പ്രളയബാധിതര്‍ക്ക് ആശ്വാസമേകാന്‍ വനിതാ കമ്മിഷന്‍; ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
തിരുവനന്തപുരം: പ്രളയക്കെടുതികളില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങുമായി വനിതാ കമ്മിഷനും. വനിതാ കമ്മിഷന്‍ അധ്യക്ഷയും മുഴുവന്‍ അംഗങ്ങളും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്കും വീടുകളിലേക്ക് തിരിച്ചുപോയവര്‍ക്കുമായി ശേഖരിച്ച വിവിധ സാധനങ്ങളും വനിതാ കമ്മിഷന്‍ കൈമാറി. ശുചീകരണ യജ്ഞത്തിലും വനിതാ കമ്മിഷന്‍ സജീവമായി ഇടപെടുന്നുണ്ട്.
വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സിജോസഫെയ്ന്‍, അംഗങ്ങളായ ഇ.എം രാധ, അഡ്വ. എം.എസ് താര, ഷിജി ശിവജി എന്നിവരാണ് ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത്. അംഗമായ ഷാഹിദാ കമാല്‍ നേരത്തേ തന്നെ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. കൂടാതെ കമ്മിഷന്‍ ഡയറക്ടര്‍, മെംബര്‍ സെക്രട്ടറി തുടങ്ങിയവരുള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാരും താല്‍പര്യമനുസരിച്ച് നിശ്ചിത തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. വനിതാ കമ്മിഷന്‍ ആസ്ഥാനത്തെ ഒണാഘോഷ പരിപാടികള്‍ ഇത്തവണ ഒഴിവാക്കിയിരുന്നു.
ഇതിനായി ജീവനക്കാര്‍ ഉള്‍പ്പെടെയുളളവരില്‍ നിന്ന് സ്വരൂപിച്ച തുക കൊണ്ട് പ്രളയ ബാധിതര്‍ക്കാവശ്യമായ സാധനങ്ങള്‍ വാങ്ങി തിരുവനന്തപുരം അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന് കൈമാറി. കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫെയ്‌നില്‍ നിന്നും എഡി.എം വി.ആര്‍ വിനോദ് സാധനങ്ങള്‍ സ്വീകരിച്ചു. കമ്മീഷന്‍ അംഗങ്ങളായ അഡ്വ. എം.എസ് താര, ഷിജി ശിവജി, ഡയറക്ടര്‍ വി.യു കുര്യാക്കോസ്, മെംബര്‍ സെക്രട്ടറി പി. ഉഷാറാണി, പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ കെ. ദീപ, സീനിയര്‍ സൂപ്രണ്ട് ജെയ്‌മോന്‍ എ. ജോണ്‍, എം.കെ മഹേഷ് കുമാര്‍, ശ്രീഹരി, ശ്രീകുമാര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിനോടൊപ്പം കലക്ടറേറ്റിലെ ഡെപ്യൂട്ടി കലക്ടര്‍ (ഡിസാസ്റ്റര്‍) അനു. എസ്. നായര്‍, ഹുസൂര്‍ ശിരസ്തദാര്‍ എം. പ്രദീപ് കുമാര്‍ എന്നിവരും സാധനങ്ങള്‍ സ്വീകരിക്കാനെത്തി. പ്രളയ സമയത്തും വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ നേതൃത്ത്വത്തില്‍ അംഗങ്ങള്‍ പ്രളയ ബാധിത ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
ക്യാംപുകളിലെത്തുന്ന സ്ത്രീകളെയും കുട്ടികളെയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സഹായിച്ചു. സ്ത്രീകള്‍ക്കാവശ്യമായ സാധനങ്ങള്‍ എത്തിക്കുന്നതിനോടൊപ്പം അവര്‍ക്ക് മാനസിക പിന്തുണയും ധൈര്യവും നല്‍കാന്‍ വനിതാ കമ്മിഷന്‍ മുന്‍പന്തിയിലുണ്ടായിരുന്നു.
പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലകളിലെ സ്ത്രീകള്‍ക്ക് കരുത്തും ആത്മവിശ്വാസവും പകരുന്ന പ്രവര്‍ത്തനങ്ങള്‍ വനിതാ കമ്മിഷന്‍ ഇനിയും തുടരും. സെപ്റ്റംബര്‍ രണ്ടിന് ആലപ്പുഴയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളിലും വനിതാ കമ്മീഷന്‍ അധ്യക്ഷയും അംഗങ്ങളും ജീവനക്കാരും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."