പ്രളയം: 3.79 ലക്ഷത്തിലേറെ വീടുകള്‍ വാസയോഗ്യമാക്കി
തിരുവനന്തപുരം: പ്രളയം ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച ആറു ജില്ലകളിലെ 3,79,003 വീടുകളുടെ ശുചീകരണം പൂര്‍ത്തിയാക്കിയതായി തദ്ദേശ സ്വയംഭരണ വകുപ്പ്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, എറണാകുളം, വയനാട് ജില്ലാ ഭരണകൂടങ്ങളുമായി ഏകോപിച്ച് പഞ്ചായത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് ശുചീകരണം നടന്നത്. ജീവനക്കാരും ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന 15,715 സ്‌ക്വാഡുകളായാണ് ശുചീകരണം. ആറു ജില്ലകളിലെ 387 ഗ്രാമപഞ്ചായത്തുകളില്‍ 350 എണ്ണവും പ്രളയക്കെടുതി ബാധിച്ചവയാണ്. ഇവയിലെ 4,241 വാര്‍ഡുകളിലായി വെള്ളം കയറിയ 5,43,422 വീടുകളാണ് ദുരിതത്തിലായത്.
ഇതില്‍ 3,79,003 വീടുകളുടെ ശുചീകരണം പൂര്‍ത്തിയാക്കി താമസയോഗ്യമാക്കി. 4,649 പൊതുകെട്ടിടങ്ങളെയും 2,24,855 കിണറുകളെയും പ്രളയം ബാധിച്ചിട്ടുണ്ട്. 10,864 മൃഗങ്ങളുടെയും 3,88,681 പക്ഷികളുടെയും ശവശരീരം മറവു ചെയ്തു. ഇതിനാവശ്യമായ തുക തനത് ഫണ്ടില്‍ നിന്ന് ചെലവ് ചെയ്യുന്നതിന് പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കി.ശുചീകരണത്തിന്റെ ഭാഗമായി 1,489 ടണ്‍ ജൈവമാലിന്യം സംസ്‌കരിച്ചു.
2,247 ടണ്‍ അജൈവമാലിന്യവും ശേഖരിച്ചിട്ടുണ്ട്. പൊലിസില്‍ നിന്ന് ലഭിച്ച 4000 ഗംബൂട്ടുകള്‍ക്കും ഗ്ലൗസുകള്‍ക്കും ഒപ്പം പഞ്ചായത്ത് ഡയരക്ടറേറ്റിലെ കളക്ഷന്‍ സെന്ററില്‍ സംഭരിച്ച 51 ടണ്‍ ബ്ലീച്ചിങ് പൗഡറും ശുചീകരണത്തിനുള്ള ഉപകരണങ്ങളും ജില്ലകളില്‍ എത്തിച്ചിരുന്നു. നേരത്തെ 67 ലോഡ് ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ ദുരിതബാധിത പ്രദേശങ്ങളില്‍ എത്തിച്ചിരുന്നു.
പ്രളയക്കെടുതിയില്‍ നാശം നേരിട്ട 36 ഗ്രാമപഞ്ചായത്ത് ഓഫിസുകളാണ് സംസ്ഥാനത്തുള്ളത്.
പത്തനംതിട്ട ജില്ലയിലെ റാന്നി, തോട്ടപ്പുഴശേരി, അയിരൂര്‍, നിരണം, പെരിങ്ങര ആലപ്പുഴ ജില്ലയിലെ കൈനകരി, കാവാലം, മുട്ടാര്‍, പള്ളിപ്പാട്, പാണ്ടനാട്, പുളിങ്കുന്ന്, തലവടി, തിരുവന്‍വണ്ടൂര്‍, വെണ്‍മണി, ചെറുതന, ചമ്പക്കുളം, എടത്വ, വെളിയനാട്, രാമങ്കരി, നീലംപേരൂര്‍, നെടുമുടി കോട്ടയം ജില്ലയിലെ കുമരകം, ഉദയനാപുരം എറണാകുളം ജില്ലയിലെ ചേന്ദമംഗലം, ചിറ്റാറ്റുകര, കാലടി, കരുമാലൂര്‍, ഒക്കല്‍, പുത്തന്‍വേലിക്കര, വടക്കേക്കര തൃശൂര്‍ ജില്ലയിലെ മാള, മുല്ലൂര്‍ക്കര, നെന്മണിക്കര, പറപ്പൂക്കര, ചേലക്കര, കാടുകുറ്റി എന്നീ ഗ്രാമപഞ്ചായത്തുകളാണ് പ്രളയത്തെ തുടര്‍ന്ന് രേഖകളും ഉപകരണങ്ങളും നശിച്ചു പ്രവര്‍ത്തനം തടസപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."