സ്‌കൂള്‍ തുറക്കല്‍ നീളുന്നു; അനിശ്ചിതത്വത്തിലായി അധ്യാപക നിയമനം
ആലപ്പുഴ: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സ്‌കൂളുകളും കോളജുകളും അടച്ചിട്ട നടപടി സെപ്റ്റംബര്‍ 30 വരെ നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ അധ്യാപക തസ്തികയില്‍ പി.എസ്.സിയുടെ നിയമന ഉത്തരവ് ലഭിച്ചവരുടെ കാര്യം വീണ്ടും അനിശ്ചിതത്വത്തിലായി. പി.എസ്.സിയുടെ അഡൈ്വസ് മെമ്മോ ലഭിച്ചു അഞ്ചും ആറും മാസങ്ങള്‍ കഴിഞ്ഞിട്ടും സ്‌കൂള്‍ തുറന്നിട്ടില്ലെന്ന കാരണത്താല്‍ വിദ്യാഭ്യാസ വകുപ്പ് നിയമനം നല്‍കാത്തതിനാല്‍ സംസ്ഥാനത്ത് 1200 ഓളം പേരാണ് നിയമനം പ്രതീക്ഷിച്ച് കഴിയുന്നത്.
ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് മറുപടി. നിയമനം നടക്കാത്തതിനാല്‍ ഇക്കാര്യം ഡി.പി.ഐയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അറിയിപ്പ് ഉണ്ടായാല്‍ മാത്രമേ നിയമനം ഉണ്ടാകുകയുള്ളുവെന്നുമാണ് ഉദ്യോഗാര്‍ഥികള്‍ക്ക് ഡി.ഡി ഓഫിസര്‍മാര്‍ നല്‍കുന്ന മറുപടി. എന്നാല്‍ ഡി.പി.ഐയുമായി ബന്ധപ്പെടുമ്പോള്‍,അഡൈ്വസ് വന്നാലും നിയമനം നടത്തരുതെന്ന് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഡി.പി.ഐയില്‍ നിന്ന് പ്രത്യേക നിര്‍ദേശം നല്‍കേണ്ടതില്ലെന്നുമാണ് മറുപടി.
അതേസമയം സര്‍ക്കാര്‍ സ്‌കൂളുകളിലെ നിയമ നിരോധനം എയ്ഡഡ് സ്‌കൂളുകള്‍ക്ക് ബാധകമാക്കിയിട്ടില്ലെന്നും വ്യക്തമാക്കുന്നു. ആലപ്പുഴ സ്വദേശിനിയായ ഉദ്യോഗാര്‍ഥി എസ് സീത വിവരാവകാശപ്രകാരം നല്‍കിയ അന്വേഷണത്തിന് കടുത്തുരുത്തി ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ നല്‍കിയ മറുപടിയില്‍ എയ്ഡഡ് സ്‌കൂളുകളില്‍ 2020-21 അധ്യയനവര്‍ഷത്തില്‍ മൂന്ന് എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും 2020 മാര്‍ച്ച് മുതല്‍ സ്ഥിര നിയമനങ്ങള്‍ നടത്തരുതെന്ന് നിഷ്‌കര്‍ഷിക്കുന്ന ഉത്തരവുകള്‍ ഒന്നും നല്‍കിയിട്ടില്ലെന്നും നിയമപരമായി തടസ്സങ്ങള്‍ ഇല്ലെന്നും വ്യക്തമാക്കുന്നു.
കൂടാതെ മാവേലിക്കര ബിഷപ് മൂര്‍ കോളജിലും കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലും നിയമനങ്ങള്‍ ജൂണില്‍ നടത്തിയതായും വിവരാവകാശ രേഖകളില്‍ നിന്ന് വ്യക്തമാകുന്നു.
ഭാഗികമായി അധ്യാപകരെ നിയോഗിച്ച് പാഠ്യപ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ നിര്‍ദേശം വന്നിട്ടും നിയമനിരോധനം നടത്തുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. അഡൈ്വസ് മെമ്മോ ലഭിച്ചവരുടെ അസോസിയേഷന്‍ രൂപീകരിച്ച് ഉദ്യോഗാര്‍ഥികള്‍ നിയമപോരാട്ടത്തിനും സമരത്തിനും ഒരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."