പ്രളയബാധിതരെ സഹായിക്കാന്‍ ലൈവ് ചിത്രംവര
മഞ്ചേരി: ദുരിതബാധിതര്‍ സഹായിക്കുന്നതിനായി പണം കണ്ടെത്താന്‍ കലാകാരന്‍മാരുടെ ലൈവ് ചിത്രം വര. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാനായി വരക്കൂട്ടം ആര്‍ട്ടിസ്റ്റ് കമ്മ്യൂണ്‍ കേരളയുടെ ചിത്രകാരന്‍മാരാണ് വേറിട്ട പദ്ധതിയുമായി എത്തിയത്. മഞ്ചേരി സീതിഹാജി ബസ് സ്റ്റാന്‍ഡില്‍ ഞായറാഴ്ച രാവിലെ മുതലാണ് കലാകാരന്‍മാര്‍ മേശയും കസേരയും ഇട്ട് ചിത്രങ്ങള്‍ വരച്ചു തുടങ്ങിയത്. സ്ത്രീകളും കുട്ടികളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ നൂറുക്കണക്കിന് ആളുകളുടെ മുഖചിത്രമാണ് ഇരുപതോളം കലാകാരന്‍മാര്‍ കാന്‍വാസില്‍ പകര്‍ത്തി നല്‍കിയത്. പ്രതിഫലമായി നല്‍കേണ്ടതുക നിക്ഷേപിക്കാന്‍ സമീപത്ത് പണക്കുടുക്കയും സ്ഥാപിച്ചു. ദുരിതാശ്വാസ നിധിയിലേക്കുള്ള സമാഹരണമാണെന്ന് അറിഞ്ഞതോടെ സമീപ പ്രദേശങ്ങളില്‍ നിന്നുപോലും പൈന്റിംഗ് ചിത്രങ്ങള്‍ വാങ്ങാനും മുഖപടങ്ങള്‍ വരപ്പിക്കാനും ആളുകളെത്തി.
ആര്‍ട്ടിസ്റ്റ് സഗീര്‍, ഡോ. ടി.എം രഘുറാം, മുക്താര്‍ ഉദിരംപൊയില്‍, സുരേഷ് ചാലിയത്ത്, ദിനേശ് മഞ്ചേരി, ഷമീം സീഗള്‍, ഇര്‍ഷാദ് പാണ്ടിക്കാട്, ഷംല മഞ്ചേരി, റംലകരുവാരക്കുണ്ട്, സുധീപ് അരിമ്പ്ര, ഷംസീജാസ്മിന്‍, ഉസ്മാന്‍ ഇരുമ്പൂഴി, ദിനേഷ് മഞ്ചേരി, റിജില്‍രാജ്, വി കെ ശങ്കരന്‍, ഷിഹാബ് മമ്പാട് എന്നിവര്‍ വരച്ച ചിത്രങ്ങള്‍ വിറ്റുപോയതായി ചിത്രകാരന്‍മാര്‍ പറഞ്ഞു. ചിത്രം വിറ്റ് കിട്ടിയ പണം ജില്ലാകലക്ടര്‍ക്ക് കൈമാറുമെന്ന് വരക്കൂട്ടം ഭാരവാഹികള്‍ പറഞ്ഞു. നഗരസഭാ അധ്യക്ഷ വി.എം സുബൈദ ഉദ്ഘാടനം ചെയ്തു. സുരേഷ് തിരുവാലി, കെ.വി ദയാനന്ദന്‍, കൗണ്‍സിലര്‍ സിക്കന്ദര്‍ ഹായാത്ത് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."