യാത്രക്കാരുടെ ജീവന്‍ പന്താടി സ്വകാര്യ ബസ് ജീവനക്കാര്‍ 'കൊലവിളി' തുടരുന്നു ഇന്നലെ ഫറോക്ക് ബസ്സ്റ്റാന്‍ഡില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം;
ബസ് പൊലിസ് കസ്റ്റഡിയിലെടുത്തു
ഫറോക്ക്: സ്വകാര്യ ബസുകളുടെ മത്സരയോട്ടവും നടുറോഡിലെ തമ്മിലടിയും പതിവാകുന്നു. കൊലവിളിയോടെയുള്ള മത്സരയോട്ടത്തിനൊപ്പം റോഡ് തടസപ്പെടുത്തിയുള്ള ബസ് ജീവനക്കാരുടെ അടിപിടിയും ഫറോക്ക് മേഖലയില്‍ യാത്രക്കാര്‍ക്കു ദുരിതമാകുകയാണ്. അതിനിടയില്‍, ഫറോക്ക് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ തൊഴിലാളികളെയും ബസും ഫറോക്ക് പൊലിസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെ പത്തരയോടെ ബസ് സ്റ്റാന്‍ഡിലെത്തിയ കോഴിക്കോട് ഭാഗത്തേക്കുള്ള നജീബ്, റയീസ് എന്നീ രണ്ട് ബസുകളിലെ തൊഴിലാളികള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. സമയതര്‍ക്കത്തില്‍ ചാലിയം-കോഴിക്കോട് റൂട്ടിലോടുന്ന നജീബ് ബസ്, സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട കോഴിക്കോട് ഭാഗത്തേക്കു പോകുന്ന റയീസ് ബസില്‍ ഇടിച്ചുകയറ്റുകയായിരുന്നു. തലനാരിഴയ്ക്കാണു യാത്രക്കാര്‍ അപകടത്തില്‍ നിന്നു രക്ഷപ്പെട്ടത്. ഇതിനെ തുടര്‍ന്നാണു ജീവനക്കാര്‍ തമ്മില്‍ അടിപിടിയുണ്ടായത്. സംഘര്‍ഷം നീണ്ടതോടെ സ്ത്രീകളുള്‍പ്പെടെയുള്ള യാത്രക്കാര്‍ ഭയന്നു മറ്റ് ബസുകളില്‍ കയറുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലിസ് ബസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ചയും രണ്ട് ബസുകളിലെ ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്നു തൊഴിലാളികളെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഘര്‍ഷം നിത്യസംഭവമായ ഫറോക്ക് ബസ് സ്റ്റാന്‍ഡില്‍ പൊലിസ് എയ്ഡ്‌പോസ്റ്റ് കര്‍ശനമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ഏറെനാളായി തുടരുന്ന മേഖലയിലെ സ്വകാര്യ ബസുകാരുടെ അഴിഞ്ഞാട്ടത്തിനെതിരേ കര്‍ശന നടപടിയെടുക്കാത്തതില്‍ ജനങ്ങള്‍ ശക്തമായ പ്രതിഷേധത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."