കേരള ജനത മനുഷ്യത്വത്തിന്റെ മാതൃക: നിതാ എം അംബാനി
ഹരിപ്പാട്: കേരള ജനത മനുഷ്യത്വത്തിന്റെ മാതൃകയാണെന്ന് വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൂടെ തെളിയിച്ചിരിക്കുകയാണെന്നും, പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ കാട്ടിയ ആത്മാര്‍ത്ഥതയും ധൈര്യവും അത്യന്തം ശ്ലാഘനീയവുമാണെന്നും നിതാ എം അംബാനി പറഞ്ഞു.
റിലയന്‍സ് ഫൗണ്ടേഷന്‍ കേരളത്തിലെ പ്രളയ ബാധിത മേഖലകളില്‍ നടത്തുന്ന ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനും അവലോകനത്തിനുമായി ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട്ട് എത്തിയതായിരുന്നു അവര്‍. ദുരന്തമുഖത്ത് കേരള ജനത കാട്ടിയ ധൈര്യവും ആത്മവിശ്വാസവും ഒത്തൊരുമയുമാണ് ലോകത്തിന് മുന്നില്‍ വേറിട്ട മാതൃകയായതെന്നും അവര്‍ പറഞ്ഞു. മൂന്ന് തവണ വെള്ളപ്പൊക്കത്തിനും ദുരിതങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ആലപ്പുഴ ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ നിതാ എം അംബാനി ദുരിത കാഴ്ചകള്‍ നേരിട്ട് വിലയിരുത്തി.
ആലപ്പുഴയിലെ ഏറ്റവുമധികം പ്രളയം ബാധിക്കപ്പെട്ട പ്രദേശങ്ങളില്‍ ഒന്നായ പള്ളിപ്പാട്ട് ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടതകള്‍ നിത അംബാനി നേരിട്ട് കണ്ടു. ആലപ്പുഴയിലടക്കം കേരളത്തിലെ ദുരിത മേഖലകളില്‍ നടത്തുന്ന യഥാര്‍ഥ ദീര്‍ഘ കാല പുനരധിവാസ പ്രവര്‍ത്തന പദ്ധതികള്‍ ഒന്ന് കൂടി നേരിട്ട് വിലയിരുത്താന്‍ സന്ദര്‍ശനം സഹായകമായി. ഇന്നലെ ഉച്ചക്ക് 2.15 ഓടെ എന്‍.ടി.പിസിയുടെ ചേപ്പാട് ടൗണ്‍ഷിപ്പിലെ ഹെലിപ്പാഡില്‍ ഹെലിക്കോപ്റ്ററില്‍ എത്തിയ നിതയും സംഘവും 2.30 ഓടെ എന്‍.ടി.പി.സിയുടെ പള്ളിപ്പാട് നാലുകെട്ടും കവലയിലുള്ള പമ്പ് ഹൗസ് പരിസരത്ത് ഒരുക്കിയ പ്രത്യേക പന്തലിലും അവിടെ തന്നെ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാംപിലും ദുരിതബാധിതരേയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രകുറുപ്പിനേയും പഞ്ചായത്ത് അംഗങ്ങളേയും കണ്ട് സംസാരിച്ചു.
കേരളത്തിലെ ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യം മുഖ്യമന്ത്രിയെ അറിയിക്കുകയും നവകേരള പുനര്‍നിര്‍മാണ പ്രക്രിയയില്‍ റിലയന്‍സ് ഫൗണ്ടേഷന്‍ കാര്യമായ പങ്കു വഹിക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."