'സ്പാര്‍കിലെ' വിവരങ്ങള്‍ വീണ്ടും ചോരുന്നു; വടിയെടുത്ത് സര്‍ക്കാര്‍
നിലമ്പൂര്‍: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണ സോഫ്റ്റ് വെയറായ സ്പാര്‍ക് (സര്‍വിസ് ആന്‍ഡ് പേറോള്‍ അഡ്മിനിസ്‌ട്രേറ്റീവ് റിപ്പോസിറ്ററി ഫോര്‍ കേരള) വിവരങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ വീണ്ടും ചോര്‍ത്തുന്നതായി കണ്ടെത്തല്‍.
ചില സര്‍ക്കാര്‍, എയ്ഡഡ് ഓഫിസ് മേധാവികളും ഗസറ്റഡ് ഉദ്യോഗസ്ഥരില്‍ പലരും തങ്ങളുടെ യൂസര്‍ ഐ.ഡി, പാസ്‌വേര്‍ഡ് എന്നിവയ്ക്കു പുറമെ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ഉള്‍പ്പെടെ സ്വകാര്യ ഇന്റര്‍നെറ്റ് കഫേ ഏജന്‍സികള്‍ക്കു കൈമാറിയതോടെയാണ് സ്വകാര്യ വ്യക്തികള്‍ ഇവ യഥേഷ്ടം ഉപയോഗിക്കുന്നത്.
ഇതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം കര്‍ശന നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ധനകാര്യ വകുപ്പ് പുറപ്പെടുവിച്ചു. ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തവര്‍ തൊട്ടടുത്ത സര്‍ക്കാര്‍ ഓഫിസുകളില്‍ ഈ സൗകര്യം ഉപയോഗിക്കണം. സ്വകാര്യ ഏജന്‍സികള്‍ക്കോ, മറ്റോ ഇവ കൈമാറുന്നില്ലെന്ന് വകുപ്പ് തലവന്‍മാര്‍ ഉറപ്പുവരുത്തണം, അലംഭാവം കാണിച്ചാല്‍ വകുപ്പുതല നടപടിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കാണിച്ചുള്ള 6 കര്‍ശന നിര്‍ദേശങ്ങളാണ് സര്‍ക്കുലറില്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
വളരെ രഹസ്യ സ്വഭാവത്തില്‍ സൂക്ഷിക്കേണ്ട സ്പാര്‍ക് യൂസര്‍നെയിമും പാസ്‌വേര്‍ഡും പുറത്തെ ഏജന്‍സികള്‍ക്കും ഇന്റര്‍നെറ്റ് കഫേകളിലുള്ളവര്‍ക്കും കൊടുത്ത ഓഫിസര്‍മാരെ കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് സര്‍ക്കുലറില്‍ പറയുന്നു.
2018ലും സമാന സംഭവം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ഓഫിസ് മേലാധികാരിക്ക് ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ കൂടി നിര്‍ബന്ധമാക്കിയത്.
ആധാറിനു പുറമേ ഡിജിറ്റല്‍ സിഗ്‌നേച്ചറും സ്പാര്‍കുമായി ബന്ധിപ്പിച്ചതോടെ തല്‍കാലം പരിഹാരമായിരുന്നു. എന്നാല്‍ വീണ്ടും സ്വകാര്യ ഏജന്‍സികള്‍ സ്പാര്‍ക്ക് ഐ.ഡിയും പാസ്‌വേര്‍ഡും ഉപയോഗിക്കുന്നതായി കണ്ടെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."