എട്ട് ഉപതെരഞ്ഞെടുപ്പുകള്‍: വീണും വീണ്ടെടുത്തും മുന്നണികള്‍
അഞ്ച് വര്‍ഷത്തിനിടെ പത്ത് ഉപതെരഞ്ഞെടുപ്പുകളിലൂടെ കടന്നുപോകുകയെന്നത് കേരളത്തിന്റെ നിയമസഭാ ചരിത്രത്തില്‍ നാടാടെയാണ്. 1957 നും 2016 നും ഇടയില്‍ കേരളത്തില്‍ 41 നിയമസഭാ ഉപതെരഞ്ഞെടുപ്പ് മാത്രമാണ് നടന്നത്. എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇതുവരെ എട്ട് ഉപതെരഞ്ഞെടുപ്പുകള്‍ക്ക് കേരളം സാക്ഷ്യം വഹിച്ചു. നവംബറില്‍ ചവറയിലും കുട്ടനാട്ടിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നതോടെ ഇത് പത്താകും. യു.ഡി.എഫിന്റെ കോട്ടകളിലൊന്നായ വേങ്ങരയില്‍ തുടങ്ങിയ ഉപതെരഞ്ഞെടുപ്പ് പോരാട്ടം മഞ്ചേശ്വരം ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളിലാണ് അവസാനിച്ചത്. ഉപതെരഞ്ഞെടുപ്പുകള്‍ പൊതുവെ ഇടതുപക്ഷത്തിന് അനുകൂലമാകുമെന്ന പൊതുവാദത്തെ നിരാകരിക്കുന്നതാണ് അടുത്തിടെ നടക്കുന്ന ജനവിധികള്‍. 2009ല്‍ നടന്ന മൂന്നു ഉപതെരഞ്ഞെടുപ്പില്‍ കേരള ഉപതെരഞ്ഞെടുപ്പു ചരിത്രത്തില്‍ അന്നു വരെ നിലനിന്നിരുന്ന ട്രെന്റിന് തിരിച്ചടി നല്‍കി യു.ഡി.എഫിന് മുന്നേറ്റമുണ്ടായി. സംസ്ഥാനം ഇടതുമുന്നണി ഭരിക്കുമ്പോള്‍ ഉപതെരഞ്ഞെടുപ്പ് വിജയം നേടിയിട്ടില്ലെന്ന ചരിത്രം യു.ഡി.എഫ് തിരുത്തിക്കുറിച്ചു. കണ്ണൂര്‍, എറണാകുളം, ആലപ്പുഴ ഉപതെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നേടിയ യു.ഡി.എഫ് പുതുചരിത്രം എഴുതി.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നാലു വര്‍ഷത്തിനിടെ നടന്ന എട്ട് ഉപതെരഞ്ഞെടുപ്പുകളിലും വിജയം ഇരു മുന്നണികള്‍ക്കും നാലു വീതമായിരുന്നു. രണ്ടു സീറ്റ് കോണ്‍ഗ്രസിനു നഷ്ടമായപ്പോള്‍ ഒരു സീറ്റ് സി.പി.എമ്മില്‍ നിന്നും പിടിച്ചെടുക്കാനായി. അഞ്ചു പതിറ്റാണ്ടിലേറെ കാത്ത പാല കേരളാ കോണ്‍ഗ്രസിനെയും കൈവിട്ടതാണ് യു.ഡി.എഫിന് കിട്ടിയ ഏറ്റവും ശക്തമായ തിരിച്ചടി. എന്നാല്‍ ഇതിന്റെ കാരണം ഇന്നും തുടരുന്ന കേരളാ കോണ്‍ഗ്രസിയെ തമ്മിലടി തന്നെയായിരുന്നു. എല്‍.ഡി.എഫിന് മൂന്നു സീറ്റിന്റെ നേട്ടമുണ്ടെങ്കിലും സി.പി.എമ്മിന് സിറ്റിങ് സീറ്റായ അരൂര്‍ നഷ്ടമായി. 2016 മുതലുള്ള ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പരിശോധിച്ചാല്‍ കോട്ടകള്‍ കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞത് മുസ്‌ലിം ലീഗിന് മാത്രമാണ്.
2017 ഒക്ടോബറിലാണ് ആദ്യ ഉപതെരഞ്ഞെടുപ്പ് നടന്നത്. വേങ്ങര എം.എല്‍.എയായ മുസ്‌ലിം ലീഗിലെ പി.കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗമായതിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. ആദ്യ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പരാജയം രുചിച്ചു. 23,310 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ മുസ്‌ലിം ലീഗിന്റെ കെ.എന്‍.എ ഖാദര്‍ എല്‍.ഡി.എഫിലെ പി.പി ബഷീറിനെ പരാജയപ്പെടുത്തി. പക്ഷെ, മണ്ഡലത്തിന്റെ ചരിത്രത്തിലെ യു.ഡി.എഫിന്റെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു ഖാദറിന്റേത്.
2018 മെയിലായിരുന്നു ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഭരണത്തിന്റെ വിലയിരുത്തലാകും ചെങ്ങന്നൂരിലെ വിധിയെഴുത്ത് എന്നായിരുന്നു ഭരണപക്ഷവും പ്രതിപക്ഷവും അവകാശപ്പെട്ടത്. അന്തരിച്ച കെ.കെ രാമചന്ദ്രന്‍ നായര്‍ 2016ല്‍ നേടിയ 7,983 വോട്ടിന്റെ ഭൂരിപക്ഷം മൂന്നിരട്ടി ഉയര്‍ത്തി സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി കൂടിയായിരുന്ന സജി ചെറിയാന് ഇവിടെ നിന്നും വിജയിക്കാനായി. യു.ഡി.എഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡി വിജയകുമാറിനെ 20,956 വോട്ടിനാണ് സജി ചെറിയാന്‍ തോല്‍പ്പിച്ചത്. ത്രി കോണ മത്സരം അവകാശപ്പെട്ട് എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ബി.ജെ.പിയിലെ പി.എസ് ശ്രീധരന്‍ പിള്ളയും മത്സരംഗത്തുണ്ടായിരുന്നുവെങ്കി
പാല ഉപതെരഞ്ഞെടുപ്പ് നടന്നത് 2019 സെപ്റ്റംബറിലാണ്. കെ.എം മാണിയുടെ നിര്യാണത്തോടെ ഒഴിവു വന്ന സീറ്റില്‍ കേരള കോണ്‍്രഗസിലെ അനൈക്യത്തോടെ മത്സരത്തിനിറങ്ങിയ യു.ഡി.എഫ് നേരിട്ടത് ചരിത്ര പരാജയം. 2,943 വോട്ടിന് കേരളാ കോണ്‍ഗ്രസിലെ ജോസ് ടോമിനെ എല്‍.ഡി.എഫിലെ മാണി സി കാപ്പന്‍ പരാജയപ്പെടുത്തിയപ്പോള്‍ 54 വര്‍ഷം കെ.എം മാണി കാത്തുസൂക്ഷിച്ച മണ്ഡലമായിരുന്നു കൈവിട്ടു പോയത്. പാര്‍ട്ടി ചിഹ്നമായ രണ്ടിലയില്ലാതെയും പാര്‍ട്ടിക്കുള്ളില്‍ പി.ജെ ജോസഫുമായി എതിരിട്ടുമായിരുന്നു ജോസ്് ടോം പാലയില്‍ അങ്കത്തിനിറങ്ങിയത്. വീണ്ടും കേരളാ കോണ്‍ഗ്രസുകള്‍ക്ക് സ്വാധീനമുള്ള കുട്ടനാട് അങ്കത്തിനൊരുങ്ങുമ്പോള്‍ ഇതേ രാഷ്ട്രീയ സാഹചര്യങ്ങളാണ് തുടരുന്നതും.
2019 ഒക്‌ടോബറില്‍ സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്നത് അഞ്ചു മണ്ഡലങ്ങളിലാണ്. പി.ബി അബ്ദുള്‍ റസാഖിന്റെ മരണത്തോടെ ഒഴിവു വന്ന മഞ്ചേശ്വരത്തും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് എം.എല്‍.എമാര്‍ നിയമസഭാ അംഗത്വം ഒഴിഞ്ഞ വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകളും മണ്ഡലങ്ങളിലും. ഇതില്‍ അരൂര്‍ എല്‍.ഡി.എഫിന്റെയും ബാക്കിയെല്ലാം യു.ഡി.എഫിന്റെയും സീറ്റുകളായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അരൂര്‍ സീറ്റ് എല്‍.ഡി.എഫിന് നഷ്ടപ്പെട്ടെങ്കിലും യു.ഡി.എഫില്‍ നിന്നും വട്ടിയൂര്‍കാവും കോന്നിയും പിടിക്കാനായി. മഞ്ചേശ്വരവും എറണാകുളവും നിലനിര്‍ത്തിയ യു.ഡി.എഫ് അരൂര്‍ പിടിച്ചെടുക്കുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച 19 സീറ്റെന്ന ചരിത്ര വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് പക്ഷെ എല്‍.ഡി.എഫിനായിരുന്നു അനുകൂലമായത്.
കോന്നിയില്‍ സി.പി.എമ്മിലെ ജെ.യു ജനീഷ് കുമാര്‍ 9,953 വോട്ടിന് കോണ്‍ഗ്രസിലെ പി മോഹന്‍ രാജിനെ പരാജയപ്പെടുത്തിയപ്പോള്‍ വട്ടിയൂര്‍കാവില്‍ സി.പി.എമ്മിലെ വി.കെ പ്രശാന്ത് 14,465 വോട്ടിന് കോണ്‍ഗ്രസിലെ കെ മോഹന്‍ കുമാറിനെ പരാജയപ്പെടുത്തി.
മഞ്ചേശ്വരത്തു നിന്നും മുസ്‌ലിം ലീഗിലെ എം.സി ഖമറുദ്ദീനും എറണാകുളത്തു നിന്നും കോണ്‍ഗ്രസിലെ ടി.കെ വിനോദും അരൂരില്‍ നിന്നും ഷാനിമോള്‍ ഉസ്മാനും നിയമസഭയില്‍ യു.ഡി.എഫ് പക്ഷത്തെത്തി. മഞ്ചേശ്വരത്ത് ഖമറുദ്ദീന്‍ 7,923 വോട്ടിനായിരുന്നു ബി.ജെ.പിയിലെ രവീഷ തന്ത്രി കുണ്ടാറിനെ പരാജയപ്പെടുത്തിയത്. ഇവിടെ സി.പി.എം സ്ഥാനാര്‍ഥി എം ശങ്കര്‍ റൈ മൂന്നാം സ്ഥാനത്താണ്.
3,750 വോട്ടിന് എല്‍.ഡി.എഫ് സ്വതന്ത്രന്‍ മനു റോയിയെ ആണ് എറണാകുളത്ത് ടി.കെ വിനോദ് പരാജയപ്പെടുത്തിയത്. സി.പി.എമ്മിലെ മനു സി പുളിക്കലിനെ 2,079 വോട്ടിനാണ് ഷാനി മോള്‍ ഉസ്മാന്‍ അരൂരില്‍ തോല്‍പ്പിച്ചത്. ഉപതെരഞ്ഞെടുപ്പുകളിലെല്ലാം ബി.ജെ.പി പ്രമുഖ സ്ഥാനാര്‍ഥികളെ തന്നെ മത്സര രംഗത്തിറക്കിയെങ്കിലും മഞ്ചേശ്വരത്തൊഴികെ മറ്റൊരിടത്തും കാര്യമായ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നുമാണ് ഉപതെരഞ്ഞെടുപ്പ് പാഠം.
2016ല്‍ 91 സീറ്റുമായിട്ടാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. എട്ട് ഉപതെരഞ്ഞെടുപ്പിലൂടെ രണ്ടു സീറ്റുകള്‍ വര്‍ധിപ്പിച്ച് 93 ലെത്തി. പാലയും വട്ടിയൂര്‍കാവും കോന്നിയും ഉപതെരഞ്ഞെടുപ്പിലൂടെ പിടിച്ചെടുക്കാന്‍ കഴിഞ്ഞെങ്കിലും അരൂര്‍ കൈവിട്ടു പോയതാണ് സീറ്റുകളുടെ എണ്ണം രണ്ടാകാന്‍ കാരണം. എന്നാല്‍ എല്‍.ഡി.എഫ് സമാജികരായിരുന്ന കുട്ടനാട്ടിലെ തോമസ് ചാണ്ടിയുടെയും ചവറയിലെ എന്‍ വിജയന്‍പിള്ളയുടെയും നിര്യാണത്തോടെ സഭയിലെ ഇടതു പ്രാതിനിധ്യം 91 തന്നെയായി തുടര്‍ന്നു. ഈ രാഷ്ട്രീയ സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി എത്തിയ ഈ ഉപതെരഞ്ഞെടുപ്പുകള്‍ നിര്‍ണായകമാകുന്നത്. അഴിമതിയും സ്വര്‍ണക്കടത്തും മുഖ്യമന്ത്രിയുടെ ഓഫിസിനെ വരെ പ്രതികൂട്ടിലാക്കിയ ആരോപണങ്ങളും തുടര്‍ച്ചയായി ഉയരുന്നതോടെ സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് പിണറായി സര്‍ക്കാര്‍ അവസാന കാലത്തില്‍ കടന്നുപോകുന്നത്. യു.ഡി.എഫ്് പ്രതീക്ഷിക്കുന്നതു പോലെയുള്ള ജനവിധി ഉപതെരഞ്ഞെടുപ്പുകളില്‍ ഉണ്ടായാല്‍ അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാം. മറിച്ച് സംഭവിച്ചാല്‍ എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റ് എന്ന സാങ്കേതിക വാദം പറഞ്ഞ് യു.ഡി.ഫിന് നിസാരമായി കാണാനാവില്ല. അഞ്ചു വര്‍ഷത്തിനിടെ നിയമസഭാ അംഗങ്ങളുടെ എണ്ണത്തിലും മുന്നേറ്റമുണ്ടാക്കിയെന്ന വാദവും ഉയര്‍ത്തിയായിരിക്കും പിണറായി സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനെ നേരിടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."