'യുദ്ധം' ആരോടായിരുന്നു?
ഈ ഓഗസ്റ്റ് മാസത്തോടെ 1921 ലെ 'ഖിലാഫത്ത്' പ്രക്ഷോഭ സ്മരണക്ക് 99 വര്‍ഷം പൂര്‍ത്തിയാവുകയാണ്. 'ലഹള' യെന്നും 'സമര'മെന്നും 'പ്രക്ഷോഭ'മെന്നുമൊക്കെ പലരും പല പേരില്‍ വിശേഷിപ്പിച്ചതും മലബാറിന്റെ ചരിത്രത്തില്‍ ഒരിക്കലും വിസ്മരിക്കാനാവാത്തതുമായ 'സംഭവ'ത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഈയിടെ സജീവമായി. തുറന്ന മനസ്സോടെ വസ്തുതകള്‍ നോക്കിക്കാണാന്‍ ശ്രമിക്കുന്നവര്‍ക്ക്, അതൊരു ദേശീയ രാഷ്ട്രീയ പ്രക്ഷോഭമായിരുന്നുവെന്നും ബ്രിട്ടിഷ് കൊളോണിയലിസത്തിന്റെ ക്രൂരദംഷ്ട്രമാണ് ചിത്രം വഷളാക്കിയതെന്നും വ്യക്തമായി മനസിലാവും.
'സംഭവ'ത്തിന്റെ പര്യവസാന വേളയില്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ നിയോഗിച്ച ട്രൈബ്യൂണല്‍, ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ നേതാവായിരുന്ന ആലി മുസ്‌ലിയാര്‍ക്കും മറ്റു 37 മാപ്പിളമാര്‍ക്കും എതിരേ ചാര്‍ജ് ചെയ്ത കുറ്റവും വിചാരണ ചെയ്ത് വിധിച്ച ശിക്ഷയും വ്യക്തമാക്കുന്ന വസ്തുതകള്‍ ചരിത്രത്തിന്റെ ഭാഗമാണ്. ഐ.സി.എസ്സുകാരായ എഡിങ്ടണ്‍ (ചെയര്‍മാന്‍), ജെ.ഡബ്ല്യു ഹുഗെപ്പ്, ആര്‍. രാമയ്യര്‍ എന്നിവരുള്‍പ്പെട്ട ട്രൈബ്യൂണല്‍ പ്രഖ്യാപിച്ച 'വിധി' യില്‍ പറഞ്ഞ ന്യായം അതിന്റെ പ്രഥമ ഖണ്ഡികയില്‍ത്തന്നെ പ്രസ്താവിച്ചു: ബ്രിട്ടിഷ് രാജാവിനോട് യുദ്ധം ചെയ്തതിന് ആലി മുസ്‌ലിയാരെയും വേറെ 37 മാപ്പിളമാരെയും ഇന്ത്യന്‍ ശിക്ഷാ നിയമം 121ാം വകുപ്പു പ്രകാരവും തിരൂരങ്ങാടി വെച്ച് ഡോര്‍സെറ്റ് റെജിമെന്റിലെ പ്രൈവറ്റ് വില്യമിനെ വധിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 302, 149 എന്നീ വകുപ്പുകള്‍ പ്രകാരവും ചാര്‍ജ് ചെയ്തതാണീ' കേസ്.
'ഈ കേസില്‍ മറ്റൊരു വസ്തുത വെളിവാകുന്നത്, രാജാവിനെതിരായി യുദ്ധം ചെയ്യുന്നതിന് പള്ളി കേന്ദ്രമാക്കി എന്നതാണ്' (വിധിന്യായം: ഖണ്ഡിക-5).
'തെളിവുകളില്‍നിന്നും ലഭിക്കുന്ന മറ്റൊരു സൂചന ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഒരു ഉദ്ദേശം ബ്രിട്ടിഷ് ഭരണത്തെ അട്ടിമറിക്കുകയായിരുന്നുവെന്ന് കോടതി കാണുന്നു' (വിധിന്യായം: ഖണ്ഡിക-20).
'ഒന്നാം പ്രതിയായ ആലി മുസ്‌ലിയാര്‍ ഖിലാഫത്ത് പ്രസ്ഥാനത്തെ നയിച്ചിരുന്നു എന്നതിന് ധാരാളം തെളിവുകള്‍ ഉണ്ട്. രാജാവിനെതിരായി യുദ്ധം ചെയ്യാന്‍ അവര്‍ നാനാപ്രകാരത്തില്‍ വട്ടംകൂട്ടിയിരുന്നു' (വിധിന്യായം: ഖണ്ഡിക-22).
'വെറും മതഭ്രാന്തോ ഭൂമി സംബന്ധമായ ബുദ്ധിമുട്ടുകളോ അല്ല ആലി മുസ്‌ലിയാരെയും കൂട്ടുകാരെയും ലഹളയ്ക്ക് പ്രേരിപ്പിച്ചത്. ഖിലാഫത്തും നിസ്സഹകരണ പ്രസ്ഥാനവുമാണെന്ന് തെളിവില്‍നിന്ന് കോടതി കാണുന്നു' (വിധിന്യായം: ഖണ്ഡിക-4).
പ്രക്ഷോഭത്തിന്റെ മറ്റൊരു പശ്ചാത്തലത്തിനു നിറം പകരുന്ന വസ്തുത ഇങ്ങനെ:
ഡോ. എ. ഗംഗാധരന്‍ ഏറെക്കുറെ വസ്തുനിഷ്ഠമായി 'മാപ്പിള പഠനങ്ങള്‍' നടത്തിയ ചരിത്രപണ്ഡിതനാണ്. അദ്ദേഹം പറയുന്നു: 1792 ല്‍ ഇംഗ്ലീഷ് കമ്പനി മലബാറില്‍ അധികാരം ഏറ്റെടുത്തതിനുശേഷം നടത്തിയ വിശദമായ അന്വേഷണങ്ങളില്‍ നിന്ന്, ബ്രാഹ്മണാധിപത്യത്തോടു കൂടിയ ജാതിവ്യവസ്ഥയും അതിന്റെ ഭാഗമായ ഭൂബന്ധങ്ങളും നിലനിര്‍ത്തുന്നതാണ് ഭരണച്ചെലവ് കുറയ്ക്കാന്‍ സഹായകമാവുക എന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ ഫലമായി ജന്മിമാരുടെ അധികാരങ്ങള്‍ പൂര്‍വാധികം വര്‍ധിപ്പിക്കുന്ന വ്യവസ്ഥയാണ് ഇംഗ്ലീഷധികാരികള്‍ ഇവിടെ രൂപപ്പെടുത്തിയത്. ബ്രിട്ടിഷ് നീതിന്യായ വ്യവസ്ഥയുടെയും പൊലിസ്-പട്ടാള ശക്തിയുടെയും പിന്‍ബലം ലഭിച്ച ജന്മിമാര്‍ കൃഷിഭൂമി ഏറ്റെടുത്ത കുടിയാന്മാരെ വര്‍ധിച്ച പാട്ടം ലഭിക്കാനും മറ്റുമായി ഭൂമിയില്‍ നിന്നൊഴിപ്പിക്കുന്നത് അന്ന് പതിവായി. ഇതിനെ കലാപങ്ങളിലൂടെ മാപ്പിള കുടിയാന്മാര്‍ ചെറുക്കുന്നതും സാധാരണമായി'(മാപ്പിള പഠനങ്ങള്‍. പുറം-23).
'എരിയുന്ന തീയിലേക്ക് എണ്ണയൊഴിക്കുന്ന' നടപടികള്‍ ഏറെ: '1836 മുതല്‍ ഭൂമി ഒഴിപ്പിക്കുന്ന ജന്മിമാര്‍ക്കെതിരേ തുടര്‍ച്ചയായി നടന്നിരുന്ന കലാപങ്ങള്‍ക്ക് ഫളല്‍ തങ്ങള്‍ (മമ്പുറം) പ്രേരണ ചെലുത്തുന്നുവെന്ന് കലക്ടര്‍ കനോലി വിലയിരുത്തി. 1852 ജനുവരി 29 ന് മദ്രാസ് ഗവ. സെക്രട്ടറിക്ക് കലക്ടര്‍ എഴുതിയ കത്തില്‍ പറഞ്ഞത്: തങ്ങള്‍ എല്ലാ വിധത്തിലും അപകടകാരിയാണ്. പൊലിസുകാര്‍ തങ്ങള്‍ക്കെതിരേ നിസ്സഹായരാണ്. അദ്ദേഹം സാമ്രാജ്യത്തിനുള്ളിലെ സാമ്രാജ്യമാണ് എന്നതില്‍ ഒട്ടും സംശയമില്ല'.
താന്‍ സ്ഥലം വിട്ടില്ലെങ്കില്‍ മുസ്‌ലിം സമുദായം നിശ്ശേഷം ചുട്ടുചാമ്പലാക്കപ്പെടുമെന്ന് തങ്ങള്‍ കരുതിയിരിക്കാം: '1852 മാര്‍ച്ച് 19 ന് അമ്മാവന്മാര്‍, അളിയന്മാര്‍, മക്കള്‍, സഹോദരി, പരിചാരകര്‍ ഉള്‍പ്പെട്ട 57 പേരോടുകൂടി തങ്ങളെ തന്ത്രപൂര്‍വം കനോലി സായ്പ് നാടുകടത്തി. (അദ്ദേഹം ഹളര്‍മൗത്തിലെത്തി കോണ്‍സ്റ്റാന്റിനോപ്പിളില്‍ 1901 ല്‍ വഫാത്തായി. മക്കള്‍ക്ക് തുര്‍ക്കി ഖലീഫമാര്‍ പെന്‍ഷന്‍ നല്‍കിയിരുന്നു) ഇത് മറ്റൊരു വശം. സാക്ഷാല്‍ കനോലി പിന്നീട് ഏതാനും മാപ്പിളമാരാല്‍ വധിക്കപ്പെട്ടത് ബാക്കിപ്പത്രം.
കനോലിയോടുള്ള കുടിപ്പകയ്ക്ക് മതിയായ കാരണം കനോലി തന്നെ സ്ഥാപിച്ചെടുത്തിരുന്നു. മലബാറിലെ പ്രമുഖ അധ്വാന വര്‍ഗമായിരുന്ന മാപ്പിളമാര്‍ സവര്‍ണ ജന്മിമേധാവിത്തത്തിന്റെ മുഷ്‌കിനും ചൂഷണത്തിനും വഴങ്ങാതെ ചെറുത്തുനില്‍ക്കുന്നുണ്ടായിരുന്നു. നീതി നിഷേധത്തിനെതിരേ എപ്പോഴും കലഹിച്ചുകൊണ്ടിരുന്ന ഈ സമൂഹത്തിന് ഇംഗ്ലീഷുകാര്‍ നല്‍കിയ നാമം ലഹളക്കാര്‍ എന്നാണ്. ഈ ലഹളകളുടെ കാരണം അന്വേഷിക്കാനും ഉന്മൂലനം ചെയ്യാനും വേണ്ടതു ചെയ്യണമെന്ന കലക്ടര്‍ കനോലിയുടെ നിര്‍ദേശ പ്രകാരം 1852 ല്‍ നിയുക്തനായ സ്‌ട്രെയിഞ്ചിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 'മാപ്പിള ഔട്ട് റേജസ് ആക്ട്' എന്ന കുപ്രസിദ്ധ മാപ്പിള വിരുദ്ധ നിയമം ഉടലെടുക്കുന്നത്. ഈ നിയമത്തിന്റെ ബലത്തില്‍ കനോലി സായ്പ് 1855 ആദ്യത്തില്‍ ഏറനാട്ടിലെ മുഴുവന്‍ മാപ്പിള വീടുകളും പട്ടാളക്കാരെ ഉപയോഗിച്ച് റെയ്ഡ് ചെയ്തു. 7561 കത്തികള്‍ പിടിച്ചെടുക്കുകയും കൈവശം വെച്ചിരുന്ന മാപ്പിളമാരെ കഠിനമായി കൈകാര്യം ചെയ്യുകയുമുണ്ടായി. ഇങ്ങനെ മാപ്പിള സമൂഹത്തിന്റെ കടുത്ത വിരോധത്തിന് ഇരയായ ഈ കലക്ടരാണ് മമ്പുറം സയ്യിദ് ഫളല്‍ തങ്ങളെയും കുടുംബങ്ങളെയും നാടുകടത്തുകകൂടി ചെയ്തത്.
ജന്മിമാര്‍ക്കെതിരായി മാത്രമല്ല, സ്വന്തം മതത്തിന് അപമാനമായിത്തോന്നിയ എന്തിന്റെ പേരിലും മാപ്പിളമാര്‍ കലാപത്തിനൊരുങ്ങിയിരുന്നു. 1836 മുതല്‍ 1919 വരെയുള്ള കാലത്ത് ഇത്തരത്തിലുള്ള 31 വലിയ കലാപങ്ങള്‍ നടന്നതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഇന്ന് ലഭ്യമാണ്.
'1921 ലെ മലബാര്‍ കലാപത്തെ 19 ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലാരംഭിച്ച കലാപങ്ങളില്‍ നിന്ന് വ്യത്യസ്തമായി കാണേണ്ടതുണ്ട്. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഖിലാഫത്ത് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച മാപ്പിളമാര്‍ കലാപക്കാരായേക്കാം എന്നു കരുതി ബ്രിട്ടിഷ് പൊലിസുകാര്‍ അവരെ കഠിനമായി ദ്രോഹിച്ചു തുടങ്ങിയ സാഹചര്യത്തിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത് '(മാപ്പിള പഠനങ്ങള്‍). പോയ നൂറ്റാണ്ടുകളിലെ പല കാര്യങ്ങളും ഇന്ന് അരോചകമായി തോന്നും. മലബാര്‍ കലാപത്തിന്റെ കാര്യത്തില്‍ മാത്രം അതു ഒതുങ്ങുന്നില്ല.
അന്തിമ വിശകലനത്തില്‍ തീര്‍ച്ചയായും അതൊരു യുദ്ധം തന്നെയായിരുന്നു. ശത്രുക്കള്‍ക്കും ശത്രുക്കളെ സഹായിച്ചവര്‍ക്കും തമ്മില്‍ വകതിരിവുണ്ടായിരിക്കുകയില്ല. ഏത് യുദ്ധത്തിന്റെയും അവസ്ഥ അതാണ്. ഈ സമൂഹം മുമ്പ് ഡച്ചുകാര്‍ക്കെതിരെയും പറങ്കികള്‍ക്കെതിരെയും ചെയ്ത യുദ്ധവും ഇങ്ങനെത്തന്നെയായിരുന്നുവല്ലൊ. ഇന്ന് ന്യായീകരിക്കാനോ തര്‍ക്കം കൂടാനോ സമയം ചെലവഴിക്കുന്നത് ബുദ്ധിയല്ലെന്നാണ് ഡോ. ഗംഗാധരന്‍ ശുപാര്‍ശ ചെയ്യുന്നത്. അതൊരു ചരിത്ര സംഭവമാണ്. സംശയമില്ല.
ഡോ. ഗംഗാധരന്‍ സമര്‍പ്പിച്ച അക്കാദമിക ശുപാര്‍ശ ഇങ്ങനെ: ഒരു ചരിത്ര സംഭവം - ഇന്നത്തെ തലമുറയ്ക്ക് ചില പാഠങ്ങള്‍ നല്‍കാന്‍ ഉപകരിക്കുന്ന ചരിത്ര സംഭവം- എന്ന നിലയ്ക്കല്ലാതെ കലാപത്തെക്കുറിച്ച് സംസാരിക്കുന്നതും എഴുതുന്നതും നല്ലതല്ല എന്ന അഭിപ്രായമാണെനിക്കുള്ളത്. ഏറ്റവും പരിതാപകരമായത്, കലാപം കൊണ്ട് മുസ്‌ലിംങ്ങള്‍ക്കോ ഹിന്ദുക്കള്‍ക്കോ ദേശീയ പ്രസ്ഥാനത്തിനോ എന്തെങ്കിലും ഗുണകരമായ ഫലം ഉണ്ടായിട്ടില്ല എന്നതാണ് (മാപ്പിള പഠനങ്ങള്‍. പുറം- 87)
വിസ്മരിക്കാനാവാത്ത ചില വസ്തുതകളുണ്ട്: പതിനായിരത്തിലധികം മാപ്പിളമാരെ വെള്ളക്കാര്‍ പച്ചയില്‍ വെടിവച്ചുകൊന്നിട്ടുണ്ട്. ഇരുപതിനായിരത്തിലധികം പേരെ പലേടത്തേക്കുമായി നാടു കടത്തിയിട്ടുണ്ട്. അന്‍പതിനായിരത്തില്‍പരം പേരെ ജീവപര്യന്തം കല്‍ത്തുറുങ്കിലടച്ചു. പതിനായിരത്തിലേറെ മാപ്പിളമാര്‍ക്ക് എന്തുപറ്റിയെന്ന് അറിയില്ല. 'കാണാതായി' എന്നാണ് ഔദ്യോഗിക ഭാഷ്യം. ഇവരുടെ അനാഥരായ മക്കളും കൊച്ചുമക്കളുമായ ശേഷിച്ച പതിനായിരങ്ങളുടെ പരമ്പരകളാണ് ഇപ്പോള്‍ നൂറാം വാര്‍ഷികത്തെപ്പറ്റി ചിന്തിച്ചതെന്നോര്‍ക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."