പ്രകൃതിക്ഷോഭം: ജില്ലയില്‍ നിര്‍മാണ മേഖല സ്തംഭനാവസ്ഥയില്‍
മഞ്ചേരി: ശക്തമായ മഴയും പ്രകൃതി ക്ഷോഭവും മൂലം ജില്ലയില്‍ നിര്‍മാണ മേഖല സ്തംഭനാവസ്ഥയില്‍. നൂറുകണക്കിന് നിര്‍മാണ പ്രവൃത്തികളാണ് കനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കേണ്ടി വന്നത്. ചെറുതും വലുതുമായ നിരവധി വീടുകളാണ് താമസം ലക്ഷ്യമിട്ട് നിര്‍മാണം പുരോഗമിച്ചു കൊണ്ടിരുന്നത്. പാതി വഴിയിലെത്തിയതും, തുടക്കം കുറിച്ചതും, അവസാന ഘട്ടത്തിലെത്തിയതുമായ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തിവച്ചത്.
മഴ വീണ്ടും ശക്തിപ്പെടുമെന്ന നിഗമനത്തില്‍ നിര്‍മാണ പ്രവൃത്തനികള് നിര്‍ത്തിവയ്ക്കാന്‍ കരാറുകാരോട് തന്നെ ആവശ്യപ്പെടുന്ന സാഹചര്യമാണുള്ളത്. ഇതിന് പുറമെ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് തിരിച്ചതും നിര്‍മാണ മേഖലക്ക് തിരിച്ചടിയായി. സംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണ് പ്രധാനമായും ജില്ലയില്‍ നിര്‍മാണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
മഴ ശമിച്ചെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നീക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഉള്‍പ്രദേശങ്ങള്‍ താഴ്ന്നു കിടക്കുന്നതിനു പുറമെ ചെറുകിട റോഡുകള്‍ വെള്ളത്തിലായതോടെ നിര്‍മാണ സാധന സാമഗ്രികള്‍ സൈറ്റുകളില്‍ എത്തിക്കാന്‍ കഴിയാത്തത് നിര്‍മാണം തടസപ്പെടാന്‍ കാരണമാകും.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതോടെ ഇതുമായി ബന്ധപ്പെട്ട സാമഗ്രികള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങളും വലിയ പ്രയാസമാണ് സഹിക്കേണ്ടി വരുന്നത്. സമയബന്ധിതമായി കരാര്‍ പണികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത അസ്ഥയാണ് ജില്ലയിലുള്ളത്. പൈലിങ് ജോലികള്‍ ചെയ്യുന്ന കരാറുകാര്‍ ദിവസങ്ങളായി മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കുന്ന തിരക്കിലാണ്. ഇത്തരം പ്രവൃത്തികള്‍ കരാറുകാര്‍ക്ക് വലിയ നഷ്ടമാണ് വരുത്തിവെക്കുന്നത്. ക്വാറികള്‍ക്കും ക്രഷറുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ ആവശ്യമായ കല്ലുകളും ലഭിക്കുന്നില്ല. നിര്‍മാണ മേഖലയിലെ സ്തംഭനം പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട ആള് കേരള ഗവ.കോണ്‍ട്രാക്റ്റേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."