മുഖ്യമന്ത്രിയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് നിരാശാജനകം: ധീവരസഭ
ആലപ്പുഴ: ഏകദിന നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് മത്സ്യത്തൊഴിലാളി സമൂഹത്തെ സംബന്ധിച്ചിടത്തോളം നിരാശാജനകമെന്ന് ധീവരസഭ സംസ്ഥാന കമ്മിറ്റി. നാലുവര്‍ഷത്തിലധികമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ സമഗ്രരൂപമാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ലൈഫ് മിഷന്‍ പദ്ധതി അനുസരിച്ച് 2.25 ലക്ഷം കുടുംബങ്ങള്‍ക്ക് ഭവനം നിര്‍മിക്കുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി നിര്‍മിച്ചത് 1,455 ഭവനങ്ങള്‍ മാത്രമാണ്. പ്രത്യേക മത്സ്യത്തൊഴിലാളി ഭവന പദ്ധതി ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതുകൊണ്ടാണ് ഇത്രയും കുറഞ്ഞ ഭവനങ്ങള്‍ നിര്‍മിക്കാനുള്ള സാഹചര്യമുണ്ടായതെന്ന് ധീവരസഭ സംസ്ഥാന ജനറല്‍സെക്രട്ടറി വി. ദിനകരന്‍ പറഞ്ഞു. കിഫ്ബി വഴി 730 വികസന പദ്ധതികള്‍ 57,331 കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചതില്‍ തീരമേഖലയുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങളായ ഫിഷിങ് ഹാര്‍ബര്‍ നിര്‍മാണമടക്കമുള്ള സുപ്രധാന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയില്ല. കേരളത്തില്‍ 24 ഫിഷിങ് ഹാര്‍ബര്‍ ഉള്ളതില്‍ ആറെണ്ണം മാത്രമേ പ്രവര്‍ത്തനക്ഷമമായിട്ടുള്ളൂവെന്ന് ഫിഷറിസ് മന്ത്രി തന്നെ വ്യക്തമാക്കിയിരിക്കുമ്പോള്‍ പൊന്നാനി, ചെത്തി തുറമുഖങ്ങളുടെ നിര്‍മാണം നടത്തുന്നുവെന്നാണ് മുഖ്യമന്ത്രി പ്രസ്താവിച്ചത്. ഫിഷറിസ് മന്ത്രിയുടെ വെളിപ്പെടുത്തല്‍ അനുസരിച്ച് 16 ഫിഷിങ് ഹാര്‍ബറുകള്‍ പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ അതിന്റെ ദുരിതം പേറേണ്ടി വരുന്നത് ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികളാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."