വിരണ്ടോടി കടലില്‍ ചാടിയ പോത്തിനെ സാഹസികമായി രക്ഷപ്പെടുത്തി
തൃക്കരിപ്പൂര്‍: വിരണ്ടോടി കടലില്‍ ചാടിയ പോത്തിനെ സാഹസികമായി രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ വലിയപറമ്പ കടപ്പുറത്താണ് സംഭവം. പടന്ന മേഖലയില്‍ അറവിനു കൊണ്ടുവന്ന പോത്താണ് കഴിഞ്ഞ ദിവസം വിരണ്ടോടിയത്. ഉടമസ്ഥന് പോത്തിനെ പിന്തുടര്ന്നെങ്കിലും അപ്രത്യക്ഷമാവുകയായിരുന്നു. മാവിലാക്കടപ്പുറം പാലം വഴി കടലോരത്തെത്തിയ പോത്തിനെ വ്യാഴാഴ്ച മാവിലാക്കടപ്പുറത്ത് കണ്ടവരുണ്ട്.
ഇന്നലെ രാവിലെ വലിയപറമ്പ പഞ്ചായത്ത് ഓഫിസ് പരിസരത്ത് എത്തിയ പോത്ത് കടലിലേക്ക് ഇറങ്ങിപോവുകയായിരുന്നു. തിരമാലയിലകപ്പെട്ടതോടെ പോത്ത് കടലില്‍ വളരെ ദൂരത്തെത്തി. നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ട ഫൈബര്‍ വള്ളം പോത്തിനെ പിന്തുടര്ന്ന് കഴുത്തില്‍ കയര്‍ കുടുക്കി കയറിന്റെ മറുതല കരയിലെത്തിച്ചു.
ഇതോടെ നാട്ടുകാര്‍ സാഹസികമായി പോത്തിനെ വലിച്ചു കരക്കെത്തിക്കുകയായിരുന്നു.
പോത്തിനു സമാനമായി ഫൈബര്‍ വള്ളവും പിന്തുടര്ന്നു. പോത്ത് കടലില്‍ ചാടിയതറിഞ്ഞ് നിരവധിയാളുകള്‍ വലിയപറമ്പ കടപ്പുറത്ത് എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."