ചെന്നിത്തലക്ക് എന്തുപറ്റിയെന്ന് മനസിലാകുന്നില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: വിമര്‍ശനം ഉന്നയിക്കാനായി മാത്രം സര്‍ക്കാരിനെ വിമര്‍ശിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചെന്നിത്തലക്ക് എന്തുപറ്റിയെന്നാണ് ഞാന്‍ ആലോചിക്കുന്നത്. നേരത്തേ എല്ലാം പഠിച്ച് പറയുന്ന ആളായിരുന്നു. വിമര്‍ശനമില്ലെങ്കില്‍ പ്രതിപക്ഷമാകില്ലെന്ന് ആരെങ്കിലും പറഞ്ഞതിനാലാകും ഇത്തരം പ്രതികരണം.
ഓഖി ദുരന്തത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 107 കോടി രൂപയാണ് ലഭിച്ചത്. ഇതിനകം ഉത്തരവായിട്ടുള്ളതും ചെലവഴിച്ചതുമായ തുക 65.68 കോടി രൂപക്കുള്ളതാണ്. ഇതിനുപുറമെ ഇപ്പോള്‍ നടപടി സ്വീകരിച്ചുവരുന്നതും ഉത്തരവ് പുറപ്പെടുവിക്കാനുള്ളതുമായ പദ്ധതികള്‍ക്ക് 84.90 കോടി ചെലവുവരുമെന്ന് പ്രതീക്ഷിക്കുന്നു. എസ്.ഡി.ആര്.എഫില്‍ ഓഖിഘട്ടത്തില് ലഭിച്ചത് 111 കോടി രൂപയാണ്. സി.എം.ഡി.ആര്.എഫും എസ്.ഡി.ആര്.എഫും ചേര്‍ന്ന് 218 കോടി രൂപ ലഭിച്ചതില്‍ ഉത്തരവായതും ചെലവഴിച്ചതുമായ തുക 116.79 കോടിയാണ്. 84.90 കോടിയുടെ ചെലവ് പ്രതീക്ഷിക്കുന്നു. ഇത് രണ്ടും ചേര്‍ന്നാല്‍ 201.69 കോടി രൂപ ഓഖി ഇനത്തില്‍ ചെലവുവരും. കേന്ദ്രം നല്കിയതോ സി.എം.ഡി.ആര്.എഫില്‍ ജനങ്ങളില്‍ നിന്ന് ലഭിച്ചതോ ആയ ഒരു തുകയും മറ്റു കാര്യങ്ങള്‍ക്ക് വിനിയോഗിച്ചിട്ടില്ല. മത്സ്യത്തൊഴിലാളി മേഖലയില്‍ ചില പദ്ധതികള്‍കൂടി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. അതുകൂടി കണക്കിലെടുത്താല്‍ ലഭിച്ചതിനെക്കാള്‍ കൂടുതല്‍ തുക വേണ്ടിവരും. ഓഖിക്ക് കിട്ടിയ ഫണ്ട് പ്രത്യേക അക്കൗണ്ടില്‍ നിന്നാണ് ചെലവാക്കുന്നത്. പ്രളയദുരന്തത്തിന് കിട്ടുന്ന സഹായവും പ്രത്യേക അക്കൗണ്ടിലാണ് സ്വരൂപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."