പാരിതോഷിക തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും: മത്സ്യത്തൊഴിലാളികള്‍
കൊച്ചി: പാരിതോഷിക തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടി.എന്‍ പ്രതാപനും ജനറല്‍ കണ്‍വീനര്‍ പി.പി ചിത്തരഞ്ജനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജീവിതധര്‍മത്തിന്റെ ഭാഗമായാണ് വഞ്ചിയും മറ്റ് ഉപകരണങ്ങളുമായി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചത്. പ്രതിഫലം പ്രതീക്ഷിച്ചിരുന്നില്ല. സര്‍ക്കാര്‍ വാഗ്ദാനംചെയ്ത സമ്മാനത്തുകയായ 1.35 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.
പാരിതോഷികം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ബഹുമാനിക്കുന്നു. എന്നാല്‍, അത് അര്‍ഹതപ്പെട്ടത് ദുരിതമനുഭവിക്കുന്നവര്‍ക്കാണ്. 4500ല്‍ അധികംവരുന്ന മത്സ്യത്തൊഴിലാളികളാണ് ദുരിതബാധിതരെ രക്ഷിക്കാനായി അഹോരാത്രം പണിയെടുത്തത്. ഇവരില്‍ ഓരോരുത്തര്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത് 3,000 രൂപ വീതമാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച അനുമോദനപത്രം ഏറ്റുവാങ്ങാന്‍ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ എല്ലാ മത്സ്യത്തൊഴിലാളികളും എത്തിച്ചേരുമെന്നും അവര്‍ പറഞ്ഞു.
മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യമെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിയെ കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രശംസിച്ചു. സാമ്പത്തിക സഹായത്തെക്കാള്‍ ഗുണകരമാകുന്നത് തീരദേശ പൊലിസ്, കോസ്റ്റ്ഗാര്‍ഡ്, ലൈഫ് ഗാര്‍ഡ് എന്നിവിടങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതാണ്. നവകേരള സൃഷ്ടിയില്‍ തീരദേശമേഖലക്ക് അര്‍ഹമായ പരിഗണന നല്‍കണം. പ്രളയബാധിത പ്രദേശങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളിലും മത്സ്യത്തൊഴിലാളികള്‍ പങ്കാളികളാകുമെന്നും അവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ടി. പീറ്റര്‍, പി.പി ഉദയഘോഷ്, ചാള്‍സ് ജോര്‍ജ്, കുമ്പളം രാജപ്പന്‍, അനില്‍ ബി. കളത്തില്‍, വി.വി ഗിരീഷ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."