പൗരാവകാശ ധ്വംസനം, ദലിത് പീഡനം
പൂനെയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ വടക്കുകിഴക്കായുള്ള കൊച്ചുഗ്രാമപ്രദേശമായ ഭീമ-കൊരേഗാവ് വാര്‍ത്തകളില്‍ വീണ്ടും സ്ഥാനം പിടിക്കുന്നത് പൗരാവകാശ ധ്വംസനത്തിന്റെയും ദലിത് പീഡനത്തിന്റെയും റിപ്പോര്‍ട്ടുകളിലൂടെയാണ്. പൗരാവകാശ-സാമൂഹ്യപ്രവര്‍ത്തകരായ, വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചുപേരെയാണ് യാതൊരുമുന്നറിയിപ്പുമില്ലാതെ ഭീകരബന്ധം ആരോപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ഇരുമ്പഴിക്കുള്ളിലാക്കിയത്. തടവറ ജയിലില്‍ വേണ്ട, വീടുകളില്‍ മതിയെന്ന സുപ്രിംകോടതി ഉത്തരവ് ആശ്വാസം നല്‍കുന്നെങ്കിലും എന്തിനുവേണ്ടിയായിരുന്നു അറസ്റ്റെന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. മാവോയിസ്റ്റ് ആരോപണമുന്നയിച്ച് ദലിത് സംഘങ്ങളെ തകര്‍ക്കാനുള്ള സംഘ്പരിവാര്‍ ശക്തികളുടെ നിഗൂഢ നീക്കമായാണ് ഈ സംഭവം വ്യാഖ്യാനിക്കപ്പെടുന്നത്.
മാവോയിസ്റ്റ് ആരോപണം
സാമൂഹ്യപ്രവര്‍ത്തകനും കവിയുമായ വരവരറാവുവിനെ ഹൈദരാബാദില്‍നിന്ന് അറസ്റ്റ് ചെയ്തപ്പോള്‍ അഭിഭാഷകനും വിദര്‍ഭയില്‍ തൊഴിലാളികളെ നയിച്ച പ്രമുഖനുമായ വെന്‍നന്‍ ഗോണ്‍സാല്‍വസിനെ മുംബൈയില്‍നിന്നും പൗരാവകാശ പ്രവര്‍ത്തകനും അഭിഭാഷകനും കോളമിസ്റ്റുമായ അരുണ്‍ ഫെരേരയെ താനെയില്‍നിന്നും സാമൂഹ്യപ്രവര്‍ത്തകയും അഭിഭാഷകയുമായ സുധ ഭരദ്വാജിനെ ഫരീദാബാദില്‍നിന്നും മനുഷ്യാവകാശ പ്രവര്‍ത്തകനും കശ്മിര്‍ വിഷയത്തില്‍ നിരന്തരം കോളങ്ങള്‍ എഴുതുന്ന ആളുമായ ഗൗതം നവ്‌ലാഖയെ ഡല്‍ഹിയില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
റാഞ്ചിയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തനം നടത്തുന്ന ഫാദര്‍ സ്റ്റന്‍ സ്വാമിയെയും ഗോവയില്‍ എഴുത്തുകാരനും പെട്രോനെറ്റ് ഇന്ത്യ സി.ഇ.ഒയുമായ ആനന്ദ് തെല്‍തുംദെയെയും കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമമുണ്ടായി. രാജ്യത്ത് പലയിടത്തും റെയ്ഡും അറസ്റ്റും തുടരുന്നു. ആദ്യം അറസ്റ്റ് ചെയ്യപ്പെട്ടവരില്‍നിന്നു കണ്ടെടുത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് തുടര്‍ന്നുള്ള നടപടികളെന്നാണ് മുംബൈ പൊലിസ് ഭാഷ്യം.
മാവോയിസ്റ്റ് ബന്ധം ആരോപിക്കുകയും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയതിനു സമാനമായ രീതിയില്‍ രാജ്യത്ത് പ്രധാനമന്ത്രിയുള്‍പ്പെടെ പ്രമുഖരെ വകവരുത്താന്‍ ശ്രമം നടത്തുന്നതുമായുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.
ഭീമ-കൊരേഗാവ്
ദലിത് ചരിത്രത്തില്‍ മറക്കാനാവാത്ത ഒരേടാണ് ഭീമ-കൊരേഗാവ് സംഭവം. മറാത്തയിലെ ബ്രാഹ്മണ-പെഷവ രാജാക്കന്‍മാരെ ബ്രിട്ടിഷ് സൈന്യം തോല്‍പിച്ചോടിച്ചത് ഇവിടെവച്ചായിരുന്നു. ബ്രിട്ടിഷ് സൈന്യമെന്നു പറയുമ്പോള്‍ സായിപ്പന്‍മാരല്ല, ദലിത് സേനയായ മഹര്‍ ആയിരുന്നു ബ്രിട്ടിഷ് പടയുടെ മുന്നണിയില്‍. 1818 ജനുവരി ഒന്നിനായിരുന്നു സംഭവം. എല്ലാ വര്‍ഷവും ഭീമ-കൊരേഗാവിലെ യുദ്ധ സ്മാരകത്തിലേക്ക് പതിനായിരക്കണക്കിന് ദലിതര്‍ യോഗം ചേര്‍ന്നും പ്രകടനം നടത്തിയും ഈ ദിവസം ആചരിക്കുന്നു. തങ്ങളുടെ ശക്തിയും കഴിവും മറാത്ത സവര്‍ണ ശക്തികളെ തുരത്തിയതുമൊക്കെ പ്രതീകാത്മകമായി ഈ ആചരണത്തിലുണ്ട്. സ്വാഭാവികമായും മറാത്തികള്‍ ഇതിനെ ഇത്തവണയും എതിര്‍ത്തു. ബ്രിട്ടിഷുകാരുടെ ജയം ആഘോഷിക്കേണ്ടതില്ലെന്നാണ് അവരുടെ പക്ഷം. 1927ല്‍ അംബേദ്കര്‍ ഇവിടം സന്ദര്‍ശിച്ചതോടെയാണ് ബ്രിട്ടിഷ് യുദ്ധത്തില്‍നിന്ന് ഇതിന് രാഷ്ട്രീയമാനം കൈവരുന്നത്.
ഇത്തവണത്തെ ആചരണത്തിന്റെ ഭാഗമായുള്ള ഘോഷയാത്രയെ സവര്‍ണര്‍ ആക്രമിച്ചു. ഇതോടെ കലാപവും കൊള്ളയും പൊട്ടിപ്പുറപ്പെട്ടു. ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും സ്ഥാപനങ്ങളും വാഹനങ്ങളും തല്ലിത്തകര്‍ക്കപ്പെടുകയും ചെയ്തു. ദലിതരും സവര്‍ണരും പലേടത്തും ഏറ്റുമുട്ടി. ബന്ദില്‍ മഹാരാഷ്ട്ര സ്തംഭിച്ചു.
വാര്‍ഷികാചരണത്തിനു തലേന്ന് 260 സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന എല്‍ഗാര്‍ പരിഷത്ത് എന്നറിയപ്പെടുന്ന രഹസ്യയോഗത്തില്‍ ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ചിലര്‍ കലാപത്തിന് ആഹ്വാനം നടത്തിയെന്നും മറ്റുചിലര്‍ ഇതിന് സാമ്പത്തിക സഹായം നല്‍കിയെന്നും ഇനിയും ചിലര്‍ അതിന്റെ സംഘാടകരായി പ്രവര്‍ത്തിച്ചെന്നുമാണ് പൊലിസ് കണ്ടെത്തല്‍. മാവോയിസ്റ്റ് ആണ് ഇതിനുപിന്നിലെ പ്രേരകശക്തിയെന്നും ഇടത് ആഭിമുഖ്യമുള്ള കബിര്‍ കാലാ മഞ്ച്, മുംബൈ ആസ്ഥാനമായ റിപ്പബ്ലിക്കന്‍ പാന്ഥര്‍ എന്നിവയ്ക്കും സംഘാടനത്തില്‍ പങ്കുണ്ടെന്നും പൊലിസ് പറയുന്നു.
ദലിതര്‍ക്കെതിരേ
ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനി, ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് എന്നിവര്‍ക്കെതിരേയും പ്രകോപനപരമായി പ്രസ്താവനയും പ്രസംഗവും നടത്തിയെന്ന പേരില്‍ കൊരേഗാവ് സംഭവത്തിനുപിന്നാലെ കേസെടുത്തത് ദലിത് നേതാക്കള്‍ക്കെതിരേയുള്ള നീക്കത്തിന്റെ കാഴ്ചയാണ്. കൊരേഗാവില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയവര്‍ അതിനുമുന്‍പ് മാവോയിസ്റ്റ് നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നതായി പൊലിസ് പറയുന്നു.
ഇതാണ് ദലിത് പ്രവര്‍ത്തകനും മറാത്തി മാസിക വിദ്രോഹിയുടെ എഡിറ്ററുമായ സുധീര്‍ ധവാലെയെയും അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്‌ലിങിനെയും നാഗ്പൂര്‍ യുനിവേഴ്‌സിറ്റി ഇംഗ്ലിഷ് പ്രൊഫസര്‍ ശോമ സേനയെയും പി.എം.ആര്‍.ഡി ഫെലോ മഹേഷ് റാവത്തിനെയും മറ്റും അറസ്റ്റ് ചെയ്യാന്‍ കാരണമായി പറയുന്നത്.
ആന്ധ്രയില്‍ കാലാകാലങ്ങളിലുള്ള സര്‍ക്കാരുകള്‍ക്കെല്ലാം തലവേദനയായിരുന്നു കവി വരവരറാവു. അടിയന്തരാവസ്ഥയിലുള്‍പ്പെടെ നിരവധി തവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. എല്ലാ കേസുകളില്‍ നിന്നും മോചിതനുമാണ്. പൗരാവകാശ പ്രവര്‍ത്തകരില്‍ പ്രമുഖനുമാണിദ്ദേഹം. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത് മാവോയിസ്റ്റ് ബന്ധത്തിലാണെന്നു പറഞ്ഞാല്‍ വിശ്വസിക്കാനാവില്ല. പതിനൊന്നാം വയസില്‍ അമേരിക്കയില്‍നിന്ന് ഇന്ത്യയിലെത്തിയ സുധ ഭരദ്വാജ് ചത്തിസ്ഗഡില്‍ തൊഴിലാളികള്‍ക്കിടയിലും ആദിവാസികള്‍ക്കിടയിലും 30 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്നു. സുധ ഭരദ്വാജിന് സുരക്ഷാ സേനയും മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ പങ്കുണ്ടെന്ന ആരോപണമുന്നയിച്ചാണ് അറസ്റ്റ്. സുക്മയിലെ കൊണ്ടസ്വാലി ഗ്രാമത്തില്‍ 2007ല്‍ ഏഴ് ഗ്രാമീണര്‍ കൊലചെയ്യപ്പെട്ട സംഭവം അന്വേഷിച്ച മനുഷ്യാവകാശ കമ്മിഷനിലും ചത്തിസ്ഗഡ് മുക്തി മോര്‍ച്ചയിലും അംഗമാണെന്നതും ശ്രദ്ധേയം. വിവാദമായ ബിലാസ്പൂര്‍ വന്ധ്യംകരണ കൊലപാതകത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സുധ. അപ്പോള്‍ ദലിത് പ്രവര്‍ത്തകരെ അഴിക്കുള്ളിലാക്കുക എന്ന ഒറ്റനയം നടപ്പാകുന്നു എന്നാണ് ഇതിലൂടെ കാണേണ്ടത്.
പിന്നില്‍ സംഘ്പരിവാര്‍
ദലിതര്‍ക്കെതിരേ നടക്കുന്ന നീക്കങ്ങള്‍ക്കുപിന്നില്‍ സംഘ്പരിവാര്‍ ശക്തികളാണെന്ന ആരോപണം രാജ്യമെങ്ങുമുയര്‍ന്നുകഴിഞ്ഞു. സമൂഹത്തില്‍ മാന്യമായി കഴിയുന്നവരെയാണ് ആരോപണങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്ത് തുറുങ്കിലടയ്ക്കുന്നതെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.
ആംനെസ്റ്റി ഇന്റര്‍നാഷനല്‍, ഓക്‌സ്ഫാം പോലുള്ള രാജ്യാന്തര മനുഷ്യാവകാശ സംഘടനകളും അറസ്റ്റിനെ അപലപിക്കുന്നു. ഇത് അലോസരപ്പെടുത്തുന്നതും മനുഷ്യാവകാശ മൂല്യങ്ങള്‍ക്ക് ഭീഷണിയുമാണെന്ന് ഈ സംഘടനകള്‍ പറയന്നു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും പീഡിതരുടെയും ഉന്നതിക്ക് പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കുന്നത് എന്തിന്റെ പേരിലായാലും ന്യായീകരിക്കാനാവില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിനും സമാധാനത്തോടെ സംഘം ചേരാനും സഹവര്‍ത്തിക്കാനുമുള്ള അവകാശം ഇല്ലാതാകുന്നത് അസ്ഥിരതയും ഭയാശങ്കകളുമാണ് ജനങ്ങളിലുണ്ടാക്കുകയെന്ന് ഭരണാധികാരികള്‍ എന്ന് മനസിലാക്കും.
ആദിവാസി ഭൂമിയും വനപ്രദേശവും ധാതുക്കളും കവരുകയും ചെയ്യുന്ന കോര്‍പറേറ്റ് ഗ്രൂപ്പുകളുടെ ചട്ടുകമാവുകയാണ് സര്‍ക്കാര്‍. ആദിവാസികളെ പ്രതിനിധീകരിക്കുന്നവരുടെ വായ അടപ്പിച്ച് അവരെ ശബ്ദമില്ലാത്തവരുടെ ലോകത്തേക്ക് ആനയിക്കാനുള്ള ശ്രമത്തെ എതിര്‍ത്തുതോല്‍പിക്കുന്ന അവസ്ഥയുണ്ടാവുന്നത് സര്‍ക്കാരിന്റെ പതനത്തിലേക്കാവും നയിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."