സംസ്ഥാന ജീവനക്കാരുടെ ജില്ലാ മാര്‍ച്ചും ധര്‍ണയും ഇന്ന്
തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ജിഒ യൂണിയന് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് നടത്തുന്ന ജില്ലാ മാര്‍ച്ചിന്റെയും ധര്‍ണയുടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി നേതാക്കള്‍ അറിയിച്ചു. രാവിലെ 11.30ന് തൊടുപുഴ മിനി സിവില്‍ സ്റ്റേഷന് പരിസരത്തുനിന്ന് മാര്‍ച്ച് ആരംഭിക്കും.
തുടര്‍ന്ന് മുനിസിപ്പല്‍ മൈതാനത്ത് നടക്കുന്ന ധര്‍ണ യൂണിയന് സംസ്ഥാന വൈസ് പ്രസിഡന്റ് ഇ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എസ് സുനില്‍കുമാര്‍ അധ്യക്ഷനാകും. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ-തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തുക, സംസ്ഥാന സര്‍ക്കാരിന്റെ ജനപക്ഷ ബദല്‍ നയങ്ങള്‍ക്ക് കരുത്ത് പകരുക, അഴിമതി രഹിതവും കാര്യക്ഷമവുമായ ജനപക്ഷ സിവില്‍ സര്‍വീസ് കെട്ടിപ്പടുക്കുക, വിലക്കയറ്റം തടയുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുന്നത്.
ജില്ലാ മാര്‍ച്ചിലും ധര്‍ണയിലും മുഴുവന്‍ ജീവനക്കാരും പങ്കെടുക്കണമെന്ന് യൂണിയന് ജില്ലാ പ്രസിഡന്റ് എസ് സുനില്‍കുമാറും സെക്രട്ടറി സി ബിനോബയും അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."