കുതിച്ചെത്തിയ മലവെള്ളപാച്ചില്‍ തകര്‍ത്തെറിഞ്ഞത് കുഞ്ഞാവയുടെ ജീവിതവും സ്വപനങ്ങളും
പറവൂര്‍: കുതിച്ചെത്തിയ മലവെള്ളപാച്ചലില്‍ തകര്‍ത്തെറിക്കുന്നത് കുഞ്ഞാവയുടെ (അനില്‍കുമാര്‍ 41)യും വിജിയുടെയും ജീവിതവും സ്വപ്നങ്ങളുമാണ്. പുത്തന്‍വേലിക്കര പഞ്ചായത്തിലെ തേലത്തുരുത്ത് കാരുപുഴ വീട്ടില്‍ കുഞ്ഞാവയ്ക്കും ഭാര്യ വിജിയ്ക്കും മനസ് തുറക്കുമ്പോള്‍ സങ്കട മടക്കാനായില്ല. നാട്ടുകാരുടെ കുഞ്ഞാവ മത്സ്യതൊഴിലാളിയാണെങ്കിലും പശുക്കളെ വളര്‍ത്തി പാല്‍വിറ്റാണ് ജീവിതം കരുപിടിപ്പിച്ച് കൊണ്ടുവന്നത്. കുഞ്ഞാവയുടെ 12 പശുക്കളാണ് വെള്ളപൊക്കത്തില്‍ ചത്തു പോയത്. അഞ്ച് സെന്റ് സ്ഥലത്തെ കൊച്ചു വീട്ടില്‍ അംഗസംഖ്യ 16 യിരുന്നു.അതിപ്പോള്‍ 4 ആയി അവശേഷിച്ചു.
ഓമനിച്ച് പരിപാലിച്ച് വളര്‍ത്തിയ 12 പശുവും കുഞ്ഞാവയ്ക്ക് മക്കളെ പോലെയായിരുന്നു.6 പൂക്കളും 6 കിടാരികളും തൊഴുത്തൊഴിഞ്ഞതോടെ കുഞ്ഞാവയ്ക്കും കുടുംബത്തിനും ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. രാവിലെ 30 ലിറ്റര്‍ പാലും വൈകീട്ട് 15 ലിറ്ററും ലഭിച്ചിരുന്നു. തേലത്തുരുത്തിലെ സ്വതന്ത്ര ക്ഷീരോല്‍പ്പാദക സംഘത്തിലാണ് പാല്‍ അളന്ന് കൊണ്ടിരുന്നത്. കുഞ്ഞാവയും ഭാര്യയും തന്നെയാണ് പശുക്കളെ കറന്നിരുന്നതും.വെള്ളപൊക്കത്തിന് മുന്ന് ദിവസം മുമ്പാണ് 45000 രൂപയ്ക്ക് ഒരു കറവപശുവിനെ വാങ്ങി വീട്ടിലെത്തിച്ചത്.വെള്ളപൊക്കത്തിന് 4 ദിവസം മുമ്പാണ് ഒരു പശു പ്രസവിക്കുകയും ചെയ്തിരുന്നു.
നിത്യവൃത്തിക്കുള്ള വകയും മക്കളുടെ പഠനച്ചെലവുമെല്ലാം പശുക്കളെ പോറ്റി വളര്‍ത്തിയാണ് ജീവിതം ഒരുവിധം അല്ലലില്ലാതെ മുന്നോട്ടു പോയത്. ലോണെടുത്തും ഭാര്യയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ പണയപ്പെടുത്തിയുമാണ് പലപ്പോഴായി പശുക്കളെ വാങ്ങിയത്. ക്ഷീണമെല്ലാം മാറിവന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി പ്രളയം ഈ കുടുംബത്തിന്റെ സ്വപ്നങ്ങളത്രയും തകര്‍ത്തെറിഞ്ഞത്.
മകന്‍ അഭിജിത്ത് 12 ാം ക്ലാസിലും മകള്‍ അഭിരാമി ആറാം ക്ലാസിലും പഠിക്കുന്നു.4 ലക്ഷം രൂപയുടെ ലക്ഷമാണുണ്ടായിട്ടുള്ളത്. നഷ്ടപ്പെട്ടത് മുഴുവന്‍ കിട്ടിയില്ലെങ്കിലും രണ്ട് പശുക്കളെയെങ്കിലും കിട്ടിയാല്‍ പോയതെല്ലാം തിരിച്ച് പിടിക്കാനാകുമെന്ന പ്രതീക്ഷയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."