ദുരിതബാധിതര്‍ക്കായി മൂന്നിന് 'കാരുണ്യയാത്ര'യുമായി സ്വകാര്യ ബസുകള്‍
കോഴിക്കോട്: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസുകളും കൈകോര്‍ക്കുന്നു. സെപ്റ്റംബര്‍ മൂന്നിന് സംസ്ഥാനമൊട്ടാകെ 'കാരുണ്യയാത്ര' നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്ന് കിട്ടുന്ന തുകയില്‍ ഡീസല്‍ ചെലവ് കഴിച്ച് ബാക്കി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.
സംഘടനയ്ക്ക് കീഴിലുള്ള 10,000 ബസുകളാണ് കാരുണ്യയാത്ര നടത്തുക. ഇതില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ബസുകള്‍ ഇന്നലെ കാരുണ്യയാത്ര നടത്തിയിരുന്നു.
റോഡുകള്‍ തകര്‍ന്നതിനാല്‍ ഇടുക്കിയേയും ഒഴിവാക്കിയിട്ടുണ്ട്. ബാക്കി 11 ജില്ലകളിലെ ബസുകളാണ് മൂന്നിന് കാരുണ്യയാത്രയില്‍ പങ്കെടുക്കുന്നത്. അന്ന് ടിക്കറ്റ് നല്‍കാതെ യാത്രാക്കൂലി ബക്കറ്റില്‍ ശേഖരിക്കും. കാരുണ്യയാത്രയില്‍ വിദ്യാര്‍ഥികള്‍ കണ്സെഷന് ഒഴിവാക്കിയും സ്വന്തം വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ കാരുണ്യയാത്ര നടത്തുന്ന ബസുകളില്‍ യാത്ര ചെയ്തും ഈ ഉദ്യമം വിജയിപ്പിക്കണമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
കോഴിക്കോട് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് പ്രസിഡന്റ് എ അബ്ദുല്‍ നാസര്‍, ഭാരവാഹികളായ എം. തുളസീദാസ്, കെ.പി ശിവദാസന്‍, റിനീഷ്, എം.കെ സാജു, പി. മുഹമ്മദ്, കെ.ടി വാസുദേവന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."