അറബിക് കാലിഗ്രാഫിയിൽ മലയാളി വിദ്യാർത്ഥിനി ശ്രദ്ധേയമാകുന്നു
ദമാം: അറബിക് കാലിഗ്രാഫിയിൽ മലയാളി വിദ്യാർത്ഥിനി ശ്രദ്ധേയമാകുന്നു. കിഴക്കൻ സഊദിയിലെ ദമാമിലെ പ്രവാസി കുടുംബത്തിലെ വിദ്യാർത്ഥിനിയാണ് അറബിക് അക്ഷരങ്ങളെ കൊണ്ട് വരയിൽ വിസ്‌മയം തീർക്കുന്നത്. അക്ഷരങ്ങൾ ആകർഷണ രീതിയിൽ ക്രമീകരിച്ചു മനോഹര ചിത്രങ്ങൾ സൃഷ്‌ടിച്ചു അറബിക് കാലി ഗ്രാഫിയിൽ വിദ്യാർത്ഥിനി തീർത്ത വിസ്‌മയം ഇതിനകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു. ദമാമിൽ താമസിക്കുന്ന കോഴിക്കോട് കുന്നമംഗലം സ്വദേശികളായ നൗഷാദ്, സുഫൈറ ദമ്പതികളുടെ മകളായ പതിമൂന്ന് കാരി ഫാത്വിമ ഹന്നയാണ് വരകൾ കൊണ്ട് ശ്രദ്ധേയമായ തന്റെ കഴിവ് കോറിയിടുന്നത്.
കൊവിഡ് പ്രതിസന്ധിയിൽ ഭാഗികമായി നിലച്ചു പോയ പഠനവും ആകസ്മിക ലോക് ഡൗണുമെല്ലാം ഏത് നിലയിൽ ഉപകാരപ്രദമാക്കി മാറ്റാമെന്നതിന് ക്രിയേറ്റിവിറ്റി യുടെ വികസനം വഴി മികച്ച മാതൃക കൂടിയാണ് ഫാത്വിമ ഹന്നയെന്ന 13 കാരിയായ കൊച്ചു മിടുക്കി. ഖുർആനിക സൂക്തങ്ങളും, മറ്റു ശ്രേഷ്ഠ വചനങ്ങളും തന്റെ കര വിരുതിൽ ഭാവനകൾക്കനുസരിച്ചു നിറവും നിർമാണവും നിർവഹിച്ച നിരവധി ചിത്രങ്ങൾ ഇതിനകം ശ്രദ്ധ നേടികഴിഞ്ഞു. എഴുത്തിലെ കലാത്മകതക്ക് പ്രതീക്ഷ നൽകുന്ന നിലയിൽ വളർന്നു വരാൻ ഏറെ സാദ്ധ്യതയുള്ള പ്രതിഭയായി വിദ്യാർത്ഥിനി മാറുമെന്ന് ഹന്നയുടെ മദ്‌റസ അധ്യാപകർ അഭിപ്രായപ്പെടുന്നു. ദമാം ഇൻ്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ ഏഴാം ക്ലാസിലും തർബിയത്തുൽ ഇസ്‌ലാം മദ്രസയിൽ ആറാം ക്ലാസിലും പഠനം നടത്തിവരികയാണ് ഈ പതിമൂന്ന് കാരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."