മുഖ്യമന്ത്രി നയിച്ചത് രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കി: വ്യോമസേന
തിരുവനന്തപുരം: കേരളത്തിലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നില്‍നിന്ന് നയിക്കുകയായിരുന്നുവെന്ന് വ്യോമസേന സതേണ്‍ എയര്‍ കമാന്‍ഡ് കമാന്റിങ് ഓഫിസര്‍ എയര്‍ ചീഫ് മാര്‍ഷല്‍ ബി. സുരേഷ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ദിവസേന നടന്ന യോഗങ്ങളില്‍ സേനകളെല്ലാം പങ്കെടുത്ത് ആവശ്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാനായതിനാലാണ് രക്ഷാപ്രവര്‍ത്തനം വിജയകരമായത്. ആര്‍മി, നേവി, എന്‍.ഡി.ആര്‍.എഫ്, കോസ്റ്റ്ഗാര്‍ഡ് തുടങ്ങിയസേനകള്‍ക്കൊപ്പം വ്യോമസേനയ്ക്കും മികച്ച പ്രവര്‍ത്തനം നടത്താനായി.
ഓരോ ജില്ലാ ആസ്ഥാനത്തും വ്യോമസേനയുടെ ലെയ്‌സണ്‍ ഓഫിസര്‍മാരെ നിയോഗിച്ചതിനാല്‍ ജില്ലകളിലെ ഏകോപനവും ഫലപ്രദമായി. കലക്ടര്‍മാരുടേയും എസ്.പിമാരുടെയും പക്കല്‍നിന്നുള്ള വിവരങ്ങളനുസരിച്ച് ഇതുമൂലം കാര്യക്ഷമായി പ്രവര്‍ത്തിക്കാനായി.
തിരുവോണ നാളില്‍ 20 കോടി രൂപയാണ് വ്യോമസേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്.വ്യോമസേനയിലെ എല്ലാ ജീവനക്കാരുടെയും ഒരു ദിവസത്തെ ശമ്പളവും ദുരിതാശ്വാസത്തിനായി നല്‍കിയിട്ടുണ്ട്.
സേനകള്‍ക്ക് ചെയ്യാവുന്ന പരമാവധി സേവനങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനിടെ ഓരോരുത്തരെയായി 600 ഓളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 2,50,000 കിലോ സഹായവസ്തുക്കള്‍ എത്തിക്കാനായതും റെക്കോര്‍ഡാണെന്ന് അദ്ദേഹം പറഞ്ഞു.
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും വ്യോമസേന സഹായം നല്‍കും. അടിയന്തരമായി രണ്ടു മൊബൈല്‍ ആശുപത്രികള്‍ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."