റഷ്യയുടെ അപ്പീല്‍ തള്ളി
ലൊസേന്‍: ഉത്തേജം വിവാദത്തില്‍ ഉള്‍പ്പെടാത്ത അത്‌ലറ്റുകളെ റിയോ ഒളിംപിക്‌സില്‍ മത്സരിക്കണമെന്നാവശ്യപ്പെട്ട് റഷ്യ സമര്‍പ്പിച്ച അപ്പീല്‍ കായിക തര്‍ക്ക പരിഹാര കോടതി തള്ളി. ഇതോടെ അപ്പീല്‍ നല്‍കിയ റഷ്യയുടെ 68 അത്‌ലറ്റുകള്‍ക്ക് ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നുറപ്പായി. അപ്പീല്‍ തള്ളിയതോടെ മറ്റു വിലക്കുകളും റഷ്യയെ തേടിയെത്തും.
റഷ്യയുടെ ആവശ്യങ്ങള്‍ ന്യായമല്ലെന്നും അവ പരിഗണിക്കാന്‍ സാധിക്കില്ലെന്നും അപ്പീല്‍ തള്ളിക്കൊണ്ട് കോടതി പറഞ്ഞു. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി റഷ്യയെ എല്ലാ കായിക ഇനത്തില്‍ നിന്നും വിലക്കാന്‍ പ്രേരണ നല്‍കുന്നതാണ് കോടതി വിധി. തര്‍ക്ക പരിഹാര കോടതിയുടെ വിധി വന്നതിന് ശേഷം റഷ്യക്കെതിരേ നടപടിയെടുക്കാമെന്നായിരുന്നു ഐ.ഒ.സിയുടെ നിലപാട്. അടുത്തയാഴ്ച്ച നടക്കുന്ന യോഗത്തില്‍ റഷ്യക്കെതിരേ നടപടിയെടുക്കാന്‍ ഐ.ഒ.സി നിര്‍ബന്ധിതരായേക്കും. അതേസമയം റഷ്യക്കെതിരായ നടപടി കായിക മേഖലയെ പിളര്‍ത്തുന്ന തരത്തിലുള്ളതാണ്. ഒളിംപിക്‌സിന്റെ പൊലിമയെയും ഇത് ബാധിക്കും. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇതിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നേരത്തെ നവംബറില്‍ അന്താരാഷ്ട്ര ഉത്തേജ വിരുദ്ധ സമിതി നിയോഗിച്ച സ്വതന്ത്ര കമ്മിഷന്‍ റഷ്യക്കെതിരേ അന്വേഷണം നടത്തുകയും ഗുരുതരമായ ഉത്തേജക ഉപയോഗങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് റഷ്യക്ക് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ആരോപണ വിധേയരല്ല എന്ന് കാണിച്ച് 68 റഷ്യന്‍ അത്‌ലറ്റുകള്‍ കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം 2014ല്‍ സോച്ചിയില്‍ ശീതകാല ഒളിംപിക്‌സില്‍ രാജ്യത്തിന്റെ അറിവോടെ താരങ്ങള്‍ ഉത്തേജം ഉപയോഗിച്ചെന്ന ആരോപണവും റഷ്യന്‍ താരങ്ങള്‍ക്കെതിരായ വിലക്കില്‍ പ്രതിഫലിച്ചിട്ടുണ്ട്.
റഷ്യക്കെതിരായ നടപടി: ഐ.ഒ.സി 24ന് ചര്‍ച്ച നടത്തും
ലൊസേന്‍: റഷ്യക്കെതിരേയുള്ള നടപടി സംബന്ധിച്ച് അന്താരാഷ്ട്ര ഒളിംപിക് സമിതി ചര്‍ച്ച നടത്തുന്നു. ജൂലൈ 24നാണ് ഐ.ഒ.സി ഇക്കാര്യം ചര്‍ച്ചയ്‌ക്കെടുക്കുക. സംഘടനാ അധ്യക്ഷന്‍ തോമസ് ബാഷിന്റെ സാന്നിധ്യത്തിലാണ് ചര്‍ച്ച നടത്തുക. കായിക തര്‍ക്ക പരിഹാര കോടതി റഷ്യയുടെ അപ്പീല്‍ തള്ളിയ സാഹചര്യത്തില്‍ റഷ്യക്കെതിരേ വിലക്കടക്കമുള്ള നടപടികള്‍ ഐ.ഒ.സി എ ഏര്‍പ്പെടുത്തുമെന്ന് അഭ്യൂഹമുണ്ട്.
സമിതിയിലെ ഭൂരിഭാഗം അംഗങ്ങളും റഷ്യയെ വിലക്കണമെന്ന പക്ഷക്കാരാണ്. കോടതി വിധി കൃത്യമായി വിലയിരുത്തിയ ശേഷം റഷ്യക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ഐ.ഒ.സി പ്രസ്താവനയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."