ഓപറേഷന്‍ നൈറ്റ് റൈഡേഴ്‌സ്; കൂട്ടുപുഴയില്‍ പരിശോധന ശക്തമാക്കി
ഇരിട്ടി: കല്ലട ബസിലെ അക്രമ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് കൂട്ടുപുഴയിലും ശക്തമാക്കി. ഇന്നലെ അര്‍ധരാത്രി മുതല്‍ രാവിലെ എട്ടുവരെ നടത്തിയ പരിശോധനയില്‍ ബംഗളൂരു, മൈസൂരു, കോഴിക്കോട്, കണ്ണൂര്‍, തലശ്ശേരി, പയ്യന്നൂര്‍ റൂട്ടില്‍ അന്തര്‍ സംസ്ഥാന സര്‍വിസ് നടത്തുന്ന പതിനാലോളം ബസുകളില്‍ ക്രമക്കേട് കണ്ടെത്തി. നാല്‍പ്പതോളം ബസുകളില്‍ പരിശോധന നടത്തിയ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അന്തര്‍ സംസ്ഥാന സര്‍വിസ് നടത്തുന്ന ബസുകളില്‍ യാത്രക്കാര്‍ക്ക് പുറമെ നിയമവിരുദ്ധമായി ഇലക്ട്രോണിക്‌സ് ഇലക്ട്രിക് ഉപകരണങ്ങള്‍, ടെക്‌റ്റൈയില്‍സ് ഉല്‍പ്പന്നങ്ങള്‍ കടത്തുന്നതായി കണ്ടെത്തി. യാത്രക്കാരുടേതെല്ലാത്ത ചരക്കുകള്‍ ബസുകളുടെ മുകള്‍ ഭാഗത്തും അടിവശത്തെ രഹസ്യ അറകളിലും വരെ ഒളിപ്പിച്ച് അനധികൃതമായി നികുതി വെട്ടിച്ച് കടത്തുന്നതായാണ് കണ്ടെത്തിയത്.
ഇതിനു പുറമെ യാത്രാ നിയമങ്ങള്‍ കാറ്റില്‍പറത്തി യാത്രക്കിടെ പലയിടങ്ങളില്‍ നിന്നായി അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റി അമിത ചാര്‍ജ് ഈടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. കൂട്ടുപുഴ-മാക്കൂട്ടം അതിര്‍ത്തിയില്‍ കൂട്ടുപുഴപാലത്തിനടുത്ത് പുതുതായി ആരംഭിച്ച മോട്ടോര്‍ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റില്‍വച്ചാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന ശക്തമാക്കിയത്. ക്രമക്കേടുകള്‍ കണ്ടെത്തിയ ബസുടമകള്‍ക്ക് തുടര്‍ നടപടിയുടെ ഭാഗമായി നോട്ടിസ് അയച്ചതായും പരിശോധനയില്‍ യാത്രക്കാര്‍ക്ക് വേണ്ടത്ര യാത്രാ സുരക്ഷ ഉറപ്പാക്കാത്ത ബസ് ഉടമകളില്‍ നിന്നു പിഴ ഈടാക്കാന്‍ നിര്‍ദേശം നല്‍കിയതായും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചെക്ക് പോസ്റ്റുകള്‍ക്കു പുറമെ വരും ദിവസങ്ങളില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്തര്‍ സംസ്ഥാന ബസുകളില്‍ ജില്ലയിലെ പല പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും മിന്നല്‍ പരിശോധനയുള്‍പ്പെടെ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. കൂട്ടുപുഴയില്‍ പരിശോധനകള്‍ക്ക് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ അനൂപ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.എസ് ശങ്കര്‍, ഒ.എ അനൂപ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."