പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യക്കേസ് തന്റെ ബെഞ്ചില്‍ നിന്ന് മാറ്റി ജസ്റ്റിസ് അരുണ്‍ മിശ്ര
ന്യൂഡല്‍ഹി: തെഹല്‍ക്ക അഭിമുഖവുമായി ബന്ധപ്പെട്ട പ്രശാന്ത് ഭൂഷണെതിരായ 11 വര്‍ഷം പഴക്കമുള്ള കോടതിയലക്ഷ്യക്കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റാന്‍ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ബി.ആര്‍. ഗവായ്, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ച് തീരുമാനിച്ചു. വിരമിക്കാന്‍ അധികനാളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അരുണ്‍ മിശ്ര കേസ് മറ്റൊരു ബെഞ്ചിലേക്ക് വിടാന്‍ തീരുമാനിച്ചത്.
അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഗൗരവമുള്ള വിഷയങ്ങള്‍ ഈ കേസിലുണ്ടെന്നും അതിനാല്‍ ഭരണഘടനാ ബെഞ്ച് തന്നെ കേസ് പരിഗണിക്കണമെന്നും പ്രശാന്ത് ഭൂഷണു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ ആവശ്യപ്പെട്ടു.
കേസില്‍ അറ്റോര്‍ണി ജനറലിന്റെ സ്വതന്ത്രമായ നിലപാട് തേടി നോട്ടിസ് അയക്കണമെന്നും രാജീവ് ധവാന്‍ ആവശ്യപ്പെട്ടു. കോടതിയിലെ അഴിമതിയെക്കുറിച്ച് സദുദ്ദേശത്തോടെ തുറന്നു പറയുന്നത് കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുമോ, ആരോപണങ്ങള്‍ തെളിയിക്കേണ്ട ബാധ്യത ആരോപണം ഉന്നയിക്കുന്ന വ്യക്തിയ്ക്കുണ്ടോ തുടങ്ങിയ 10 ചോദ്യങ്ങള്‍ പരിഗണിക്കേണ്ട വിഷയമായി സമര്‍പ്പിച്ചിട്ടുണ്ടെന്നും ധവാന്‍ ചൂണ്ടിക്കാട്ടി. സെപ്റ്റംബര്‍ മൂന്നിന് താന്‍ വിരമിക്കുകയാണെന്നും സെപ്റ്റംബര്‍ 10ന് പുതിയ ബെഞ്ച് കേസ് പരിഗണിക്കുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം മുന്നില്‍വയ്ക്കാമെന്നും അറിയിക്കുകയാണ് കോടതി ചെയ്തത്.
ഈ കേസിലും മാപ്പു പറഞ്ഞാല്‍ കേസ് അവസാനിപ്പിക്കാമെന്ന് കോടതി അറിയിച്ചിരുന്നെങ്കിലും പ്രശാന്ത് ഭൂഷണ്‍ അതിന് തയാറായിരുന്നില്ല. തെഹല്‍ക്ക എഡിറ്ററായിരുന്ന തരുണ്‍ തേജ്പാലിനെതിരേയും കേസെടുത്തിരുന്നെങ്കിലും തേജ്പാല്‍ മാപ്പു പറയാന്‍ തയാറായി. ജഡ്ജി അഴിമതി കാട്ടിയെന്ന് പ്രസ്താവന നടത്താമോ, ഏതെല്ലാം സാഹചര്യത്തില്‍ ഇത്തരം പ്രസ്താവന നടത്താം, സിറ്റിങ് ജഡ്ജിക്കെതിരേ അഴിമതി ആരോപണം ഉയര്‍ന്നാല്‍ അതെങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്. റിട്ടയര്‍ ചെയ്ത ജഡ്ജിമാര്‍ക്കെതിരേ അഴിമതി ആരോപണം ഉന്നയിക്കുന്നത് കോടതിയെ അപകീര്‍ത്തിപ്പെടുത്തലാകുമോ എന്നീ ചോദ്യങ്ങളാണ് ബെഞ്ച് പരിശോധിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."