നിലപാട് കടുപ്പിച്ച് കൃഷിവകുപ്പ്: വീടിനായി അഞ്ചു സെന്റ് നെല്‍വയല്‍ പോലും നികത്തരുത്
തിരുവനന്തപുരം: വീടു നിര്‍മാണത്തിന് അഞ്ച് സെന്റ് നെല്‍വയല്‍ പോലും നികത്തുന്നത് അനുവദിക്കില്ലെന്ന് കൃഷിവകുപ്പ്. അഞ്ച് സെന്റ്് നെല്‍വയല്‍ നികത്തി വീട് നിര്‍മിക്കുന്നതിന് കണ്ണൂര്‍ കല്യാശേരി സ്വദേശി ശശീന്ദ്രന്‍ നല്‍കിയ അപേക്ഷ നിരസിച്ചാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വീടു നിര്‍മാണത്തിനാണെങ്കിലും നെല്‍വയല്‍ നികത്തുന്നത് ചട്ടലംഘനമാണെന്നാണ് കൃഷിവകുപ്പിന്റെ നിലപാട്.
കല്യാശ്ശേരി വില്ലേജില്‍ സര്‍വേ നമ്പര്‍ 922 ല്‍ ഉള്‍പ്പെട്ട അഞ്ച് സെന്റ് നെല്‍വയല്‍ നികത്തി വീട് നിര്‍മിക്കുന്നതിനാണ് ശശീന്ദ്രന്‍ അപേക്ഷ നല്‍കിയത്. 2013 ലാണ് ശശീന്ദ്രന്‍ നിലം നികത്താന്‍ ആദ്യം പഞ്ചായത്തില്‍ അപേക്ഷ നല്‍കിയത്. ഭൂമി ഡാറ്റാബാങ്കില്‍ നെല്‍വയല്‍ ആയതിനാല്‍ അനുമതി ലഭിച്ചില്ല.
തുടര്‍ന്ന് അനുമതിക്കായി കലക്ടര്‍ക്ക് അപേക്ഷ നല്‍കി. ഉദ്യോഗസ്ഥര്‍ നടത്തിയ ഹിയറിങില്‍ അപേക്ഷ നിരസിച്ചു. ഇതിനിടെ വീട് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം നികത്തുകയും ഷെഡ് നിര്‍മിക്കുകയും ചെയ്തു. ഇവിടെയാണ് കുടുംബം ഇപ്പോള്‍ താമസിക്കുന്നത്.
സ്ഥല പരിശോധന നടത്തി കൃഷി ഓഫിസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അനുമതി ലഭിക്കാതെ ശശീന്ദ്രന്‍ അഞ്ചു സെന്റോളം നിലം ഭാഗികമായി നികത്തി വീടിനുള്ള തറകെട്ടിയെന്ന് ചൂണ്ടിക്കാട്ടി നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ വിധേയമായി ഉചിതമായ തീരുമാനമെടുക്കണമെന്നും ശുപാര്‍ശ നല്‍കി.
എന്നാല്‍, വീട് നിര്‍മാണത്തിന് അപേക്ഷ നല്‍കുമ്പോള്‍ മൂന്ന് ഭാഗത്തും നെല്‍വയലായിരുന്നു എന്ന കാരണത്താല്‍ അനുമതി നിഷേധിക്കുകയായിരുന്നു. സ്ഥലം ഡാറ്റാ ബാങ്കില്‍ നെല്‍വയലാണ്. ഭക്ഷ്യ സുരക്ഷക്ക് ഉപരി നെല്‍വയല്‍ സംരക്ഷിക്കേണ്ടത് ആവാസവ്യവസ്ഥക്ക് ആവശ്യമാണ്. നെല്‍വയലുകള്‍ നഷ്ടമാകുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. അതിനാല്‍ ശശീന്ദ്രന്‍ നിലം പരിവര്‍ത്തനപ്പെടുത്തിയത് ഗുരുതര ചട്ടലംഘനമാണെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."