഷ്ടങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയായാലേ ഡാം തുറന്നുതുമൂലമുണ്ടായ മിന്നല്‍ പ്രളയത്തിന്റെ വ്യാപ്തി അറിയുകയുള്ളൂ.
പ്രദേശവാസികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പു നല്‍കുകയോ ഡാം തുറന്നാല്‍ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള കൃത്യമായ സാഹചര്യങ്ങള്‍ ഒരുക്കുകയോ ചെയ്യാതെയാണ് ഡാമിലെ ഷട്ടറുകള്‍ ഇതുവരെ ചരിത്രത്തിലില്ലാത്ത വിധം ഉയര്‍ത്തിയത്. 65 ചതുരശ്ര കിലോമീറ്ററുള്ള ഡാമിന്റെ വൃഷ്ടിപ്രദേശത്ത് രണ്ടു മഴമാപിനികള്‍ മാത്രമാണുള്ളത്. ഇതു കാരണം മഴയുടെ ശക്തി തിരിച്ചറിയുന്നതിലും അധികൃതര്‍ പരാജയപ്പെട്ടു.
ഡാമിന്റെ സുരക്ഷ നിലനിര്‍ത്താനും മിന്നല്‍ പേമാരിമൂലം ഉണ്ടായേക്കാവുന്ന നീരൊഴുക്കിനെ 48 മണിക്കൂര്‍ നേരത്തേക്കെങ്കിലും ഉള്‍ക്കൊള്ളാനും സാധ്യമാംവിധം ജലസംഭരണിയുടെ ജലവിതാനം എഫ്.ആര്‍ ലൈനില്‍ നിന്ന് അഞ്ചു മീറ്റര്‍ താഴെ നിലനിര്‍ത്താന്‍ കെ.എസ്.ഇ.ബി തയാറാകണമെന്നും വേനല്‍ക്കാലത്ത് പുഴയുടെ നീരൊഴുക്ക് ഉറപ്പാക്കണമെന്നുമുള്ള ആവശ്യവുമാണ് ഇപ്പോള്‍ ഉയരുന്നത്.
30 തുശതമാനം വെള്ളം കൃഷിക്കും കുടിവെള്ളത്തിനും നല്‍കണമെന്ന വ്യവസ്ഥയോടെയാണ് ഡാമിന് അനുമതി നേടിയത്. എന്നാല്‍ കമ്മിഷന്‍ ചെയ്ത് 13 വര്‍ഷമായിട്ടും ഒരുതുള്ളി വെള്ളം പോലും ഡാമില്‍ നിന്ന് ആര്‍ക്കും നല്‍കിയിട്ടില്ല.
കൊടും വരള്‍ച്ചയുണ്ടായ സമയത്ത് കലക്ടര്‍ ഉള്‍പെടെ ആവശ്യപ്പെട്ടിട്ടും ഷട്ടറുകള്‍ തുറക്കാന്‍ അധികൃതര്‍ തയാറായിരുന്നില്ല. ഡാമിന്റെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തിയുള്ള പണക്കൊയ്ത്ത് മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."