ഡി.എം. കെ ജന. കൗണ്‍സില്‍ അടുത്ത ആഴ്ച: സ്റ്റാലിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളി
ചെന്നൈ: അടുത്ത ചൊവ്വാഴ്ച നടക്കുന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കുമെന്ന് ഉറപ്പാണെന്നിരിക്കെ ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ കാത്തിരിക്കുന്നത് വലിയ വെല്ലുവിളി. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് എം. കരുണാനിധി അന്തരിച്ചതിനു പിന്നാലെയാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് നിലവില്‍ വര്‍ക്കിങ് പ്രസിഡന്റായ സ്റ്റാലിനെ തെരഞ്ഞെടുക്കുമെന്ന വാര്‍ത്ത പുറത്തുവന്നത്.
തന്റെ പിന്‍ഗാമിയായി കരുണാനിധി മകന്‍ സ്റ്റാലിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെങ്കിലും അധികാരമേറ്റെടുത്താല്‍ അദ്ദേഹത്തെ കാത്തിരിക്കുന്നത് സങ്കീര്‍ണമായ കാര്യങ്ങളാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
സ്റ്റാലിന്‍ നിലവില്‍ കൈകാര്യം ചെയ്യുന്ന ട്രഷറര്‍ സ്ഥാനത്തേക്ക് ആരെ നിയമിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഈ സ്ഥാനത്തേക്ക് ഒരാളെ നിയമിക്കുകയെന്നത് വലിയ വെല്ലുവിളിയായിരിക്കും. ഈ സ്ഥാനം മോഹിച്ച് നിരവധി പേരാണ് കാത്തിരിക്കുന്നത്. ഡി.എം.കെയില്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ക്ക് പുറമെ ട്രഷറര്‍ സ്ഥാനവും കുടുംബാധിപത്യത്തിന് കീഴിലാണ്.
2008ലാണ് ഡി.എം.കെ ട്രഷറര്‍ സ്ഥാനത്ത് സ്റ്റാലിന്‍ എത്തുന്നത്. ട്രഷറര്‍ സ്ഥാനത്തേക്ക് ഇപ്പോള്‍ ദുരൈമുരുഗന്‍, മുന്‍ കേന്ദ്രമന്ത്രി എ. രാജ, ഐ. പെരിയസാമി, വി. വേലു, കെ.എന്‍ നെഹ്‌റു എന്നിവരിലാരെങ്കിലും തെരഞ്ഞെടുക്കപ്പെടുമെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ആരെ തെരഞ്ഞെടുക്കുമെന്നത് അനായസമായി നിശ്ചയിക്കാന്‍ കഴിയില്ലെന്നതാണ് വസ്തുത. ഇതില്‍ വേലുവിനാണ് കൂടുതല്‍ സാധ്യതയെന്നാണ് വിവരം. സ്റ്റാലിനുമായുള്ള അടുത്ത ബന്ധമാണ് ഇക്കാര്യത്തില്‍ വേലുവിനുള്ള അനുകൂല സാധ്യത. അതേസമയം ദുരൈമുരുഗനേയും പെരിയസാമിയേയും അവഗണിക്കാനും സ്റ്റാലിന് കഴിയില്ല. അമ്പഴകന്‍ കഴിഞ്ഞാല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ് ദുരൈമുരുഗന്‍. അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ പ്രവര്‍ത്തന പാരമ്പര്യം പരിഗണിച്ച് ട്രഷറര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു. പെരിയസാമിയെ പരിഗണിച്ചാല്‍ വലിയൊരു വോട്ടുബാങ്ക് അദ്ദേഹത്തോടൊപ്പമുണ്ടെന്നതും ശ്രദ്ധേയമാണ്. തമിഴ്‌നാടിന്റെ തെക്കന്‍ ഭാഗങ്ങളില്‍ സ്വാധീനമുള്ള മുക്കുലത്തോര്‍ സമുദായക്കാരിലൊരാളാണ് പെരിയസാമി. ഇവിടെ ഈ സമുദായക്കാരുടെ സ്വാധീനം ശക്തമാണ്. പരമ്പരാഗതമായി ഈ സമുദായക്കാര്‍ ഡി.എം.കെയോടൊപ്പമാണ്.
പാര്‍ട്ടിയില്‍ സ്റ്റാലിന്‍ നേരിടുന്ന വലിയ പ്രശ്‌നമാണ് അദ്ദേഹത്തിന്റെ സഹോദരന്‍ അഴഗിരി ഉയര്‍ത്തുന്ന വെല്ലുവിളി. പെരിയസാമിയെ ട്രഷറര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കരുതെന്ന് അഴഗിരി നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ജനറല്‍ സെക്രട്ടറി സ്ഥാനത്ത് മുതിര്‍ന്ന നേതാവ് അമ്പഴകനെ നിലനിര്‍ത്തിയേക്കും. ഡെപ്യൂട്ടി ജന. സെക്രട്ടറിയായി സഹോദരിയും എം.പിയുമായ കനിമൊഴിയേയും പരിഗണിച്ചേക്കും. പാര്‍ട്ടിയിലെ കലാപം അടിച്ചമര്‍ത്താന്‍ ഇതായിരിക്കും സ്റ്റാലിന്‍ ചെയ്യുകയെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. കരുണാനിധി സ്വീകരിച്ചിരുന്നതുപോലെ എല്ലാവരുമായി നല്ല ബന്ധം കാത്തു സൂക്ഷിച്ചെങ്കില്‍ മാത്രമേ നിലവിലുള്ള വെല്ലുവിളിയെ തരണം ചെയ്യാന്‍ സ്റ്റാലിന് കഴിയുകയുള്ളൂ എന്നാണ് തമിഴ്‌രാഷ്ട്രീയ രംഗത്തെ വിലയിരുത്തികൊണ്ട് എ. മാര്‍ക്‌സ് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."