ദുരിതാശ്വാസ ക്യാംപില്‍ നിന്നും കടത്തിയ സാധനങ്ങള്‍ മാറ്റി
അരീക്കോട്: ദുരിതാശ്വാസ ക്യാംപുകളില്‍ നിന്ന് കടത്തിക്കൊണ്ടു പോയ വസ്തുക്കള്‍ വീടുകളില്‍ നിന്നും മാറ്റിയതായി വിവരം. മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി സന്നദ്ധ സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും വെറ്റിലപ്പാറ ഗവ.ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ എത്തിച്ച വസ്തുക്കള്‍ വ്യാപകമായി കടത്തിക്കൊണ്ടുപോയിരുന്നു. വെറ്റിലപ്പാറയിലെ ദുരിതാശ്വാസ ക്യാംപില്‍ വളണ്ടിയര്‍മാരായി സേവനം ചെയ്ത ചിലരുടെ നേതൃത്വത്തിലാണ് വന്‍ കൊള്ള നടത്തിയിരുന്നത്.
സംഭവം വിവാദമായതോടെ പരിശോധന ഭയന്ന് പ്രവര്‍ത്തകരുടെ വീടുകളില്‍ നിന്ന് അരിയും പഞ്ചസാരയും ഉള്‍പ്പടെയുള്ള ഭക്ഷ്യവസ്തുക്കള്‍ മാറ്റിയതായാണ് വിവരം. സാധനങ്ങള്‍ കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് അരീക്കോട് പൊലീസ്, ഏറനാട് തഹസില്‍ദാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാത്രി പരിശോധന നടത്തിയിരുന്നു. പതിനഞ്ചോളം ക്വിന്റല്‍ അരി, പതിനാല് ചാക്ക് പഞ്ചസാര, 80 കെട്ട് വസ്ത്രങ്ങള്‍, പയര്‍, ബേക്കറി തുടങ്ങിയ വിഭവങ്ങള്‍ അനധികൃതമായി കൊണ്ടുപോയതായാണ് വിവരം. ഇതെല്ലാം ഇവിടെ വളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ചിരുന്ന ചില സി.പി.എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കടത്തിയതായി ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് വീടുകളില്‍ നിന്ന് ദുരിതബാധിതര്‍ക്ക് അവകാശപ്പെട്ട വസ്തുക്കള്‍ മാറ്റിത്തുടങ്ങിയത്. ക്യാംപ് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കെ തന്നെ വെറ്റിലപ്പാറയില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ കടത്താനുള്ള ശ്രമം നടന്നിരുന്നു. കുരകല്ലിലെ ക്യാംപിലേക്കെന്ന് പറഞ്ഞ് ജീപ്പില്‍ അരിയും മറ്റു ഭക്ഷ്യവസ്തുക്കളും പരസ്യമായി കൊണ്ടുപോകാനുള്ള ശ്രമം ചിലര്‍ ചോദ്യം ചെയ്തതോടെ വിഫലമായിരുന്നു. എന്നാല്‍ ക്യാംപ് അവസാനിച്ചതോടെ വ്യാപകമായ തരത്തിലാണ് ദുരിതബാധിതര്‍ക്ക് അവകാശപ്പെട്ട വസ്തുക്കള്‍ കടത്തിയത്. ക്യാംപിന് നേതൃത്വം കൊടുത്ത ചില ആളുകള്‍ തന്നെയാണ് വിഭവങ്ങളില്‍ കയ്യിട്ടുവാരിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."