നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ അടുത്തമാസം നടത്തുന്നതിനെതിരേ പുതുച്ചേരിയും
ന്യൂഡല്‍ഹി: നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ അടുത്തമാസം നടത്താനുള്ള നീക്കത്തിനെതിരേ പുതുച്ചേരിയും സുപ്രിംകോടതിയെ സമീപിച്ചു. പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, രാജസ്ഥാന്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയതിന് പിന്നാലെയാണ് പുതുച്ചേരി സര്‍ക്കാര്‍ വിപ്പ് ആര്.കെ.ആര് അനന്ദരാമന്‍ സുപ്രിംകോടതിയില്‍ പുനഃപരിശോധനാ ഹരജി നല്‍കിയിരിക്കുന്നത്. ഈ മാസം 26ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി വിളിച്ചുചേര്‍ത്ത എന്‍.ഡി.എ ഇതര മുഖ്യമന്ത്രിമാരുടെ യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങള്‍ കോടതിയെ സമീപിച്ചത്.
അതേസമയം, പരീക്ഷകള്‍ അടുത്തമാസം നടത്താനുള്ള നീക്കത്തിനെതിരേ പ്രതിഷേധം തുടരുകയാണ്. പരീക്ഷ നീട്ടണമെന്നാവശ്യപ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെക്ക് കത്തയച്ചു. പരീക്ഷ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍.എസ്.യു.ഐ രാജ്യത്തെ വിവിധയിടങ്ങളില്‍ ബുധനാഴ്ച ആരംഭിച്ച നിരാഹാര സമരം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."