കനത്ത മഴ: മലയോരത്ത് കാര്‍ഷികമേഖല പ്രതിസന്ധിയില്‍
കുന്നുംകൈ: മഴ കാരണം മലയോരത്തെ കാര്‍ഷിക മേഖല പ്രതിസന്ധിയില്‍. കാര്‍ഷികോല്‍പന്നങ്ങളുടെ വിലയിടിവും കാലവര്‍ഷക്കെടുതിയിലെ നാശനഷ്ടങ്ങളും ഉല്‍പാദനത്തിലുണ്ടാകുന്ന കുറവും കര്‍ഷകരെ പ്രയാസത്തിലാക്കുന്നു. നര്‍ക്കിലക്കാട്, വരക്കാട്, കമ്മാടം എന്നീ സ്ഥലങ്ങളില്‍ കമുകുകളില്‍ മഹാളി രോഗം പടര്‍ന്നു പിടിക്കുകയും അടക്കകള്‍ വീണു കിടക്കുകയുമാണ്. രോഗം പടര്‍ന്നതോടെ ഉല്‍പാദനം ഗണ്യമായി കുറഞ്ഞു. മലയോരത്തെ പ്രധാന കവുങ്ങ് കൃഷിയില്‍ കൂലിച്ചെലവിലുള്ള വര്‍ധനക്കനുസരിച്ച് ലാഭം ഉണ്ടാകുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു.
ഒരുകാലത്ത് മഹാളിരോഗം കൃഷിയെ പ്രതിസന്ധിയിലാക്കിയിരുന്നുവെങ്കിലും വിലയുള്ളതിനാല്‍ മരുന്നുതളിച്ചു കൃഷി തുടരാന്‍ കര്‍ഷകര്‍ അന്നു തയാറായിരുന്നു. തോരാത്ത മഴയും വിലയിടിവും കാരണം റബര്‍ ടാപ്പിങ് ഭാഗികമായതോടെ ഉല്‍പാദനം ഗണ്യമായി കുറഞ്ഞെങ്കിലും ദിവസങ്ങളായി തുടരുന്ന വിലയിടിവില്‍ കഷകര്‍ നട്ടംതിരിയുകയാണ്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇരട്ടി വില ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഗണ്യമായി വില കുറയുകയാണ്. ഉല്‍പാദനം കുറഞ്ഞ സീസണില്‍ പോലും വില വര്‍ധനവ് ഉണ്ടായില്ല. റബറിന് ഇത്തരത്തിലുള്ള വിലയിടിച്ചില്‍ കാരണം ഭൂരിഭാഗവം കര്‍ഷകരും ആശങ്കയിലാണ്. കിലോക്ക് 150 രൂപ ഉറപ്പുവരുത്താ സര്‍ക്കാര്‍ ആവിഷ്‌കരിച്ച വിലസ്ഥിരത പദ്ധതിപോലും മരവിച്ച മട്ടിലാണ്. വിലയിടിവ് മറ്റു കാര്‍ഷിക ഉല്‍പന്നങ്ങളിലും ബാധിച്ചിട്ടുണ്ട്.
മഴയുടെ ആരംഭത്തില്‍ നാളികേരത്തിനും അടക്കയ്ക്കുമാണ് വില ഭേദപ്പെട്ട നിലയില്‍ വന്നത്. തെങ്ങുകളില്‍ വ്യാപകമായ മഞ്ഞളിപ്പു രോഗം വന്നതിനാല്‍ പകുതിയും മുറിച്ചുകളഞ്ഞതിനാല്‍ നാളികേര ഉല്‍പാദനത്തില്‍ വന്‍ കുറവുണ്ടായി.
കുറേ മാസങ്ങളായി നാളികേരത്തിന്റെ വിലയും കുറഞ്ഞു വരികയാണ്. മുളക് കൊഴിഞ്ഞു പോകുന്നതും മലയോരത്ത് വ്യാപകമാണ്. കുരുമുളകിന്റെ വില ഇടിച്ചിലിനുപുറമേയാണ് ദ്രുതവാട്ടം പോലുള്ള രോഗങ്ങള്‍ കൃഷിയെ അക്രമിച്ചിരിക്കുന്നത്. കാര്‍ഷിക പ്രതിസന്ധി മൂലം പ്രയാസത്തിലായ കര്‍ഷകര്‍ക്ക് ഇരുട്ടടിയായി വായ്പ എടുത്തവര്‍ക്ക് ബാങ്കുകളില്‍നിന്നു നോട്ടീസുകള്‍ വന്നതും അവരുടെ ദുരിതങ്ങള്‍ക്ക് ആക്കം കൂട്ടി.
കാലവര്‍ഷക്കെടുതിമൂലം നശിച്ച കാര്‍ഷിക വിളകള്‍ക്ക് ഇതുവരെ സര്‍ക്കാരില്‍നിന്നു സഹായങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് വെസ്റ്റ് എളേരി കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാര്‍ഷിക വായ്പ എഴുതിത്തള്ളണമെന്നും ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ വില നല്‍കണമെന്നുമാണ് കര്‍ഷകരുടെ ഇപ്പോഴത്തെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."