പോളിങ് ബൂത്തിനു മുന്‍പില്‍ വച്ചുള്ള മോദിയുടെ പ്രസംഗത്തിനെതിരേ കോണ്‍ഗ്രസിന്റെ പരാതി
അഹമ്മദാബാദ്: പോളിങ് ബൂത്തിനു മുന്‍പില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം വിവാദമാവുന്നു. ഇന്നലെ നടന്ന മൂന്നാംഘട്ട വോട്ടെടുപ്പിനിടെ അഹമ്മദാബാദിലെ ബൂത്തില്‍ തന്റെ വോട്ട് രേഖപ്പെടുത്തിയ ശേഷം നരേന്ദ്രമോദി മാധ്യമങ്ങളോട് സംസാരിച്ച നടപടിയാണ് വിവാദമായത്. മോദിയുടെ നടപടി പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വൈകിട്ടോടെ കോണ്‍ഗ്രസ് പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി.
പോളിങ് ബൂത്തിനു സമീപം പ്രധാനമന്ത്രി നടത്തിയത് രാഷ്ട്രീയ പ്രസംഗമാണെന്നും ഈ നടപടി പെരുമാറ്റച്ചട്ട ലംഘനമായതിനാല്‍ അദ്ദേഹത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് പരാതിയില്‍ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയത്. വോട്ടെടുപ്പ് പുരോഗമിക്കവെ മോദി എങ്ങിനെ പോളിങ് ബൂത്തിനു മുന്‍പില്‍ വച്ച് രാഷ്ട്രീയപ്രസംഗം നടത്തുമെന്ന് കോണ്‍ഗ്രസ് ചോദിച്ചു.
ഇന്നലെ രാവിലെ അഹമ്മദാബാദിലെ നിഷാന്‍ ഹൈസ്‌കൂളിലാണ് മോദി തന്റെ വോട്ട് രേഖപ്പെടുത്തിയത്. തുറന്നജീപ്പില്‍ നൂറുകണക്കിനു പാര്‍ട്ടി പ്രവര്‍ത്തകരുടെ അകമ്പടിയോടെയായിരുന്നു മോദി വോട്ട് ചെയ്യാന്‍ ബൂത്തിലെത്തിയത്. ഈ സമയം ബൂത്തിനു മുന്‍പില്‍ വോട്ട് ചെയ്യാനായി വരി നില്‍ക്കുന്നവരെയും മോദി അഭിവാദ്യം ചെയ്തിരുന്നു. മോദി പോളിങ് ബൂത്തിലേക്കു കയറുമ്പോഴായിരുന്നു ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും കുടുംബവും അവിടെയെത്തിയത്. ഈ സമയം അവിടെ നിന്ന മോദി അവരെ അഭിവാദ്യം ചെയ്യുകയും അമിത് ഷായുടെ കൊച്ചുമകളെ എടുക്കുകയും ചെയ്തു. തുടര്‍ന്നും ജനങ്ങളെ കൈവീശി കാണിച്ചാണ് മോദി പോളിങ് ബൂത്തില്‍ കയറിയത്.
വോട്ട് ചെയ്തു പുറത്തിറങ്ങിയ ശേഷം ഏറെ നേരം മാധ്യമങ്ങളോട് സംസാരിച്ച മോദി, രാഷ്ട്രീയ ശൈലിയിലാണ് പ്രതികരിച്ചത്. തീവ്രവാദികളുടെ സ്‌ഫോടകവസ്തുക്കളേക്കാള്‍ ശേഷിയുണ്ട് വോട്ടര്‍ ഐ.ഡി കാര്‍ഡിനെന്നു മോദി പറഞ്ഞു. ഭീകരതയുടെ ആയുധം ഐ.ഇ.ഡി (നാടന്‍ ബോംബ്) ആണെങ്കില്‍ ജനാധിപത്യത്തിന്റെ ആയുധം വോട്ടര്‍ ഐ.ഡിയാണ്. ആദ്യമായി വോട്ട് ചെയ്യുന്നവര്‍ സ്ഥിരതയുള്ള സര്‍ക്കാരിന് വേണ്ടി വോട്ട് ചെയ്യണം. ഇത് കന്നിവോട്ടര്‍മാരുടെ കാലമാണ്. അതുകൊണ്ട് അവര്‍ വോട്ട് ചെയ്യണമെന്ന് ആവര്‍ത്തിച്ചുപറയുന്നുവെന്നും മോദി പറഞ്ഞു. തെരഞ്ഞെടുപ്പിനെ കുംഭമേളയോടും മോദി ഉപമിച്ചു. വോട്ടെടുപ്പ് പവിത്രതയുടെ പ്രതീതി നല്‍കുന്നു. ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടതെന്ന് ഇന്ത്യയിലെ വോട്ടര്‍മാര്‍ക്ക് അറിയാമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാവിലെ അമ്മ ഹീരാബെന്നിനെ കണ്ട് ഏതാനും മിനിറ്റുകള്‍ അവര്‍ക്കൊപ്പം ചെലവഴിച്ചാണ് മോദി വോട്ട്‌ചെയ്യാന്‍ പുറപ്പെട്ടത്. 15 മിനിറ്റോളം അമ്മയ്‌ക്കൊപ്പം ചെലവഴിച്ച മോദിക്ക് അവര്‍ മധുരം നല്‍കി. തിങ്കളാഴ്ച രാത്രി അഹമ്മദാബാദിലെത്തിയെങ്കിലും ഗാന്ധിനഗറിലെ രാജ്ഭവനിലാണ് മോദി താമസിച്ചത്. പിന്നീട് ഇന്നലെ രാവിലെ അമ്മയുടെ അടുത്തു വരികയായിരുന്നു. വീടിനു സമീപം തടിച്ചുകൂടിയ നാട്ടുകാര്‍ക്കൊപ്പം മോദി സെല്‍ഫിയും എടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."