ശക്തമായ കാറ്റിലും മഴയിലും കിഴക്കേ ഐമുറിയിലും പിണ്ടിമനയിലും പരക്കെ നാശം
പെരുമ്പാവൂര്‍ / കോതമംഗലം: കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ മഴയിലും കാറ്റിലും കിഴക്കേ ഐമുറിയിലും പിണ്ടിമന പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും വന്‍ നാശനഷ്ടം.
പിണ്ടിമന പ്ലാത്തുംമൂട്ടില്‍ സുകുമാരന്റെ വീടിന്റെ മുകളിലേക്ക് മുന്ന് തേക്ക് മരങ്ങളും അടയ്ക്കാമരവും വീണ് വീട് ഭാഗീകമായി തകര്‍ന്നു. സമീപത്തെ പട്ടരുമഠം സോമന്റെ വീടിന്റെ മുകളിലേക്ക് പ്ലാവ് വീണ് വീടിന്റെ ഒരു ഭാഗം തകര്‍ന്നു. പിണ്ടിമന എസ്.എന്‍.ഡി.പി ശാഖാ ഓഫീിസിന് മുകളിലേക്ക് ആഞ്ഞിലിമരം മറിഞ്ഞ് വീണ് വാര്‍ക്കയുടെ ഷെയ്ഡ് ഒടിഞ്ഞു. നിരവധി ഇലക്ട്രിക് പോസ്റ്റുകളും റബ്ബര്‍ മരങ്ങളും ഒടിഞ്ഞ് വീണ് പിണ്ടിമന പഞ്ചായത്തിലെ എല്ലാ വഴികളും തടസപ്പെട്ടിരിക്കുകയാണ്. പ്രദേശത്തെ വൈദ്യുതി ബന്ധവും തകരാറിലായി.
കിഴക്കേ ഐമുറിയില്‍ മരങ്ങള്‍ വീണ് മൂന്ന് വീടുകള്‍ക്ക് കേടുപറ്റി. ശക്തമായ കാറ്റില്‍ നൂറു കണക്കിന് ജാതി, വാഴ തുടങ്ങിയ കൃഷികളും നശിച്ചു. മരങ്ങള്‍ വീണത് മൂലം 11 കെ.വി ലൈന്‍ ഉള്‍പ്പെടെ 12 വൈദ്യുതി കാലുകള്‍ ഒടിഞ്ഞു. ഇതുമൂലം പരിസരപ്രദേശങ്ങളില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. ഇന്നലെ ഏറെ വൈകിയും പലയിടങ്ങളിലും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായില്ല.
പട്ടാല്‍പാറ റോഡില്‍ അര കിലോമീറ്ററോളം നിറയെ മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടു. ചേലാടന്‍ കുടി വള്ളോത്തി, പളളിക്കല്‍ മാധവന്‍, കോട്ടപ്പുറം മത്തായി എന്നിവരുടെ വീടുകള്‍ക്കാണ് മരം വീണ് നാശമുണ്ടായത്. കാഞ്ഞിരത്തിങ്കല്‍ പൗലോസിന്റെ വീടിന് സമീപമുള്ള ഷെഡ് മരം വീണ തകര്‍ന്നു.
കാഞ്ഞിരത്തിങ്കല്‍ പാലോസിന്റെ 22 ജാതി മരങ്ങള്‍ കാറ്റില്‍ കടപുഴകി. മൂഴിക്കുളം വര്‍ഗീസിന്റെ 17ഉം പാത്തിക്കല്‍ ജോയിയുടെ 21, ചെറിയ ച്ചേരില്‍ വര്‍ഗീസിന്റെ 17, പട്ടത്ത് ഗോപിനാഥിന്റെ നാല്, പാത്തിക്കല്‍ ബേബിയുടെ എട്ട്, പാത്തിക്കല്‍ പൗലോസിന്റെ നാല് ജാതി മരങ്ങളും പടിക്കല്‍ പുത്തന്‍ വീട് രവീന്ദ്രന്‍ നായരുടെ നൂറിലധികം ഏത്തവാഴകളും കാറ്റില്‍ നിലംപൊത്തി. തെങ്ങ്, കമുക്, റബ്ബര്‍ തുടങ്ങിയ വിളകള്‍ക്കും വ്യാപക നാശമുണ്ടായി. പഞ്ചായത്തംഗം ഫെജിന്‍ പോള്‍, കൂവപ്പടി വില്ലേജ് ഓഫിസര്‍ എലിസബത്ത് ബീന എന്നിവര്‍ നാശനഷ്ടങ്ങള്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."