എം പരിവാഹന്‍ ആപ്പ് വൈറല്‍; വാഹനം നിരത്തിലിറക്കാന്‍ ഇനി പേടിക്കേണ്ട
കോഴിക്കോട്: നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ വികസിപ്പിച്ചെടുത്ത എം പരിവാഹന്‍ ആപ്പ് വൈറലാവുന്നു. വാഹനങ്ങളുടെ രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കാവുന്ന ഈ സംവിധാനം മോട്ടോര്‍ വാഹന ഉപയോക്താക്കള്‍ക്ക് ഏറെ സഹായകമാവുകയാണ്. വാഹന പരിശോധനയ്ക്കിടെ ബുക്കും പേപ്പറും എടുക്കാന്‍ മറന്നതിന്റെ പേരില്‍ ഇനി പെറ്റിയടിക്കേണ്ടി വരില്ല.
വാഹനം ഓടിക്കുന്നവര്‍ ഒരിക്കലെങ്കിലും പൊലിസിന്റെ പരിശോധനയില്‍ പെട്ടുപോയിട്ടുണ്ടാവും. വാഹനം തടയുന്ന പൊലിസ് ആദ്യം ചോദിക്കുന്നത് ആര്‍.സി, ലൈസന്‍സ് തുടങ്ങിയ രേഖകളാണ്. കൈയില്‍ ഇവയില്‍ ഏതെങ്കിലും ഒന്നില്ലെങ്കില്‍ പിഴയടക്കല്‍ ഉറപ്പ്. എന്നാല്‍ ബുക്കും പേപ്പറും കൈയില്‍ ഇല്ലെങ്കിലും ഇനി പൊലിസിനെ പേടിക്കാതെ വാഹനം നിരത്തിലിറക്കാമെന്നാണ് പുതിയ ആപ്പു കൊണ്ടുള്ള ഉപകാരം.
എം പരിവാഹന്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയാണ് ആദ്യം വേണ്ടത്. ഇതില്‍ നമ്മുടെ വാഹനത്തിന്റെ വിവരങ്ങള്‍ നല്‍കിയാല്‍ ആര്‍.സി, ലൈസന്‍സ്, ഇന്‍ഷുറന്‍സ് തുടങ്ങിയ എല്ലാ വിവരങ്ങളും ലഭിക്കും. ഏതുപരിശോധനയിലും ഈ ആപ്പിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ പങ്കുവച്ചാല്‍ മതിയാകും. ആവശ്യമെങ്കില്‍ വിവരങ്ങള്‍ ഷെയര്‍ ചെയ്യാനുള്ള സംവിധാനവുമുണ്ട്.
ഈ ആപ്പിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുനല്‍കിയാല്‍ ഔദ്യോഗികമായ രേഖകള്‍ സമര്‍പ്പിക്കുന്ന ഫലമാണുള്ളത്. ആപ്പില്‍ കയറി നമ്മുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം. ഹിന്ദിയിലും ഇംഗ്ലിഷിലും അതില്‍ നിര്‍ദേശങ്ങളുണ്ട്. ആര്‍.സി നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്തശേഷം ഡ്രൈവിങ് ലൈസന്‍സിന്റെ നമ്പര്‍ നല്‍കാം. നാലക്ക ലൈസന്‍സ് നമ്പറാണുള്ളതെങ്കില്‍ ജില്ലാ കോഡിനു ശേഷം ലൈസന്‍സ് നല്‍കിയ വര്‍ഷം നല്‍കി അതിനുശേഷം നാലക്ക നമ്പറിനുമുന്‍പ് മൂന്ന് പൂജ്യം ചേര്‍ത്താണ് സബ്മിറ്റ് ചെയ്യേണ്ടത്.
എം പരിവാഹന്‍ ആപ്പിലേക്ക് കാര്യങ്ങള്‍ എങ്ങിനെ അപ് ലോഡ് ചെയ്യണമെന്ന് വിവരിക്കുന്ന വിഡിയോകള്‍ ലഭ്യമാണ്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ അടക്കമുള്ളവര്‍ യൂ ട്യൂബിലും വാട്‌സ് ആപ്പിലും ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."