HOME
DETAILS

കൈക്കു കുത്തിയാല്‍ താമര

  
backup
April 23 2019 | 22:04 PM

%e0%b4%95%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%95%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%be%e0%b4%ae%e0%b4%b0

 


വോട്ടിങ് യന്ത്രത്തെച്ചൊല്ലി വോട്ടെടുപ്പു തുടങ്ങിയപ്പോള്‍ തന്നെ പരാതികള്‍. കൈപ്പത്തിയില്‍ കുത്തിയാല്‍ വോട്ട് താമരയില്‍ എന്ന പരാതി പലയിടങ്ങളിലും ഉയര്‍ന്നു. കൂടാതെ പല സ്ഥലങ്ങളിലും വോട്ടിങ് യന്ത്രത്തിനു സാങ്കേതിക തകരാറുണ്ടായി വോട്ടെടുപ്പ് വൈകുകയും ചെയ്തു.
കൈയ്യില്‍ കുത്തുമ്പോള്‍ വോട്ട് താമരയില്‍ വീഴുന്നു എന്ന പരാതിക്കു കഴമ്പില്ലെന്ന് പിന്നീട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ആലപ്പുഴ ചേര്‍ത്തലയില്‍ കിഴക്കേ നാല്‍പതിലുള്ള ബുത്തിലാണ് ആദ്യം പരാതി ഉയര്‍ന്നത്. പോളിങ് തുടങ്ങുന്നതിന് മുമ്പ് മോക്ക് പോള്‍ നടത്തിയപ്പോഴാണ് എല്ലാ വോട്ടും താമരയ്ക്ക് വീഴുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ വോട്ടിങ് യന്ത്രം മാറ്റി പോളിങ് തുടങ്ങി.


കോവളം നിയോജക മണ്ഡലത്തിലെ ചൊവ്വരയിലുള്ള 151ാം നമ്പര്‍ ബൂത്തിലും ഇതേ പരാതിയുണ്ടായി. രാവിലെ എട്ടരയോടെയാണ് പരാതി ഉയര്‍ന്നത്. തന്റെ ഭാര്യ കൈപ്പത്തിക്കു വോട്ട് ചെയ്തിട്ടും അതു താമര ചിഹ്നത്തില്‍ വീണെന്നാണ് ഹരിദാസ് എന്നയാള്‍ ആരോപിച്ചത്. 76ാം വോട്ടറായിരുന്നു ഇവര്‍. പ്രശ്‌നം വിവാദമായതോടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയും തിരുവനന്തപുരം ജില്ലയിലെ മുഖ്യ വരണാധികാരി ജില്ലാ കലക്ടര്‍ വാസുകിയും നേരിട്ടിടപ്പെട്ടു.
വോട്ടിങ് ക്രമക്കേട് ആരോപിക്കുന്നവര്‍ തെളിയിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ശിക്ഷ നിയമം സെക്ഷന്‍ 177 പ്രകാരം കേസ് എടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പു ഓഫിസര്‍ അറിയിച്ചു. ഇക്കാര്യം പ്രിസൈഡിങ് ഓഫിസര്‍ ക്രമക്കേട് ഉന്നയിക്കുന്ന ആളെ ബോധ്യപ്പെടുത്തണം. പരാതിയില്‍ ഉത്തമ ബോധ്യത്തോടെ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ ഡിക്ലറേഷന്‍ ഫോമില്‍ പരാതി എഴുതി വാങ്ങണം. ആരോപണം തെറ്റാണെന്നു തെളിഞ്ഞാല്‍ ഉടന്‍ പൊലിസില്‍ ഏല്‍പ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. വോട്ടിങ് സംബന്ധിച്ച പരാതി ഉയര്‍ന്നാല്‍ ടെസ്റ്റ് വോട്ട് ചെയ്ത് പരാതി പരിശോധിക്കാന്‍ സംവിധാനമുണ്ടെന്നും പരാതി തെറ്റെന്ന് തെളിഞ്ഞാല്‍ കേസെടുക്കുമെന്നും പ്രിസൈഡിങ്ങ് ഓഫിസര്‍ പരാതിക്കാരെ അറിയിച്ചു. തെറ്റെന്ന് തെളിഞ്ഞാല്‍ പൊലിസ് കേസാവുമെന്നതിനാല്‍ ഹരിദാസ് പരാതിയില്‍ ഉറച്ചുനിന്നില്ല.
എന്നാല്‍ പ്രശ്‌നം യു.ഡി.എഫ്, എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. സ്ഥാനാര്‍ഥികളായ ശശി തരൂരും സി. ദിവാകരനും സ്ഥലത്തെത്തി. യന്ത്രത്തിന്റെ സ്വിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നത് മാത്രമാണ് പ്രശ്‌നമെന്ന് ഇലക്്ഷന്‍ ഓഫിസര്‍ വിശദീകരിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച പോളിങ് വെറെ വോട്ടിങ് യന്ത്രമെത്തിച്ച ശേഷമാണ് പുനരാരംഭിച്ചത്.


കൈ ചിഹ്നത്തില്‍ അമര്‍ത്തിയപ്പോള്‍ വി.വി.പാറ്റ് മെഷിനില്‍ തെളിഞ്ഞത് താമരയെന്ന് വോട്ടര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് വടകര ലോക്‌സഭാ മണ്ഡലത്തിലെ ഊരത്ത് എല്‍.പി സ്‌കൂള്‍ 81ാം ബൂത്തില്‍ തെരഞ്ഞെടുപ്പ് ഒരു മണിക്കൂറോളം നിര്‍ത്തിവച്ചു. പിന്നീട് പാര്‍ട്ടി പ്രവര്‍ത്തകര്‍ വോട്ട് ചെയ്ത് തകരാറില്ലെന്ന് ബോധ്യമായതിനു ശേഷമാണ് തെരഞ്ഞെടുപ്പ് പുനരാരംഭിച്ചത്.


അതിനിടെ വോട്ടെടുപ്പ് തുടങ്ങുന്നതിനു മുന്‍പ്തന്നെ സംസ്ഥാനത്ത് പലയിടങ്ങളിലും വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായി. വോട്ടെടുപ്പിനിടെ തകരാറ് സംഭവിച്ചതിനെ തുടര്‍ന്ന് വോട്ടര്‍മാര്‍ വോട്ട് ചെയ്യാതെ മടങ്ങിയ സംഭവവുമുണ്ടായി. എറണാകുളം സെന്റ് മേരീസ് എച്ച്.എസിലെ ബൂത്തില്‍ വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്നു രണ്ടു പ്രാവശ്യമായി ഒരുമണിക്കൂറോളം പോളിങ് തടസപ്പെട്ടു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വോട്ട് ചെയ്യാന്‍ വന്നു കൈയ്യില്‍ മഷി പുരട്ടിയ ശേഷം യന്ത്രത്തകരാറിനെ തുടര്‍ന്നു വോട്ട് ചെയ്യാതെ മടങ്ങി.


എറണാകുളം കാലടി നീലേശ്വരം എസ്.എന്‍.ഡി.പി എച്ച്.എസ്.എസില്‍ യന്ത്രത്തകാരാറിനെ തുടര്‍ന്ന് വോട്ടിങ് ആരംഭിച്ചത് രാവിലെ 10.15നാണ്. ആദ്യം വി.വിപാറ്റും തുടര്‍ന്നു വോട്ടിങ് യന്ത്രവും കേടായി. കേടായ യന്ത്രങ്ങള്‍ക്കു പകരം പുതിയവ എത്തിച്ച ശേഷമാണ് വോട്ടിങ് തുടങ്ങിയത്. രാവിലെ മുതല്‍ ക്യൂവില്‍ പ്രായമായവരുള്‍പെടെ കാത്തു നില്‍ക്കുകയായിരുന്നു.
ആലപ്പുഴയില്‍ ചന്തിരൂര്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍, അരൂര്‍ സെന്റ് അഗസ്റ്റിന്‍സ് സ്‌കൂള്‍, എരമല്ലൂര്‍ എന്‍.എസ്.എം എല്‍.പി സ്‌കൂള്‍, പള്ളിത്തോട് സ്‌കൂള്‍, കണ്ടമംഗലം എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ ബൂത്തുകളില്‍ യന്ത്രത്തകരാറ് മൂലം വോട്ടിങ് വൈകി. വോട്ടിങ് യന്ത്രം കേടായതിനെ തുടര്‍ന്ന് ഒരു മണിക്കൂര്‍ ക്യൂവില്‍ കാത്തുനിന്ന ശേഷമാണ് നടന്‍ മോഹന്‍ലാല്‍ വോട്ട് ചെയ്തത്. തിരുവനന്തപുത്തെ വീടിനു സമീപത്തുള്ള മുടവന്‍മുഗള്‍ സ്‌കൂളിലാണ് മോഹന്‍ലാല്‍ വോട്ട് ചെയ്യാനെത്തിയത്. ഏഴു മണിക്ക് എത്തിയ മോഹന്‍ലാല്‍ 8.15 വരെ കാത്തുനിന്ന് വോട്ട് ചെയ്ത ശേഷമാണു മടങ്ങിയത്.


ചെയ്ത വോട്ടുറപ്പിക്കാന്‍ വി.വി പാറ്റില്‍ ചിഹ്നം തെളിഞ്ഞു കാണാന്‍ വെളിച്ചം ക്രമീകരിച്ചപ്പോള്‍ വോട്ടിങ് യന്ത്രത്തിലെ ചിഹ്നം കാണാന്‍ കഴിഞ്ഞില്ലെന്ന പരാതിയുമുയര്‍ന്നു. കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ നൈാംവളപ്പ് ഗവ.എല്‍.പി സ്‌കൂള്‍ 36ാം ബൂത്തിലെത്തിയവര്‍ക്കാണ് ഈ അനുഭവം. ലൈറ്റ് സെന്‍സിറ്റീവ് ആയ വി.വി പാറ്റ് യന്ത്രത്തില്‍ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നതിനായി ബൂത്തില്‍ നിലവിലുണ്ടായിരുന്ന ലൈറ്റ് നീക്കം ചെയ്യുകയായിരുന്നു. വോട്ടിങ് യന്ത്രം വച്ചിടത്ത് ഇട്ടിരുന്ന ടൂബ് ലൈറ്റ് അഴിച്ചുമാറ്റി. ഇതിനെ തുടര്‍ന്ന് വോട്ട് ചെയ്യാന്‍ എത്തിയ പ്രായമായ വോട്ടര്‍മാര്‍ക്കാണ് വോട്ടിങ് യന്ത്രവും പതിച്ചിരിക്കുന്ന സ്ഥാനാര്‍ഥിയുടെ ചിഹ്നവും കാണാന്‍ ബുദ്ധിമുട്ട് നേരിട്ടത്.
പാലക്കാട് ജില്ലയില്‍ വിവിധ നിയോജകമണ്ഡലങ്ങളിലെ പോളിങ് ബൂത്തുകളില്‍ വോട്ടിങ് മെഷിന്‍ തകരാറിലായതിനെ തുടര്‍ന്ന് മണിക്കൂറുകളോളം വോട്ടിങ് തടസപ്പെട്ടു. കയിലിയാട് ആര്‍.വി.എല്‍.പി സ്‌കൂളിലെ 134ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് രണ്ടര മണിക്കൂറാണ് വോട്ടെടുപ്പ് വൈകിയത്. ഇവിടെ ഉണ്ടായിരുന്ന മൂന്ന് യന്ത്രങ്ങളും പ്രവര്‍ത്തിക്കാതിരുന്നത് പ്രതിഷേധത്തിന് കാരണമായി. ബൂത്തില്‍ ആവശ്യത്തിന് വെളിച്ചം ഇല്ലാതിരുന്നതും പ്രതിഷേധത്തിന് കാരണമായി. തുടര്‍ന്ന് പുതിയ വോട്ടിങ് യന്ത്രങ്ങള്‍ എത്തിച്ച് മോക്ക് പോളിങ് നടത്തിയതിനു ശേഷം ഒമ്പതരയോടെയാണ് വോട്ടിങ് ആരംഭിച്ചത്.


ചെര്‍പ്പുളശ്ശേരി പത്താംമൈല്‍സ് എ.ഡി.എല്‍.പി സ്‌കൂളിലെ 61ാം നമ്പര്‍ ബൂത്തിലും വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് രാവിലെ ഒരു മണിക്കൂറോളം വോട്ടിങ് തടസപ്പെട്ടു. ചെര്‍പ്പുളശ്ശേരി കച്ചേരിക്കുന്ന് സലഫി സ്‌കൂളിലെ ഒരു ബൂത്തിലും വോട്ടിങ് യന്ത്രം തകരാറിലായി. 220 വോട്ടുകള്‍ പോള്‍ ചെയ്ത ശേഷമാണ് യന്ത്രം തകരാറിലായത്. യന്ത്രത്തകരാറിനെ തുടര്‍ന്ന് കരിമ്പയിലെ 65ാം നമ്പര്‍ പോളിംഗ് ബൂത്തില്‍ 45 മിനിറ്റോളം വൈകിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്.


ഒറ്റപ്പാലം മനിശ്ശീരി എസ്.വി.എല്‍.പി സ്‌കൂളിലെ 201ാം നമ്പര്‍ ബൂത്ത്, ഒറ്റപ്പാലം പത്തംകുളം എ.എം.എല്‍.പി സ്‌കൂളിലെ 118ാം നമ്പര്‍ ബൂത്ത്, ലക്കിടി ഡി.വി.ജെ.ബി.എസിലെ 167ാം നമ്പര്‍ ബൂത്ത്, മണ്ണൂര്‍ നഗരിപ്പുറത്ത് 123ാം നമ്പര്‍ ബൂത്ത്, പത്തിരിപ്പാല പേരൂരിലെ 183ാം നമ്പര്‍ ബൂത്ത്, ആലത്തൂരിലെ കണ്ണനൂര്‍ 13ാം നമ്പര്‍ ബൂത്ത് എന്നിവിടങ്ങളിലും വോട്ടിങ് യന്ത്രം കേടായി മണിക്കൂറോളം വോട്ടിങ് തടസപ്പെട്ടു. മഞ്ഞപ്രയില്‍ 118ാം നമ്പര്‍ ബൂത്തില്‍ വി.വിപാറ്റ് തകരാറിലായതിനെ തുടര്‍ന്നാണ് വോട്ടിങ് തടസപ്പെട്ടത്.
തൃശൂര്‍ ജില്ലയില്‍ പലയിടത്തും വോട്ടിങ് യന്ത്രം പണിമുടക്കി. കുരിയച്ചിറ സെന്റ് ജോസഫ്, ചേറൂര്‍, എറവ് ടി.എഫ്.എം സ്‌കൂള്‍, കൊടകര, കാര, എടവിലങ്ങ്, കോട്ടപ്പുറം 140ാം നമ്പര്‍, കടങ്ങോട് പഞ്ചായത്ത് ഓഫിസിലെ 117ാം നമ്പര്‍, ചിറമനേങ്ങാട് സ്‌കൂളിലെ 112ാം നമ്പര്‍, എരുമപ്പെട്ടി എല്‍.പി.സ്‌കൂളിലെ 134, 135, കുണ്ടന്നൂര്‍, ആറ്റത്ര സ്‌കൂളിലെ 141, വേലൂര്‍ ആര്‍.എം.എല്‍.പി സ്‌കൂളിലെ 162 ബൂത്തുകളിലാണ് യന്ത്രങ്ങള്‍ പണിമുടക്കിയത്. പുതുക്കാട് നിയമസഭാ മണ്ഡലത്തിലെ പ്രശ്‌നസാധ്യത ബൂത്തുകളില്‍ ഏര്‍പെടുത്തിയിരുന്ന വെബ് കാസ്റ്റിങ് നിരീക്ഷണ സംവിധാനം തടസപ്പെട്ടു. ബി.എസ്.എന്‍.എലിന്റെ ഇന്റര്‍നെറ്റ് സംവിധാനത്തിലുണ്ടായ തകരാറാണ് നിരീക്ഷണ സംവിധാനം താറുമാറാകാന്‍ കാരണം.


പരാതി തെളിയിക്കാനായില്ല;
വോട്ടര്‍ക്കെതിരേ കേസ്

തിരുവനന്തപുരം: വോട്ട് ചെയ്ത സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവുമല്ല വി.വി പാറ്റ് മെഷീനിലെ സ്ലിപ്പില്‍ തെളിഞ്ഞതെന്ന വ്യാജ പരാതി നല്‍കിയ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു കേസെടുത്തു. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 151ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ പ്ലാമൂട് ശാലോം വീട്ടില്‍ എബിന്‍ എന്ന യുവാവിനെതിരെയാണ് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തത്.
താന്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥിയുടെ വിവരങ്ങളല്ല വി.വിപാറ്റില്‍ വന്നതെന്നായിരുന്നു എബിന്റെ പരാതി. ആരോപണത്തെ തുടര്‍ന്ന് പ്രിസൈഡിങ് ഓഫിസര്‍ എബിനോട് പരാതി എഴുതി നല്‍കാനാവശ്യപ്പെട്ടു.


തുടര്‍ന്ന് പരിശോധനാ വോട്ട് നടത്തിയപ്പോള്‍ പരാതിയില്‍ കഴമ്പില്ലെന്നു ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് എബിനെതിരേ കേസെടുത്തതെന്ന് മെഡിക്കല്‍ കോളജ് പൊലീസ് പറഞ്ഞു.
വോട്ടിങ് ക്രമക്കേട് ആരോപിക്കുന്നവര്‍ തെളിയിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ശിക്ഷ നിയമം സെക്ഷന്‍ 177 പ്രകാരം കേസ് എടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറം മീണ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രിസൈഡിങ് ഓഫിസര്‍ എബിനെ പൊലിസില്‍ ഏല്‍പ്പിച്ചത്.
വ്യാജ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു നല്‍കി എന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. പിന്നീട് എബിനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ആറു മാസം തടവും ആയിരം രൂപ പിഴയും ലഭിക്കാവുന്ന കേസാണിത്.

മഴ കാരണം
പ്രശ്‌നങ്ങള്‍
ഉണ്ടായിട്ടുണ്ടെന്ന്
ടിക്കാറാം മീണ

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടിങ് യന്ത്രങ്ങള്‍ക്ക് വ്യാപകമായ തകരാറ് സംഭവിച്ചിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ.
യന്ത്രത്തിനു തകരാര്‍ സംഭവിച്ചത് വ്യാപകമായി പരാതിയില്ല. ചില സ്ഥലങ്ങളില്‍ പ്രശ്‌നമുണ്ടായിട്ടുണ്ട്. അതു പ്രതീക്ഷിച്ചതാണ്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴയാണ് പെയ്തത്. അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടിയാല്‍ വോട്ടിങ് യന്ത്രങ്ങള്‍ക്ക് തകരാറ് സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇക്കാര്യം ആദ്യമേ പറഞ്ഞതാണ്. ഗുരുതരമായ പ്രശ്‌നങ്ങളൊന്നും വോട്ടെടുപ്പില്‍ ഉണ്ടായിട്ടില്ല. അതത് സ്ഥലങ്ങളിലെ ജില്ലാ കലക്ടര്‍മാര്‍ പ്രശ്‌നം പരിഹരിച്ചുവെന്നും പ്രത്യേക അജന്‍ഡ വച്ച് രാഷ്ട്രീയക്കാര്‍ നടത്തിയ പ്രചാരണങ്ങളില്‍ ജനങ്ങള്‍ പരിഭ്രമിക്കുകയായിരുന്നുവെന്നും മീണ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  34 minutes ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  38 minutes ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  an hour ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  3 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  3 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  3 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  4 hours ago