ഹോട്ടല്‍മാലിന്യം ജനവാസമേഖലയില്‍ തള്ളുന്നത് നാട്ടുകാര്‍ തടഞ്ഞു
ചാത്തന്നൂര്‍: ഹോട്ടല്‍ മാലിന്യങ്ങള്‍ ജനം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തെ പുരയിടത്തില്‍ തള്ളുന്നത് നാട്ടുകാര്‍ തടഞ്ഞു. ഇന്നലെ രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. ചിറക്കര പഞ്ചായത്തിലെ പാണിയില്‍ ഗുരുമന്ദിരത്തിന് സമീപം മുഖസിന്റെ പുരയിടത്തിലാണ് മാലിന്യങ്ങള്‍ തള്ളിയത്. മാസങ്ങളായി ഇവിടെ മാലിന്യം തള്ളുന്നത് പതിവായിരുന്നു. കൊട്ടിയത്തെ ഒരു പ്രമുഖ ഹോട്ടലിലെ പ്ലാസ്റ്റിക്കുകളും ഇറച്ചി മാലിന്യങ്ങളും ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് ഇവിടെ തള്ളുന്നത്. ഈ മാലിന്യങ്ങള്‍ കാരണം തെരുവുനായ്ക്കളുടെ ശല്യം വര്‍ധിക്കുകയും സമീപത്തെ കുടിവെള്ള സ്രോതസുകളില്‍ പക്ഷികളും മറ്റും കൊത്തിയിടുന്നതും പതിവായതോടെയാണു നാട്ടുകാര്‍
ഇടപെട്ടത്. ഇന്നലെ രാവിലെ പുഴുവരിച്ച മാലിന്യങ്ങളുമായി എത്തിയ പിക്കപ്പ് വാന്‍ പ്രദേശവാസികള്‍ തടയുകയായിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ദീപു, സെക്രട്ടറി കെ.പി അനിലകുമാരി എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് അധികൃതരും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പുരയിടത്തിന്റെ ഉടമസ്ഥനുമായി സംസാരിച്ചെങ്കിലും തന്റെ വസ്തുവില്‍ പച്ചക്കറി മാലിന്യങ്ങളാണു കൊണ്ടിടുന്നതെന്നും അതിവിടെതന്നെ ഇടുമെന്നും പറഞ്ഞതോടെ രംഗം വഷളായി.
അതോടെ ചാത്തന്നൂര്‍ പൊലിസിനെ വിവരമറിയിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും അത് സംസ്കരിക്കുന്നതിനും പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്ന ചിറക്കര പഞ്ചായത്തില്‍ മറ്റു പഞ്ചായത്തില്‍ നിന്നു മാലിന്യങ്ങള്‍ കൊണ്ടുവന്നു തള്ളുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടു. ഇതെതുടര്‍ന്ന് വാഹന ഡ്രൈവറെയും വസ്തു ഉടമയെയും ചാത്തന്നൂര്‍ പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന മാലിന്യങ്ങള്‍ കൊണ്ടു തള്ളിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നു നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."