കരിപ്പൂരില്‍ 32 ലക്ഷത്തിന്റെ സ്വര്‍ണവും വിദേശ സിഗരറ്റുകളും പിടികൂടി
കൊണ്ടോട്ടി: കരിപ്പൂരില്‍ മൂന്ന് യാത്രക്കാരില്‍ നിന്നായി 32 ലക്ഷത്തിന്റെ സ്വര്‍ണവും 1.30 ലക്ഷത്തിന്റെ പാകിസ്താന് നിര്‍മിത ലേപനവും വിദേശ സിഗരറ്റുകളും എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. തിങ്കളാഴ്ച പുലര്‍ച്ചെ കരിപ്പൂരിലെത്തിയ മലപ്പുറം സ്വദേശി കെ.നൗഫല്‍, കാസര്‍കോട് സ്വദേശികളായ കെ.എം അരീഫ്, എന്‍.അബ്ദുല്‍ ഖാദര്‍ എന്നിവരില്‍ നിന്നാണ് കള്ളക്കടത്ത് പിടികൂടിയത്.
ജിദ്ദയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂരിലെത്തിയ നൗഫലിന്റെ ബാഗില്‍ നിന്ന് 325 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്. സെല്ലോടാപ്പിന്റെ ഉള്ളില്‍ റിബണ്‍ രൂപത്തിലാക്കിയാണ് ഇയാള്‍ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ട്രോളി ബാഗില്‍ ഒളിപ്പിച്ചാണ് അബ്ദുല്‍ ഖാദര്‍ സ്വര്‍ണം കടത്തിയത്.ഇയാള്‍ ദുബൈയില്‍ നിന്നാണ് കരിപ്പൂരിലെത്തിയത്. 207 ഗ്രാം സ്വര്‍ണമാണ് അരീഫില് നിന്ന് കണ്ടെത്തിയത്.ദുബൈയില്‍ നിന്ന് എത്തിയ ഇയാളുടെ ബാഗിലുണ്ടായിരുന്ന സ്പീക്കറിനുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.
അരീഫിന്റെ ബാഗേജില്‍ നിന്നാണ് വിദേശ സിഗറ്റുകളും പാകിസ്താന് നിര്‍മിത ലേപനവും കണ്ടെത്തിയത്.ഒരു ലക്ഷത്തിന്റെ വിദേശ സിഗരറ്റുകളാണ് പിടിച്ചെടുത്തത്. 290 കുപ്പികളിലായാണ് ലേപനം ഉണ്ടായിരുന്നത്. 200 ശതമാനം നികുതിയാണ് പാകിസ്താന് ഉല്പന്നങ്ങള്ക്ക് നല്‍കേണ്ടത്.ഈ നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു. 30,000 രൂപയുടെ ലേപനമാണ് കണ്ടെത്തിയതെന്ന് കസ്റ്റംസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."