അര്‍ധരാത്രിയിലെ ഫോണ്‍ വിളി; ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു
പള്ളുരുത്തി(കൊച്ചി): അര്‍ധരാത്രിയിലെ ഫോണ്‍ വിളിയെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. എറണാകുളം ജില്ലയിലെ കണ്ണമാലിയില്‍ ആണ് സംഭവം. കണ്ണമാലി സ്വദേശിനി ഷേര്‍ളി(44)യെയാണ് ഭര്‍ത്താവ് സേവ്യര്‍ കൊലപ്പെടുത്തിയത്. ഫോണ്‍ വിളികള്‍ അര്‍ധരാത്രിയിലേക്ക് നീണ്ടതോടെ അരിശം മൂത്ത സേവ്യര്‍ ഷേര്‍ളിയെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് സേവ്യറി(67)നെ കണ്ണമാലി പൊലിസ് അറസ്റ്റ് ചെയ്തു. ഭാര്യയോടുള്ള സംശയവും പലരുമായി അര്‍ധരാത്രിയിലുള്ള ഷേര്‍ളിയുടെ ഫോണ്‍ വിളിയുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലിസ് പറഞ്ഞു.
ഇന്നലെ പുലര്‍ച്ചെയാണ് മാസങ്ങളായുള്ള കുടുംബ വഴക്ക് കൊലപാതകത്തില്‍ കലാശിച്ചത്. ഷേര്‍ളി ഫോണില്‍ സംസാരിക്കുന്നത് സേവ്യര്‍ പലതവണ വിലക്കിയിരുന്നു. കഴിഞ്ഞ രാത്രിയിലും ഇതേ ചൊല്ലി കൈയാങ്കളിയും വാക്കേറ്റവുമുണ്ടായി. തുടര്‍ന്ന് തോര്‍ത്ത് മുണ്ട് ഉപയോഗിച്ച് ഷേര്‍ളിയുടെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നാണ് സേവ്യര്‍ പൊലിസിന് നല്‍കിയ മൊഴി. ഭാര്യയെ കൊലപ്പെടുത്തിയ വിവരം സേവ്യര്‍ തന്നെയാണ് പൊലിസിനെ അറിയിച്ചത്. കൊല്ലപ്പെട്ട ഷേര്‍ളി തൊഴിലുറപ്പ് ജോലിക്കാരിയാണ്. കണ്ണമാലിയില്‍ ചെമ്മീന്‍ കെട്ടിലാണ് സേവ്യര്‍ ജോലി ചെയ്യുന്നത്.
ഏതാനും ദിവസം മുന്‍പ് ജോലിയുടെ ആവശ്യത്തിന് പാലക്കാട്ടേക്ക് പോയ ഷേര്‍ളിയെ കാണാനില്ലെന്ന് കാണിച്ച് സേവ്യര്‍ പൊലിസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലിസ് ഇടപെട്ട് ഇവരെ തിരികെയെത്തിച്ചിരുന്നു. തുടര്‍ന്ന് പാലക്കാട്ടേക്ക് ജോലിക്ക് പോകണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും ഭര്‍ത്താവ് സമ്മതിച്ചിരുന്നില്ല. ജോലിക്ക് വരാനാവശ്യപ്പെട്ട് ഫോണ്‍ വരുന്നതായാണ് ഇവര്‍ ഭര്‍ത്താവിനോട് പറഞ്ഞിരുന്നത്. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിക്കും ഫോണ്‍ വന്നതിനെ തുടര്‍ന്നാണ് ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയും കൊലപാതകത്തില്‍ കലാശിക്കുകയും ചെയ്തത്.
സേവ്യറുടെ പേരില്‍ തമിഴ്‌നാട്ടില്‍ കൊലപാതക കേസുള്ളതായി നാട്ടുകാര്‍ പറയുന്നു. മുന്‍ ഭാര്യയേയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സമീപവാസികള്‍ പറയുന്നത്. തുടര്‍ന്നാണത്രേ ഇയാള്‍ അയല്‍വാസിയായ ഷേര്‍ളിയുമായി അടുപ്പത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."