വിവിധ വകുപ്പുകളുടെ വിളിച്ചറിയിക്കല്‍ ജനങ്ങള്‍ക്ക് പ്രയോജനമാകുന്നു
ആലപ്പുഴ: മഹാശുചീകരണത്തിനുശേഷം വീട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമായി വിവിധ വകുപ്പുകളുടെ നേതൃത്തിലുള്ള അനൗണ്‍സ്‌മെന്റ്. ജലഗതാഗത വകുപ്പിന്റെ ജട്ടിയില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ബോട്ടുകള്‍ പിടിക്കുന്നതും ക്യാംപംഗങ്ങള്‍ ഏതില്‍ കയറണമെന്നും എപ്പോഴും ഉച്ചഭാഷിണിയിലൂടെ അറിയിച്ചുകൊണ്ടിരുന്നു. ബോട്ടുജട്ടിക്ക് സമീപം ആരോഗ്യവകുപ്പിന്റെ എലിപ്പനിക്കുള്ള ഗുളിക സൗജന്യമായി വിതരണം ചെയ്യുന്ന വിവരം ഓരോ മിനുട്ടിന്റെ ഇടവേളകളിലും വിളിച്ചറിയിച്ചു.
ആരോഗ്യവകുപ്പ് ജീവനക്കാര്‍ എല്ലാവര്‍ക്കും ഗുളിക നല്‍കി രംഗത്തുണ്ടായിരുന്നു. എല്ലാവരും ഗുളിക കഴിക്കണമെന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഉച്ചഭാഷിണിയിലൂടെ അറിയിക്കുന്നുണ്ട്. വീട്ടിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉച്ചഭാഷിണിയിലൂടെ അറിയിച്ച് കെ.എസ്.ഇ.ബി ജീവനക്കാരും രംഗത്തുണ്ട്. പരിസരങ്ങളില്‍ പൊട്ടിക്കിടക്കുന്നതോ താഴ്ന്നുകിടക്കുന്നതോ ആയ സര്‍വിസ് വയറില്‍ അല്ലെങ്കില്‍ ലൈന്‍ കമ്പി, എര്‍ത്ത് കമ്പി എന്നിവയില്‍ സ്പര്‍ശിക്കരുത് എന്ന കാര്യവും അനൗണ്‍സ് ചെയ്തു. ഇങ്ങനെ ശ്രദ്ധയില്‍പ്പെട്ടാല്‍ കെ.എസ്.ഇ.ബി ഓഫിസിലോ 9496061061, 9188241912, 9188241913 എന്നീ നമ്പറിലോ അറിയിക്കണമെന്നും അറിയിപ്പ് നല്‍കി.
മെയിന്‍ സ്വിച്ചിലെ ഫ്യൂസ് ഊരിയശേഷം മാത്രം മെയിന്‍ സ്വിച്ച് ഓഫാക്കുക, വീട്ടിലെ കണക്ഷന്‍ സ്വയം പരിശോധിക്കാതെ പരമാവധി വയര്‍മാനെക്കൊണ്ട് പരിശോധിപ്പിക്കുക, പ്ലഗില്‍ ഘടിപ്പിച്ചിട്ടുള്ള വൈദ്യുതോപകരണങ്ങള്‍ പൂര്‍ണമായും വിഛേദിച്ചതിനുശേഷം മാത്രം മെയിന്‍ സ്വിച്ച് ഓണ്‍ചെയ്യുക തുടങ്ങി ദൈനംദിന ജീവിതത്തില്‍ ഓര്‍ത്തിരിക്കേണ്ട കൊച്ചുകാര്യങ്ങള്‍ അപ്പപ്പോള്‍ ദുരിതബാധിതര്‍ക്കായി അറിയിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."